കൊടകര കുഴൽപ്പണ കേസ്; ഏഴര ലക്ഷം രൂപ കൂടി കണ്ടെടുത്തു, ബാക്കിത്തുക കണ്ടെത്താൻ ഊർജ്ജിത ശ്രമം

കൊടകര കുഴൽപ്പണക്കേസിൽ കൂടുതൽ കവർച്ചാ പണം കണ്ടെടുത്തു. കണ്ണൂരിൽ നിന്ന് ഏഴര ലക്ഷം രൂപയാണ് പൊലീസ് കണ്ടെടുത്തത്. കവർച്ച പണത്തിനായി ഇന്ന് കണ്ണൂരിലും കോഴിക്കോടും പരിശോധന തുടരും. പണമോ പണമിടപാടുകളോ കൃത്യമായി കണ്ടെത്തിയാൽ മാത്രമേ കവർച്ചാക്കേസിൽ കുറ്റപത്രം സമർപ്പിക്കാനാകൂ.  തട്ടിക്കൊണ്ടുപോയത് കുഴൽപ്പണമാണെന്നും 3.5 കോടിയുണ്ടായിരുന്നെന്നും കോടതിയിൽ റിപ്പോർട്ട് നൽകിയ അന്വേഷണ സംഘത്തിന് അത് തെളിയിക്കുന്ന തരത്തിലുള്ള തെളിവുകൾ കോടതിയിൽ ഹാജരാക്കണം.

കൊടകര കുഴൽപ്പണ കവർച്ച കേസിൽ ജയിലിൽ കഴിയുന്ന മൂന്ന് പ്രതികൾ കടമായി നൽകിയതും സൂക്ഷിയ്ക്കാൻ ഏൽപിച്ചതുമായ പണമാണ് അന്വേഷണ സംഘം കണ്ടെടുത്തത്. പ്രതികളായ ബഷീർ, റൗഫ്, സജീഷ് എന്നിവരെ ജയിലിൽ വെച്ച് ചോദ്യം ചെയ്തപ്പോൾ ലഭിച്ച വിവരത്തിന്റെ അടിസ്ഥാനത്തിലായിരുന്നു പരിശോധന. കണ്ണൂരിൽ നിന്നാണ് ഏഴര ലക്ഷം കണ്ടെടുത്തത്. ഇതോടെ കവർച്ച ചെയ്ത ഒന്നരക്കോടിയോളം രൂപ പൊലീസ് പിടിച്ചെടുത്തു. മൂന്നരക്കോടിയിൽ ഇനി രണ്ട് കോടി രൂപ കണ്ടെത്താനുണ്ട്.

അതേസമയം ധർമരാജൻ അന്വേഷണ സംഘം മുമ്പാകെ ബിസിനസ് സംബന്ധമായ രേഖകളുടെ പകർപ്പുകൾ ഹാജരാക്കി. സപ്ലൈകോയിൽ വിതരണക്കാരനായതിന്റെ രേഖകളാണ് ഹാജരാക്കിയത്. രേഖകളുടെ ഒറിജിനൽ ഹാജരാക്കാൻ അന്വേഷണ സംഘം ധർമരാജനോട് ആവശ്യപ്പെട്ടിട്ടുണ്ട്.