കൂളിമാട് പാലം തകര്‍ന്ന സംഭവം; അന്വേഷണത്തിന് ഉത്തരവിട്ടു, പാലാരിവട്ടം ഹാംഗ് ഓവര്‍ മാറാത്തവരാണ് വിമര്‍ശിക്കുന്നതെന്ന് മുഹമ്മദ് റിയാസ്

കോഴിക്കോട് കൂളിമാട് നിര്‍മ്മാണത്തിലിരുന്ന പാലം തകര്‍ന്ന സംഭവത്തില്‍ പൊതുമരാമത്ത് മന്ത്രി മുഹമ്മദ് റിയാസ് അന്വേഷണത്തിന് ഉത്തരവിട്ടു. സംഭവത്തെ കുറിച്ചുള്ള വിശദാംശങ്ങള്‍ ജനങ്ങളെ അറിയിക്കും. പാലാരിവട്ടം ഹാങ് ഓവര്‍ മാറാത്തവരാണ് ഇപ്പോള്‍ വിമര്‍ശനവുമായി രംഗത്തെത്തിയിരിക്കുന്നതെന്നും മന്ത്രി പറഞ്ഞു.

അതേസമയം പാലം തകര്‍ന്നു വീണ സംഭവത്തില്‍ പ്രധാനപ്രതി മുഖ്യമന്ത്രിയാണെന്ന് മുസ്ലീം ലീഗ് നേതാവ് എം.കെ.മുനീര്‍. സംഭവത്തില്‍ പൊതുമരാമത്ത് മന്ത്രിക്കും പങ്കുണ്ട്. പാലാരിവട്ടം പാലത്തിന്റെ കാര്യത്തില്‍ ഇടത് സര്‍ക്കാര്‍ സ്വീകരിച്ച നിലപാട് പിന്തുടരുകയാണെങ്കില്‍ മന്ത്രിക്കെതിരെ കേസെടുക്കേണ്ടതല്ലേയെന്നും അദ്ദേഹം ചോദിച്ചു. പാലം തകര്‍ന്ന സംഭവത്തില്‍ അന്വേഷണം വേണമെന്ന് ആവശ്യപ്പെട്ടുള്ള യൂത്ത് ലീഗിന്റെ ധര്‍ണ ഉദ്ഘാടനം ചെയ്ത് സംസാരിക്കുകയായിരുന്നു എം. കെ മുനീര്‍.

കോഴിക്കോട് പി ഡബ്ലുഡി ഓഫീസിന് മുന്നിലാണ് യൂത്ത് ലീഗിന്റെ ധര്‍ണ. ബീം ഉറപ്പിക്കല്‍ ശ്രദ്ധാപൂര്‍വ്വം ചെയ്യേണ്ട കാര്യമാണ്. ഒരു പരിചയവും ഇല്ലാത്ത തൊഴിലാളികളെ കൊണ്ട് ഇത് ചെയ്യിച്ചതാണ് അപകടത്തിന് കാരണം. കേരളത്തില്‍ പൊളിഞ്ഞു വീഴുന്ന പാലങ്ങളുടെ എണ്ണം കൂടുകയാണ്. ഇതേ കുറിച്ച് ശക്തമായ അന്വേഷണം ഉണ്ടാകണം എന്നും അദ്ദേഹം ആവശ്യപ്പെട്ടു.

ഇന്നലെ രാവിലെയാണ് ചാലിയാറിന് കുറുകെയായി കോഴിക്കോട്, മലപ്പുറം ജില്ലകളെ തമ്മില്‍ ബന്ധിപ്പിക്കുന്ന പാലത്തിന്റെ ബീം തകര്‍ന്ന് വീണത്. മൂന്ന് തൂണുകള്‍ക്ക് മുകളില്‍ സ്ലാബ് ഇടുന്നതിന് വേണ്ടി സ്ഥാപിച്ച ബീമുകളാണ് തകര്‍ന്നുവീണത്. ബീമിനെ താങ്ങി നിര്‍ത്തിയ ജാക്കിക്ക് പെട്ടന്നുണ്ടായ തകരാറാണ് അപകടത്തിന് കാരണമെന്നായിരുന്നു ഊരാളുങ്കല്‍ വിശദീകരണം നല്‍കിയത്.