ഇനി സമയം നീട്ടില്ല;കൊടകര കേസ് ഏറ്റെടുക്കുന്നത് നവംബര്‍ 11നകം അറിയിക്കണമെന്ന് ഹൈക്കോടതി

കൊടകര കുഴല്‍പണക്കേസില്‍ നിലപാടറിയിക്കാന്‍ ഇഡിക്ക് നവംബര്‍ 11വരെ സമയമനുവദിച്ച് ഹൈക്കോടതി. കേസില്‍ അന്വേഷണം ഏറ്റെടുക്കാന്‍ സാധ്യമാണോ എന്ന് അടുത്ത 11നകം അറിയിക്കണമെന്നാണ് ഹൈക്കോടതിയുടെ കര്‍ശന നിര്‍ദ്ദേശം. നിലപാട് അറിയിക്കാന്‍ ഇനി സമയം നീട്ടിനല്‍കാനാകില്ലെന്നും ജസ്റ്റിസ് കെ ഹരിപാല്‍ അറിയിച്ചു.

ഇന്ന് എഎസ്ജിക്ക് ഹാജരാകാന്‍ കൂടുതല്‍ സമയം കേന്ദര സര്‍ക്കാര്‍ ആവശ്യപ്പെട്ടിരുന്നു. എന്നാല്‍ പരാതിക്കാരന്റെ അഭിഭാഷകന്‍ നേരത്തെ നാലുതവണ സമയം നീട്ടി നല്‍കിയെന്ന് കോടതിയെ അറിയിക്കുകയായിരുന്നു. ഇത് കണക്കിലെടുത്താണ് കോടതി കര്‍ശനം നിര്‍ദ്ദേശം ഇഡിക്ക് നല്‍കിയത്. ലോക്താന്ത്രിക് നേതാവ് സലീം മടവൂരാണ് ഹര്‍ജിക്കാരന്‍. നിയമസഭാ തിരഞ്ഞെടുപ്പ് ലക്ഷ്യമിട്ടാണ് പണം കൊണ്ടുവന്നതെന്നും, ഈ പണമാണ് കൊടകരയില്‍ പിടികൂടിയതെന്നും ഇത് എന്‍ഫോഴ്‌സ്‌മെന്റ് അന്വേഷിക്കണമെന്നുമാണ് ഹര്‍ജിക്കാരന്റെ ആവശ്യം.

മൂന്നരക്കോടി രൂപ കവര്‍ന്ന കേസില്‍ 47 ലക്ഷം രൂപയാണ് ഇതിനകം പിടികൂടിയത്. കേസില്‍ ബിജെപി സംസ്ഥാന അധ്യക്ഷന്‍ കെ സുരേന്ദ്രന്റെടക്കം പേരു.ര്‍ന്നിരുന്നു. സംഘടനാ സെക്രട്ടറി ഗണേഷിനെ അന്വേഷണ സംഘം ചോദ്യം ചെയ്യുകയും ചെയ്തിരുന്നു. കുറ്റപത്രം സമര്‍പ്പിച്ച കേസില്‍ 22 പ്രതികളെയും വിളിച്ചു വരുത്തി ചോദ്യം ചെയ്യുകയാണ് അന്വേഷണ സംഘം ഇപ്പോള്‍.