കെ.എസ്.ഇ.ബി ചെയര്‍മാനെ മാറ്റില്ല; തൊഴിലാളികളുടെ പ്രതിഷേധം തെറ്റല്ലെന്ന് കെ. കൃഷ്ണന്‍കുട്ടി

കെഎസ്ഇബി ചെയര്‍മാന്‍ ബി.അശോകിനെ മാറ്റാന്‍ ഉദ്ദേശമില്ലെന്ന് മന്ത്രി കെ.കൃഷ്ണന്‍കുട്ടി. ജീവനക്കാരുടെ പ്രതിഷേധം തെറ്റല്ല. നിയമവ്യവസ്ഥകള്‍ പാലിച്ചായിരിക്കണം. തര്‍ക്കങ്ങള്‍ ഒഴിവാക്കി മെച്ചപ്പെട്ട പ്രവര്‍ത്തനത്തിന് ഒരോരുത്തരും ശ്രമിക്കണം. ചെയര്‍മാനുമായി കാര്യങ്ങള്‍ സംസാരിക്കുമെന്ന് മന്ത്രി മനോരമ ന്യൂസിനോട് പറഞ്ഞു.

കെഎസ്ഇബി ചെയര്‍മാന്‍ ബി അശോകിനെ മാറ്റാന്‍ ഉദ്ദേശിക്കുന്നില്ലെന്ന് മന്ത്രി വൈദ്യുതി മന്ത്രി കെ കൃഷ്ണന്‍കുട്ടി. തൊഴിലാളികളുടെ പ്രതിഷേധം തെറ്റല്ലെന്നും നിയമവ്യവസ്ഥകള്‍ പാലിച്ചായിരിക്കണമെന്നും അദ്ദേഹം പറഞ്ഞു.

ചെയര്‍മാനുമായി കാര്യങ്ങള്‍ സംസാരിക്കും. തര്‍ക്കങ്ങള്‍ ഒഴിവാക്കി മെച്ചപ്പെട്ട പ്രവര്‍ത്തനം കാഴ്ചവെക്കാന്‍ ഓരോരുത്തരും ശ്രമിക്കണമെന്നും മന്ത്രി ആവശ്യപ്പെട്ടു.

കഴിഞ്ഞ ദിവസം കെഎസ്ഇബി ഓഫീസേഴ്സ് അസോസിയേഷന്റെ നേതൃത്വത്തില്‍ വൈദ്യുതി ബോര്‍ഡിന് മുന്നില്‍ സത്യാഗ്രഹം നടത്തിയിരുന്നു. ഇടത് സംഘടന നേതാവും കെഎസ്ഇബി ഓഫീസേഴ്സ് അസോസിയേഷന്‍ ഭാരവാഹികൂടിയായ എക്സിക്യൂട്ടിവ് എന്‍ജിനീയര്‍ ജാസ്മിനെ അകാരണമായി സസ്പെന്‍ഡ് ചെയതുവെന്ന് ആരോപിച്ചാണ് ചെയര്‍മാനെതിരെ സമരം നടത്തിയത്.

അതേ സമയം പ്രതിഷേധത്തെ നേരിടാന്‍ ചെയര്‍മാന്‍ ബി. അശോക് ഡയസ്‌നോണ്‍ പ്രഖ്യാപിക്കുകയും സത്യാഗ്രഹം നടത്തുന്നവര്‍ക്കെതിരെ അച്ചടക്ക നടപടി സ്വീകരിക്കുമെന്ന് ബോര്‍ഡ് അറിയിക്കുകയും ചെയ്തിരുന്നു. എന്നാല്‍ വിരട്ടി പിന്തിരിപ്പിക്കാന്‍ ശ്രമിക്കേണ്ടെന്നും, ചെയര്‍മാന്‍ നയങ്ങള്‍ തിരുത്താന്‍ തയ്യാറായില്ലെങ്കില്‍ അനിശ്ചിതകാല സമരവുമായി മുന്നോട്ട് പോകുമെന്നുമായിരുന്നു ഓഫിസേഴ്‌സ് അസോസിയേഷന്റെ പ്രതികരണം.