ഏഷ്യാനെറ്റ് ന്യൂസ് വ്യക്തിവിരോധം തീർക്കുകയാണ്, ഓഡിയോ ക്ലിപ്പുകളിൽ കൃത്രിമം കാണിച്ചു; നിയമനടപടി സ്വീകരിക്കുമെന്ന് കെ. സുരേന്ദ്രൻ

ഏഷ്യാനെറ്റ് ന്യൂസ് വ്യക്തി വിരോധം തീർക്കുകയാണെന്നെന്നും ചാനലിനെതിരെ നിയമ നടപടി സ്വീകരിക്കുമെന്നും ബി.ജെ.പി സംസ്ഥാന അധ്യക്ഷൻ കെ. സുരേന്ദ്രൻ പറഞ്ഞു.

ഏഷ്യാനെറ്റ് ന്യൂസ് ഓഡിയോ ക്ലിപ്പുകളിൽ കൃത്രിമം കാണിച്ച് കള്ള പ്രചാരണം നടത്തുകയാണെന്നും ഇതിന് മറ്റുള്ള ചാനലുകളിലെ സിപിഐഎം പ്രവർത്തകരെ കൂട്ടു പിടിക്കുകയാണെന്നും സുരേന്ദ്രൻ ആരോപിച്ചു.

ഏഷ്യാനെറ്റ് ന്യൂസ് വ്യക്തിവിരോധം തീർക്കുകയാണ്. ഓഡിയോ ക്‌ളിപ്പുകളിൽ കൃത്രിമം കാണിച്ച് കള്ളപ്രചാരണം നടത്തുന്നതിനെതിരെ ശക്തമായ നിയമനടപടി സ്വീകരിക്കും. മറ്റുള്ള ചാനലുകളിലെ സി.പി.ഐ.എം. പ്രവർത്തകരെയും ഇതിന് കൂട്ടുപിടിക്കുകയാണ്- സുരേന്ദ്രൻ ഫെയ്സ്ബുക്കിൽ കുറിച്ചു.

സി.കെ. ജാനുവിന്റെ എൻ.ഡി.എ. പ്രവേശനവുമായി ബന്ധപ്പെട്ട് ജാനുവിന് പ്രസീതയുടെ മധ്യസ്ഥതയിൽ 10 ലക്ഷം രൂപ സുരേന്ദ്രൻ നൽകിയതായി ആരോപണം ഉയർന്നിരുന്നു. താൻ കാശ് നൽകുന്ന വിവരം പി.കെ. കൃഷ്ണദാസ് അറിയരുതെന്നാണ് ശബ്ദരേഖയിൽ പറയുന്നത്.

കൊടകര കള്ളപ്പണക്കേസുമായി ബന്ധപ്പെട്ട മാധ്യമങ്ങൾ വ്യാജവാർത്തകളാണ് പ്രസിദ്ധീകരിക്കുന്നതെന്ന് ആരോപിച്ച് നേരത്തെയും സുരേന്ദ്രൻ രംഗത്തെത്തിയിരുന്നു.