കെ.എസ്.ആര്‍.ടി.സിയുടെ ശബരിമല സര്‍വീസുകള്‍ക്ക് അധിക നിരക്ക്; 'സ്‌പെഷ്യല്‍ സര്‍വീസില്‍' സ്വമേധയാ ഹൈക്കോടതി കേസെടുത്തു

ബരിമലയിലേക്കുള്ള കെ.എസ്.ആര്‍.ടി.സി. ബസുകളില്‍ അധിക നിരക്ക് ഈടാക്കുന്നുവെന്ന വാര്‍ത്തയില്‍ സ്വമേധയാ കേസെടുത്ത് ഹൈക്കോടതി. സ്‌പെഷ്യല്‍ സര്‍വീസ് എന്ന പേരില്‍ നടത്തുന്ന ബസ് സര്‍വീസുകളില്‍ 35 ശതമാനം അധിക നിരക്ക് ഈടാക്കുന്നുവെന്ന പരാതിയില്‍ ജസ്റ്റിസ് അനില്‍ കെ. നരേന്ദ്രനും ജസ്റ്റിസ് പി.ജി. അജിത് കുമാറും അടങ്ങിയ ദേവസ്വം ബെഞ്ചാണ് കേസെടുത്തിരിക്കുന്നത്.

എരുമേലി, റാന്നി, പത്തനംതിട്ട, കോട്ടയം തുടങ്ങിയ സ്ഥലത്തേക്ക് നിലവിലുണ്ടായിരുന്ന സര്‍വീസുകള്‍ പമ്പവരെ നീട്ടി എല്ലാം സ്‌പെഷ്യല്‍ സര്‍വീസായി മാറ്റിയിട്ടുണ്ടോ എന്ന് കോടതി ചോദിച്ചു. ഇതേ തുടര്‍ന്ന് കൂടുതല്‍ വിശദീകരണത്തിന് കെ.എസ്.ആര്‍.ടി.സി. സമയം തേടി. കേസ് വ്യാഴാഴ്ച വീണ്ടും പരിഗണിക്കുമെന്ന് കോടതി വ്യക്തമാക്കി.

കോട്ടയം, ഇടുക്കി, പത്തനംതിട്ട എന്നീ ജില്ലകളിലെമലയോരങ്ങളിലൂടെ കടന്നുപോകുന്ന സ്ഥലത്ത് ഘട്ട് റോഡ് എന്നത് കണക്കിലെടുത്ത് 25 ശതമാനം അധികചാര്‍ജ് ബസുകളില്‍ ഈടാക്കുന്നുണ്ടെന്ന് കെഎസ്ആര്‍ടിസി കോടതിയെ അറിയിച്ചു. ളാഹ മുതല്‍ പമ്പവരെയും എരുമേലി മുതല്‍ പമ്പവരെയുമാണ് ഇത്തരത്തില്‍ കൂടിയ നിരക്ക് ഈടാക്കുന്നത്. ഇതിനുപുറമെ 30 ശതമാനം കൂടിയ നിരക്കുമാണ് ബസ് ചാര്‍ജ് ഇനത്തില്‍ ഈടാക്കുന്നതെന്നും കെഎസ്ആര്‍ടിസി വ്യക്തമാക്കി.

നിലവില്‍ ഓടികൊണ്ടിരിക്കുന്ന സര്‍വീസുകള്‍ എല്ലാം സ്‌പെഷ്യല്‍ സര്‍വീസായി കണക്കാക്കാനാകുമോ എന്ന് കോടതി ആരാഞ്ഞു. പുതിയതായി ആരംഭിച്ച സര്‍വീസുകളെ സ്‌പെഷ്യല്‍ സര്‍വീസായി കണക്കാക്കാം. തീരുമാനങ്ങള്‍ എടുക്കുമ്പോള്‍ അതു യുക്തിസഹമാകണമെന്നും കോടതി പറഞ്ഞു.