കോഴിക്കോട് പെൺകുട്ടികളെ കാണാതായ സംഭവം; പ്രതികളിൽ ഒരാൾ രക്ഷപ്പെട്ടു

കോഴിക്കോട് വെള്ളിമാടുകുന്ന് ചിൽഡ്രൻസ് ഹോമിൽ നിന്ന് പെൺകുട്ടികളെ കാണാതായ കേസിലെ പ്രതികളിൽ ഒരാൾ പൊലീസ് സ്റ്റേഷനിൽനിന്ന് ഓടി രക്ഷപ്പെട്ടു. കഴിഞ്ഞ ദിവസം പൊലീസ് പിടികൂടിയ പ്രതികളിലൊരാളായ കൊടുങ്ങല്ലൂർ സ്വദേശി ഫെബിൻ റാഫിയെയാണ് സ്റ്റേഷനിൽനിന്ന് കാണാതായത്.

ഇന്നു വൈകിട്ടാണ് കൊല്ലം സ്വദേശിയായ മറ്റൊരു പ്രതിക്കൊപ്പം ഫെബിനെയും വൈദ്യപരിശോധനയ്ക്ക് ശേഷം പൊലീസ് ചേവായൂർ സ്റ്റേഷനിലെത്തിച്ചത്. പിന്നീട് ഇവരെ മജിസ്ട്രേറ്റിനു മുന്നിൽ ഹാജരാക്കാനിരിക്കവെയാണ് പ്രതിയെ കാണാതായത്. അഞ്ചേകാലോടെയാണ് പ്രതികളായ ടോം തോമസ്, ഫെബിൻ റാഫി എന്നിവരെ വൈദ്യപരിശോധനയ്ക്ക് ശേഷം പൊലീസ് സ്റ്റേഷനിലെത്തിച്ചത്.

സ്റ്റേഷന്‍റെ പിൻവശത്ത് നിർമ്മാണം നടന്നുകൊണ്ടിരിക്കുന്ന ഭാഗത്തുകൂടിയാണ് രക്ഷപ്പെട്ടതെന്നാണ് പൊലീസ് പറയുന്നത്. എസ്‌ഐ ഉൾപ്പെടെയുള്ള പൊലീസ് ഉദ്യോഗസ്ഥർ സംഭവസമയത്ത് സ്‌റ്റേഷനിലുണ്ടായിരുന്നു. സ്റ്റേഷൻ വളപ്പിലും സമീപപ്രദേശങ്ങളിലുമെല്ലാം നാട്ടുകാരുടെ സഹായത്തോടെ പൊലീസ് തിരച്ചിൽ നടത്തിയെങ്കിലും പ്രതിയെ കണ്ടെത്താനായിട്ടില്ല.

കഴിഞ്ഞ ദിവസമാണ് ബാംഗ്ലൂരിൽ വച്ച് പെൺകുട്ടികൾക്കൊപ്പം രണ്ട് യുവാക്കളെ പിടികൂടിയത്. ഇന്ന് ഉച്ചയ്ക്ക് ശേഷമാണ് കസ്റ്റഡിയിലെടുത്ത ടോമിന്റെയും ഫെബിന്റേയും അറസ്റ്റ് രേഖപ്പെടുത്തിയത്. കൊടുങ്ങല്ലൂർ സ്വദ്ദേശി ഫെബിൻ റാഫി, കൊല്ലം സ്വദേശി ടോം തോമസ് എന്നിവരുടെ അറസ്റ്റാണ് രേഖപ്പെടുത്തിയത്. പോക്സോ 7, 8,വകുപ്പ്, ജുവനൈൽ ജസ്റ്റിസ് ആക്ട്’ 77 പ്രകാരമാണ് അറസ്റ്റ്.

ബാംഗ്ലൂരിൽ വച്ച് പെൺകുട്ടികളെ പരിചയപ്പെട്ട ടോമും ഫെബിനും ഇവരെ ഫ്ളാറ്റിലേക്ക് ക്ഷണിക്കുകയും തുടർന്ന് മദ്യം നൽകി പീഡിപ്പിക്കാൻ ശ്രമിക്കുകയും ചെയ്തിരുന്നു. ഇക്കാര്യം പെൺകുട്ടികൾ പൊലീസിന് നൽകിയ മൊഴിയിൽ പറയുന്നുണ്ട്.

Read more

കേസിൽ പെൺകുട്ടികളുടെ രഹസ്യമൊഴി രേഖപ്പെടുത്തുകയാണ്. കോഴിക്കോട് ജുഡീഷ്യൽ ഒന്നാം ക്ലാസ് മജിസ്ട്രേറ്റ് കോടതിയാണ് മൊഴി രേഖപ്പെടുത്തുന്നത്. പെൺകുട്ടികളിൽ ഒരാൾക്ക് കോവിഡ് സ്ഥിരീകരിച്ചതിനാൽ ഈ പെൺകുട്ടിയുടെ മൊഴി ഓൺലൈനായി രേഖപ്പെടുത്തും.