കൂളിമാട് പാലം തകര്‍ന്ന സംഭവം; റിപ്പോര്‍ട്ടില്‍ വ്യക്തതയില്ല, മടക്കി അയച്ച് മന്ത്രി

കോഴിക്കോട് കൂളിമാട് നിര്‍മ്മാണത്തിലിരുന്ന പാലം തകര്‍ന്ന സംഭവത്തില്‍ പൊതുമരാമത്ത് വിജിലന്‍സ് വിഭാഗം സമര്‍പ്പിച്ച അന്വേഷണ റിപ്പോര്‍ട്ടില്‍ വ്യക്തതയില്ലെന്ന് മന്ത്രി മുഹമ്മദ് റിയാസ്. മാനുഷിക പിഴവാണോ സാങ്കേതിക പിഴവാണോ പാലത്തിന്റെ തകര്‍ച്ചക്ക് കാരണമെന്ന് വ്യക്തമാക്കാന്‍ നിര്‍ദ്ദേശിച്ച് മന്ത്രി റിപ്പോര്‍ട്ട് തിരിച്ചയച്ചു.

പാലം തകര്‍ന്നതിന് കാരണം മാനുഷിക പിഴവാണെങ്കില്‍ ആവശ്യത്തിനു നൈപുണ്യ തൊഴിലാളികള്‍ ഉണ്ടായിരുന്നോ എന്നു പരിശോധിക്കണം. സുരക്ഷാ മുന്‍കരുതലുകള്‍ സ്വീകരിച്ചിരുന്നോ എന്നു വ്യക്തമാക്കണമെന്നും മന്ത്രി നിര്‍ദ്ദേശിച്ചിട്ടുണ്ട്. സംഭവത്തില്‍ കരാര്‍ കമ്പനിക്കും പൊതുമരാമത്ത് ഉദ്യോഗസ്ഥര്‍ക്കും വീഴ്ച പറ്റിയെന്നായിരുന്നു റിപ്പോര്‍ട്ട്.

നിര്‍മാണം നടക്കുമ്പോള്‍ പദ്ധതിയുടെ ചുമതലയുള്ള അസി.എക്സിക്യൂട്ടീവ് എന്‍ജിനീയറും അസി.എന്‍ജിനീയറും സ്ഥലത്തുണ്ടായിരുന്നില്ല. ഉദ്യോഗസ്ഥര്‍ അവിടെ ഇല്ലാതിരുന്നത് ഗുരുതര വീഴ്ചയാണ്.സ്പാന്‍ ഉറപ്പിക്കുമ്പോള്‍ കരാര്‍ കമ്പനിയുടെ എഞ്ചിനീയര്‍മാര്‍ മാത്രമാണ് സ്ഥലത്തുണ്ടായിരുന്നതെന്നും സുരക്ഷ ഉറപ്പാക്കുന്നതില്‍ നിര്‍മാണ കമ്പനിക്കും വീഴ്ച സംഭവിച്ചെന്നും റിപ്പോര്‍ട്ടില്‍ പറയുന്നു.

കോഴിക്കോട്-മലപ്പുറം ജില്ലകളെ ബന്ധിപ്പിക്കുന്നതാണ് പാലം. മേയ് 16ന് രാവിലെയാണ് പാലത്തിന്റെ ബീമുകള്‍ തകര്‍ന്ന് വീണത്. 3 ബീമുകളാണ് നിര്‍മാണത്തിനിടെ തകര്‍ന്നു വീണത്. അന്വേഷണ റിപ്പോര്‍ട്ട് കിട്ടിയ ശേഷം മാത്രം പാലത്തിന്റെ നിര്‍മാണം പുനരാരംഭിച്ചാല്‍ മതിയെന്നായിരുന്നു മന്ത്രി മുഹമ്മദ് റിയാസ് നിര്‍ദ്ദേശിച്ചിരുന്നത്. നിര്‍മാണത്തില്‍ അപാകതയില്ലെന്നും വീഴ്ച സംഭവിച്ചിട്ടില്ലെന്നുമായിരുന്നു ഊരാളുങ്കല്‍ സൊസൈറ്റിയുടെ വിശദീകരണം.