ബസ് മൂടി പരസ്യം പതിച്ചു; കെ.എസ്.ആര്‍.ടി.സിയുടെ സ്‌കാനിയ ബസ് ബെംഗളൂരുവില്‍ വെച്ച് കര്‍ണാടക മോട്ടോര്‍ വാഹനവകുപ്പ് പിടിച്ചെടുത്തു

മോട്ടോര്‍വാഹന നിയമത്തിലെ ചട്ടം ലംഘിച്ച് പരസ്യം പതിച്ചതിനെ തുടര്‍ന്ന് കേരള ആര്‍.ടി.സിയുടെ സ്‌കാനിയ ബസ് കര്‍ണാടക മോട്ടോര്‍ വാഹനവകുപ്പ് പിടിച്ചെടുത്തു. ബെംഗളൂരുവില്‍ നിന്ന് കോട്ടയത്തേക്കുളള സ്‌കാനിയ ബസാണ് പിടിച്ചെടുത്തത്. ബസില്‍ പരസ്യം പതിച്ചിരിക്കുന്നത് ചട്ടലംഘനമാണെന്ന് ആരോപിച്ചാണ് ചന്ദാപുര ആര്‍.ടി.ഒയുടെ നടപടി.

ഇതാദ്യമായാണ് കെ എസ് ആര്‍ ടി സിക്ക് നേരെ ഇത്തരത്തില്‍ നടപടിയുണ്ടാകുന്നത്. മേലുദ്യോഗസ്ഥര്‍ ഇടപെടാതെ ബസ് വിട്ടുനല്‍കില്ലെന്ന നിലപാടിലാണ് മോട്ടോര്‍ വാഹനവകുപ്പ്. ബസും ജീവനക്കാരും ചന്ദാപുര ആര്‍ ടി ഓ ഓഫീസില്‍ തുടരുകയാണ്. ബസ് വിട്ടുകിട്ടാന്‍ ഉന്നതതലത്തില്‍ നടപടി നടന്നില്ലെങ്കില്‍ ഈ സര്‍വീസ് മുടങ്ങുന്ന സ്ഥിതിയാണ്.

ബസില്‍ പരസ്യം പതിക്കുന്നത് കേരളത്തില്‍ ചട്ടലംഘനമല്ലെങ്കിലും കര്‍ണാടകയില്‍ അനുവദനീയമല്ലെന്നാണ് ആര്‍.ടി.ഒ പറയുന്നത്. അന്തര്‍സംസ്ഥാന സര്‍വീസ് നടത്തുന്ന സ്വകാര്യബസുകളില്‍ യാത്രക്കാര്‍ക്ക് മോശം അനുഭവം നേരിടുന്നുവെന്ന പരാതി ഉയരുന്ന സാഹചര്യത്തില്‍ കെ.എസ്.ആര്‍.ടി.സി കൂടുതല്‍ സര്‍വീസുകള്‍ നടത്താന്‍ ഒരുങ്ങുന്നതിനിടെയാണ് കര്‍ണാടകയുടെ ഭാഗത്തുനിന്നും തിരിച്ചടി. കൊച്ചിയിലെ അമ്യുസ്‌മെന്റ് പാര്‍ക്കായ വണ്ടര്‍ലായുടെ പരസ്യമാണ് ബസില്‍ പതിപ്പിച്ചിരുന്നത്.