മുഖ്യതിരഞ്ഞെടുപ്പ് ഓഫീസര്‍ ഇല്ലാത്ത അധികാരം ഉപയോഗിക്കാന്‍ ശ്രമിച്ചതിനാണ് സി.പി.എം വിമര്‍ശിച്ചത്; മീണയെ മുഖ്യമന്ത്രി അനുകൂലിച്ചതില്‍ തെറ്റില്ല: കോടിയേരി ബാലകൃഷ്ണന്‍

പഞ്ചായത്തംഗത്തെ അയോഗ്യയാക്കാന്‍ ശുപാര്‍ശ ചെയ്യാന്‍ മുഖ്യതിരഞ്ഞെടുപ്പ് ഓഫീസര്‍ക്ക് അവകാശമില്ലെന്ന് സിപിഎം സംസ്ഥാന സെക്രട്ടറി കോടിയേരി ബാലകൃഷ്ണന്‍. മീണ ഇല്ലാത്ത അധികാരം ഉപയോഗിക്കാന്‍ ശ്രമിച്ചതിനാണ് സിപിഎം വിമര്‍ശിച്ചതെന്നും കോടിയേരി പറഞ്ഞു. മീണയെ മുഖ്യമന്ത്രി അനുകൂലിച്ചതില്‍ തെറ്റില്ലെന്നും അദ്ദേഹം വ്യക്തമാക്കി. ആരോടും കള്ളവോട്ട് ചെയ്യാന്‍ സിപിഎം പറഞ്ഞിട്ടില്ല. ആള്‍മാറാട്ടം നടത്തിയവര്‍ക്കെതിരേ കേസെടുക്കണമെന്നും കോടിയേരി ബാലകൃഷ്ണന്‍ വാര്‍ത്താസമ്മേളനത്തില്‍ പറഞ്ഞു.

പോസ്റ്റല്‍ വോട്ട് ശേഖരിക്കാന്‍ സിപിഎം ആരെയും നിയോഗിച്ചിട്ടില്ല. അങ്ങിനെ ആരെങ്കിലും ചെയ്‌തെങ്കില്‍ നടപടിയെടുക്കണം. അടൂര്‍ പ്രകാശിനു വേണ്ടി പൊലീസുകാര്‍ വോട്ട് ചോദിച്ചതും പുറത്തു വന്നുവെന്നും കോടിയേരി പറഞ്ഞു.

നേരത്തെ, ടിക്കാറാം മീണയെ വിമര്‍ശിച്ച് കോടിയേരി രംഗത്തെത്തിയിരുന്നു. കാസര്‍ഗോഡ് കള്ളവോട്ട് നടന്നുവെന്നത് യു.ഡി.എഫിന്റെ പ്രചാരണ തന്ത്രമാണ്. സ്വാഭാവിക നീതി നിഷേധിച്ചു കൊണ്ട് മൂന്നുപേരെ കുറ്റക്കാരായി വിധിയെഴുതുകയാണ് മുഖ്യതിരഞ്ഞെടുപ്പ് ഓഫീസര്‍ ചെയ്തത്. അത്തരത്തില്‍ ഒരു തീരുമാനമെടുക്കുന്നതിനു മുമ്പ് സ്വീകരിക്കേണ്ടുന്ന നടപടിക്രമങ്ങളൊന്നും അദ്ദേഹം പാലിച്ചതായി കാണുന്നില്ലെന്ന് കോടിയേരി കുറ്റപ്പെടുത്തിയിരുന്നു.

പഞ്ചായത്ത് മെമ്പര്‍ സ്ഥാനത്തു നിന്ന് മാറി നില്‍ക്കണമെന്ന് പറയാനുള്ള അധികാരം മുഖ്യ തിരഞ്ഞെടുപ്പ് ഓഫീസര്‍ക്കില്ല. തദ്ദേശ ഭരണസ്ഥാപനത്തിലെ അംഗത്തിന്റെ മെമ്പര്‍ സ്ഥാനം റദ്ദാക്കാന്‍ സംസ്ഥാന ഇലക്ഷന്‍ കമ്മീഷനെ അധികാരമുള്ളൂവെന്നും അദ്ദേഹം പറഞ്ഞിരുന്നു.