'ബി.ജെ.പിയെ അധികാരത്തില്‍ എത്തിച്ചത് കോണ്‍ഗ്രസ് നയങ്ങള്‍' സി.പി.ഐയെ തള്ളി കോടിയേരി

ബിജെപിയെ അധികാരത്തിലെത്തിച്ചത് കോണ്‍ഗ്രസ് നയങ്ങളെന്ന് സിപിഎം സംസ്ഥാന സെക്രട്ടറി കോടിയേരി ബാലകൃഷ്ണന്‍. ബിജെപിയെ പ്രതിരോധിക്കാന്‍ കോണ്‍ഗ്രസിന് കഴിയുന്നില്ലെന്ന് അദ്ദേഹം കുറ്റപ്പെടുത്തി. സംസ്ഥാന തലത്തില്‍ മതനിരപേക്ഷ ബദലുകളാണ് ആവശ്യമെന്ന് ദേശാഭിമാനിയില്‍ എഴുതിയ ലേഖലനത്തില്‍ കോടിയേരി വ്യക്തമാക്കി.

കോണ്‍ഗ്രസിന്റെ വര്‍ഗീയ പ്രീണന നയം സംഘപരിവാര്‍ ഉപയോഗപ്പെടുത്തി. സംഘപരിവാറിന്റെ വര്‍ഗീയ രാഷ്ട്രീയത്തിനെതിരെ രാഷ്ട്രീയമായോ പ്രത്യയശാസ്ത്രപരമായോ സംഘടനാപരമായോ കോണ്‍ഗ്രസ് പ്രതിരോധം തീര്‍ക്കാന്‍ തയ്യാറാകുന്നില്ല. ഇത് പാര്‍ട്ടിയുടെ തകര്‍ച്ചയിലേക്ക് നയിച്ചെന്ന് കോടിയേരി പറഞ്ഞു.

കോണ്‍ഗ്രസ് നേതാക്കള്‍ ഓരോരുത്തരായി അധികാരം തേടി ബിജെപിയിലേക്ക് ചേക്കേറി. കോണ്‍ഗ്രസ് സമീപനം മതനിരപേക്ഷ ചിന്താഗതികള്‍ക്ക് അംഗീകരിക്കാന്‍ ആവാത്തതിനാല്‍ അവര്‍ സംസ്ഥാനത്തെ മറ്റ് പ്രധാന പ്രാദേശിക കക്ഷികളിലേക്ക് കൂറുമാറിയെന്ന് കോടിയേരി വിമര്‍ശിച്ചു.

കോണ്‍ഗ്രസ് തകര്‍ന്നാല്‍ ആ തകര്‍ച്ചയുടെ ശൂന്യത നികത്താനുള്ള കെല്‍പ്പ് ഇന്ന് ഇന്ത്യയില്‍ ഇടതുപക്ഷത്തിനില്ലെന്ന് ഇന്നലെ കേന്ദ്രകമ്മിറ്റി അംഗം ബിനോയ് വിശ്വം പറഞ്ഞിരുന്നു. കോണ്‍ഗ്രസുമായി വിയോജിപ്പുണ്ടെങ്കിലും ആ പാര്‍ട്ടി തകര്‍ന്നുപോകരുതെന്നാണ് താന്‍ ആഗ്രഹിക്കുന്നതെന്നാണ് അദ്ദേഹം വ്യക്തമാക്കിയത്. ഇതിനെ പിന്തുണച്ച് സിപിഐ മുഖപത്രം ജനയുഗത്തില്‍ മുഖപ്രസംഗം വന്നിരുന്നു. കോണ്‍ഗ്രസ് ഇപ്പോഴും രാജ്യത്ത് സ്വാധീനമുള്ള മതനിരപേക്ഷ പ്രസ്ഥാനമാണ്. ഇടതുപക്ഷത്തിന് ഒറ്റക്ക് ബദല്‍ അസാധ്യമാണ്. രാഷ്ട്രീയ ബദലില്‍ കോണ്‍ഗ്രസ് അനിവാര്യ ഘടകമാണെന്നും ഇത് നിഷ്പക്ഷരും അംഗീകരിക്കുമെന്നും മുഖപ്രസംഗത്തില്‍ പറയുന്നു.