കെ.എസ്.ആര്‍.ടി.സി ശമ്പള പ്രതിസന്ധി; തൊഴിലാളികള്‍ ഇന്ന് മുതല്‍ അനിശ്ചിതകാല സമരത്തിലേക്ക്

കെഎസ്ആര്‍ടിസി ശമ്പള വിതരണം അനിശ്ചിതത്വത്തിലായ സാഹചര്യത്തില്‍ പ്രതിഷേധവുമായി തൊഴിലാളി സംഘടനകള്‍ രംഗത്ത് . സിഐടിയു ഉള്‍പ്പടെയുള്ള സംഘടനകള്‍ പ്രഖ്യാപിച്ച അനിശ്ചിതകാല സമരം ഇന്ന് ആരംഭിക്കും. എല്ലാ മാസവും അഞ്ചാം തീയതിക്കകം ശമ്പളം നല്‍കണമെന്ന കരാര്‍ ലംഘിച്ചതോടെയാണ് സമരവുമായി മുന്നോട്ടുപോകാന്‍ യൂണിയനുകള്‍ തീരുമാനിച്ചത്.

കെഎസ് ആര്‍ടിസി ആസ്ഥാനമന്ദിരത്തിന് മുന്നില്‍ ധര്‍ണ്ണ നടത്താനാണ് സിഐടിയു തീരുമാനം. സിഎംഡി ഓഫീസിന് മുന്നില്‍ രാപ്പകല്‍ സമരവുമായി ഐഎന്‍ടിയുസിയുമുണ്ട്. നാളെ മുതല്‍ സെക്രട്ടേറിയറ്റിനു മുന്നിലും, കെഎസ്ആര്‍ടിസി ജില്ലാ ആസ്ഥാനങ്ങള്‍ക്ക് മുന്നിലും അനിശ്ചിതകാല ധര്‍ണ ബിഎംഎസ് ആരംഭിക്കും. സര്‍ക്കാരില്‍ നിന്നും സഹായം ലഭിക്കാത്ത സാഹചര്യത്തില്‍, ഇരുപതാം തീയതി ആകാതെ ശമ്പളം നല്‍കാനാകില്ല എന്നാണ് മാനേജ്മെന്റ് നിലപാട്.

ഈ മാസത്തെ ശമ്പള വിതരണത്തിന് 82 കോടി രൂപയാണ് ആവശ്യം. സര്‍ക്കാര്‍ സഹായമില്ലാതെ ശമ്പള വിതരണം സാധ്യമാവില്ല. 65 കോടി രൂപ ആവശ്യപ്പെട്ട് സര്‍ക്കാരിന് രണ്ടാഴ്ച മുമ്പ് കത്ത് നല്‍കിയിട്ടുണ്ടെങ്കിലും മറുപടി ലഭിച്ചിട്ടില്ല.

പണമില്ലാത്ത സാഹചര്യത്തില്‍ കഴിഞ്ഞ മാസങ്ങളിലെ പോലെ ശമ്പളം വിതരണം ഇത്തവണയും അനിശ്ചിതത്വത്തിലാവുകയാണ്. മാര്‍ച്ച്, ഏപ്രില്‍ മാസങ്ങളില്‍ 20 ന് ശേഷമാണ് ശമ്പളം നല്‍കിയത്. ഇതാവര്‍ത്തിക്കുമെന്ന് കണ്ടാണ് യൂണിയനുകള്‍ മുന്‍കൂട്ടി സമരം പ്രഖ്യാപിച്ചിരിക്കുന്നത്.