കൂളിമാട് പാലം തകര്‍ന്ന സംഭവം; പുനര്‍നിര്‍മ്മാണം അന്വേഷണ റിപ്പോര്‍ട്ട് കിട്ടിയതിന് ശേഷം മതി: മുഹമ്മദ് റിയാസ്‌

കോഴിക്കോട് തകര്‍ന്ന് വീണ കൂളിമാട് പാലത്തിന്റെ നിര്‍മാണം പുനരാരംഭിക്കാനുള്ള ഊരാളുങ്കല്‍ സൊസൈറ്റിയുടെ നിര്‍ദ്ദേശം തള്ളി പൊതുമരാമത്ത് വകുപ്പ് മന്ത്രി മുഹമ്മദജ് റിയാസ്. നിര്‍മ്മാണത്തിലിരുന്ന പാലം തകര്‍ന്ന് വീണത് സംബന്ധിച്ച അന്വേഷണ റിപ്പോര്‍ട്ട് ലഭിച്ചതിന് ശേഷം മാത്രം നിര്‍മാണ പ്രവര്‍ത്തനങ്ങള്‍ ആരംഭിച്ചാല്‍ മതിയെന്ന് മന്ത്രി നിര്‍ദ്ദേശം നല്‍കി.

എന്നാല്‍ തകര്‍ന്ന് വീണ ബീമുകള്‍ മാറ്റുന്നതിന് തടസ്സമില്ലെന്നും വ്യക്തമാക്കി. ഇതേ തുടര്‍ന്ന് ബീമുകള്‍ ഇന്ന് മാറ്റിത്തുടങ്ങും. പൊതുമരാമത്ത് വതകുപ്പിലെ വിജിലന്‍സ് വിഭാഗമാണ് പാലം തകര്‍ന്നതിനെ കുറിച്ച് അന്വേഷണം നടത്തുന്നത്. സംഭവത്തില്‍ പൊതുമരാമത്ത് വകുപ്പ് ഉദ്യോഗസ്ഥരുടെ അസാന്നിദ്ധ്യമുള്‍പ്പെടെ അന്വേഷണ വിധേയമാണ്. സമഗ്ര റിപ്പോര്‍ട്ട് കിട്ടിയതിന് ശേഷം നടപടി സ്വീകരിക്കുമെന്നും മുഹമ്മദ് റിയാസ് കഴിഞ്ഞ ദിവസം പറഞ്ഞിരുന്നു.

അതേസമയം, പാലത്തിന്റെ ബീമുകള്‍ തകര്‍ന്ന് പത്ത് ദിവസം പിന്നിടുമ്പോഴും അപകട കാരണം വ്യക്തമായിട്ടില്ല. ഒരാഴ്ചക്കകം അന്വേഷണം നടത്തി അന്തിമ റിപ്പോര്‍ട്ട് സമര്‍പ്പിക്കുമെന്നാണ് വിജിലന്‍സ് സംഘം അറിയിച്ചിരിക്കുന്നത്.

Read more

ചാലിയാറിന് കുറുകെയായി കോഴിക്കോട്, മലപ്പുറം ജില്ലകളെ തമ്മില്‍ ബന്ധിപ്പിക്കുന്ന പാലത്തിന്റെ ബീമാണ് തകര്‍ന്ന് വീണത്. മൂന്ന് തൂണുകള്‍ക്ക് മുകളില്‍ സ്ലാബ് ഇടുന്നതിന് വേണ്ടി സ്ഥാപിച്ച ബീമുകളാണ് തകര്‍ന്നുവീണത്. ബീമിനെ താങ്ങി നിര്‍ത്തിയ ജാക്കിക്ക് പെട്ടന്നുണ്ടായ തകരാറാണ് അപകടത്തിന് കാരണമെന്നായിരുന്നു ഊരാളുങ്കല്‍ സൊസൈറ്റിയുടെ വിശദീകരണം.