ജോളിയെ നിരീക്ഷിക്കാന്‍ ജയിലില്‍ സുരക്ഷാഉദ്യോഗസ്ഥര്‍; പ്രത്യേക കൗണ്‍സിലിങ്ങും നല്‍കും

കൂടത്തായി കൊലപാതക കേസില്‍ അറസ്റ്റിലായ ജോളിക്ക് ജയിലില്‍ പ്രത്യേക കൗണ്‍സിലിങ്ങ് നല്‍കും. ജോളിയെ നിരീക്ഷിക്കാനായി സുരക്ഷാഉദ്യോഗസ്ഥരെയും നിയമിക്കും.

ജോളി മുമ്പ് ആത്മഹത്യ ചെയ്യാന്‍ ശ്രമിച്ചിരുന്നു. അതിനാല്‍ ഇനിയും ആത്മഹത്യ ചെയ്യാനുള്ള സാദ്ധ്യത കണക്കിലെടുത്താണ് ജോളിക്ക് പ്രത്യേക സുരക്ഷയും കൗണ്‍സിലിങ്ങും നല്‍കാന്‍ ഉത്തരവായത്.

ജയിലിലെത്തിച്ച ശേഷം ജോളിയുടെ പെരുമാറ്റ രീതിയിലും കാര്യമായ മാറ്റമുണ്ടെന്നും റിപ്പോര്‍ട്ടില്‍ പറയുന്നു.

ജയിലിലേക്ക് കൊണ്ടുവന്ന അന്നു തന്നെ ജോളി അസ്വസ്ഥത പ്രകടിച്ചിരുന്നു. കഴിഞ്ഞ ദിവസം തലകറക്കം കാരണം അവരെ ആശുപത്രിയില്‍ പ്രവേശിപ്പിച്ചിരുന്നു. എന്നാല്‍ കാര്യമായ അസുഖങ്ങളില്ലാത്തതിനാല്‍ ജയിലിലേക്ക് തിരികെ കൊണ്ടുവരികയായിരുന്നു.

ജയിലിലായി നാലു ദിവസം പിന്നിട്ടിട്ടും ജോളിയെ കാണാന്‍ ബന്ധുക്കള്‍ ആരും തന്നെ വന്നിട്ടില്ല. സഹോദരനോട് വസ്ത്രങ്ങളും മറ്റും കൊണ്ടു വരാന്‍ ആവശ്യപ്പെട്ടിരുന്നെങ്കിലും ഇതുവരെ നല്‍കിയിട്ടില്ലെന്നും റിപ്പോര്‍ട്ടില്‍ പറയുന്നു.

പിണറായിയില്‍ മാതാപിതാക്കളെയും മകളെയും വിഷം കൊടുത്ത് കൊന്ന കേസിലെ പ്രതി സൗമ്യ ജയിലില്‍ ആത്മഹത്യ ചെയ്യുകയായിരുന്നു. ജോളി ആത്മഹത്യ ചെയ്യുമെന്ന് സഹതടവുകാരോട് പറയുകയും ചെയ്തിരുന്നു. ഇത് മുന്നില്‍ കണ്ടുകൊണ്ടു കൂടിയാണ് ജോളിക്ക് പ്രത്യേക സുരക്ഷ ഏര്‍പ്പെടുത്തിയതെന്നും ജയിലധികൃതര്‍ പറഞ്ഞതായി റിപ്പോര്‍ട്ടുണ്ട്.