കെ.എസ്.ഇ.ബി ചെയര്‍മാന് ഗൂഢലക്ഷ്യം, വിമര്‍ശനവുമായി സി.ഐ.ടി.യു

കെ.എസ്.ഇ.ബി ചെയര്‍മാന്‍ ബി. അശോകിനെതിരെ വിമര്‍ശനവുമായി സി.ഐ.ടി.യു രംഗത്ത്. ചെയര്‍മാന് ഗൂഢലക്ഷയങ്ങളുണ്ടെന്നും, അഴിമതി മൂടിവെയ്ക്കാനും രാഷ്ട്രീയ അജണ്ട നടപ്പാക്കാനുമാണ് അദ്ദേഹം ശ്രമിക്കുന്നതെന്നും സി.ഐ.ടി.യു ആരോപിച്ചു. ഇടത് യൂണിയനുകള്‍ അധികാര ദുരുപയോഗം നടത്തിയെന്നും, കോടികളുടെ ബാധ്യത കെ.എസ്.ഇ.ബിക്ക് ഉണ്ടാക്കിയെന്നും ഉള്‍പ്പടെയുള്ള ആരോപണങ്ങള്‍ ചെയര്‍മാന്‍ ഉന്നയിച്ചതിന് പിന്നാലെയാണ് സമരസമിതി നേതാക്കള്‍ പ്രതികരണവുമായി എത്തിയത്.

കെ.എസ്.ഇ.ബി യുടെ ഔദ്യോഗിക പേജ് ദുരുപയോഗം ചെയ്തുവെന്നും നേതാക്കള്‍ ആരോപിച്ചു. ഈ അസാധാരണ നീക്കം അഴിമതിക്കും കമ്മിഷന്‍ പറ്റാനുമാണ്. കെ.എസ്.ഇ.ബി ചെയര്‍മാന്‍ അധികാര ദുര്‍വിനിയോഗം നടത്തിയെന്നും, സാമ്പത്തിക ദുര്‍വ്യയമുണ്ടാക്കുന്നുവെന്നും ആരോപിച്ചാണ് സമരസമിതി പ്രക്ഷോഭം നടത്തുന്നത്.

വിഷയത്തില്‍ നേരത്തെ പ്രതികരണവുമായി മുന്‍ വൈദ്യുതി മന്ത്രിയും സി.പി.എം സംസ്ഥാന സമിതി അംഗവുമായ എംഎം മണി എത്തിയിരുന്നു. വൈദ്യുതി ബോര്‍ഡിന്റെ ചരിത്രത്തിലെ ഏറ്റവും മികച്ച പ്രവര്‍ത്തനമാണ് കഴിഞ്ഞ തവണ നടത്തിയതെന്ന് എം.എം മണി പറഞ്ഞു. എന്ത് അടിസ്ഥാനത്തിലാണ് ഇത്തരം ആരോപണങ്ങള്‍ ഉന്നയിച്ചതെന്നും, മന്ത്രിക്ക് പറയാനുള്ളത് ചെയര്‍മാനെ കൊണ്ട് പറയിപ്പിച്ചത് ആണോ എന്നും അദ്ദേഹം ചോദിച്ചു. വിഷയത്തില്‍ മുഖ്യമന്ത്രി പിണറായി വിജയനുമായി സംസാരിച്ച ശേഷം പ്രതികരണം നടത്താമെന്നും മണി പറഞ്ഞു.

അതേസമയം മുന്നാറിലെ ഭൂമി പതിച്ചതായോ മുന്‍ സര്‍ക്കാരിന്റെ കാലത്തു അഴിമതി നടന്നെന്നോ തന്റെ പോസ്റ്റില്‍ പരാമര്‍ശമില്ലെന്നും ഭൂമി പാട്ടത്തിനു നല്‍കുമ്പോള്‍, അഥവാ മൂന്നാം കക്ഷിക്ക് കൈമാറുമ്പോള്‍ ബോര്‍ഡിനുള്ളില്‍ പാലിക്കേണ്ട ഭരണ നടപടി ക്രമം പാലിച്ചില്ല എന്നതാണ് വ്യക്തമാക്കിയതെന്നും ചെയര്‍മാന്‍ അതിന് പിന്നാലെ വിശദീകരണം നല്‍കിയിരുന്നു.