കൂളിമാട് പാലം തകര്‍ന്ന സംഭവം; പി.ഡബ്ലു.ഡി വിജിലന്‍സ് പരിശോധന ഇന്ന്

കോഴിക്കോട് കൂളിമാട് നിര്‍മാണത്തിലിരുന്ന പാലം തകര്‍ന്ന സംഭവത്തില്‍ ഇന്ന് പൊതുമരാമത്ത് വകുപ്പ് വിജിലന്‍സ് പരിശോധന നടത്തും. തകര്‍ന്ന പാലത്തില്‍ ഡെപ്യൂട്ടി ചീഫ് എഞ്ചിനീയറുടെ നേതൃത്വത്തിലാകും പരിശോധന. ബീമുകള്‍ തകര്‍ന്നു വീണതിന്റെ കാരണം കണ്ടെത്തുകയാണ് പരിശോധനയുടെ പ്രധാന ലക്ഷ്യം.

ഹൈഡ്രോളിക് സംവിധാനത്തില്‍ ഉണ്ടായ സാങ്കേതിക തകരാറാണ് അപകടത്തിന് കാരണമെന്നാണ് ഊരാളുങ്കല്‍ ലേബര്‍ സൊസൈറ്റി നല്‍കിയിരിക്കുന്ന വിശദീകരണം. ഇതും വിജിലന്‍സ് വിഭാഗം പരിശോധിക്കും. നിര്‍മ്മാണത്തില്‍ എന്തെങ്കിലും അപാകതകള്‍ ഉണ്ടോയെന്നും പരിശോധിക്കും. റോഡ് ഫണ്ട് ബോര്‍ഡും പാലത്തില്‍ പരിശോധന നടത്തും.

തിങ്കളാഴ്ച രാവിലെയാണ് ചാലിയാറിന് കുറുകെയായി കോഴിക്കോട്, മലപ്പുറം ജില്ലകളെ തമ്മില്‍ ബന്ധിപ്പിക്കുന്ന പാലത്തിന്റെ ബീം തകര്‍ന്ന് വീണത്. മൂന്ന് തൂണുകള്‍ക്ക് മുകളില്‍ സ്ലാബ് ഇടുന്നതിന് വേണ്ടി സ്ഥാപിച്ച ബീമുകളാണ് തകര്‍ന്നുവീണത്. ബീമിനെ താങ്ങി നിര്‍ത്തിയ ജാക്കിക്ക് പെട്ടന്നുണ്ടായ തകരാറാണ് അപകടത്തിന് കാരണമെന്നായിരുന്നു ഊരാളുങ്കല്‍ വിശദീകരണം നല്‍കിയത്. എന്നാല്‍ നിര്‍മ്മാണത്തില്‍ അഴിമതി നടന്നുവെന്നും മുഖ്യമന്ത്രിക്കും പൊതുമരാമത്ത് മന്ത്രിക്കും സംഭവത്തില്‍ പങ്കുണ്ടെന്നും അന്വേഷണം വേണമെന്നും കഴിഞ്ഞ ദിവസം മുസ്ലീം ലീഗ് നേതാവ് എം.കെ.മുനീര്‍ പറഞ്ഞു.