കൊച്ചി മെട്രോ തൃപ്പൂണിത്തുറയിലേക്ക്; ട്രയൽ റൺ ഇന്ന് മുതൽ

കൊച്ചി മെട്രോ ഇനി അവസാന സ്റ്റേഷനായ തൃപ്പൂണിത്തുറയിലേക്കും എത്തുന്നു. മെട്രോയുടെ ഒന്നാം ഘട്ടത്തിലെ അവസാന സ്റ്റേഷനായ തൃപ്പൂണിത്തുറയിലേക്കുള്ള സർവീസിന്റെ ട്രയൽ റൺ ഇന്ന് മുതൽ തുടങ്ങും. ഇന്ന് രാത്രി എസ്എൻ ജംഗ്ഷൻ മുതൽ തൃപ്പൂണിത്തുറ വരെയാണ് പരീക്ഷണ ഓട്ടം നടക്കുന്നത്.

ജനുവരി ആദ്യവാരം സേഫ്‌റ്റി കമീഷണറുടെ പരിശോധന കൂടി നടത്തിയ ശേഷം‌. ജനുവരിയിൽ ആദ്യ സർവീസ് ആരംഭിക്കും. എസ്‌എൻ ജങ്ഷൻ മെട്രൊ സ്‌റ്റേഷനിൽ നിന്ന്‌ ആരംഭിച്ച്‌ മിൽമ പ്ലാ ൻറിന് മുന്നിലൂടെ‌ റെയിൽവേ മേൽപ്പാലം മുറിച്ചുകടന്ന്‌ റെയിൽപ്പാതയ്‌ക്ക്‌ പടിഞ്ഞാറ്‌ ഭാഗത്തുകൂടിയായാണ്‌ മെട്രൊലൈൻ ടെർമിനലിലേക്ക്‌ നീളുന്നത്‌.

എസ്എൻ ജംഗ്ഷനിൽ നിന്ന് തൃപ്പൂണിത്തുറ സ്റ്റേഷൻ വരെയുള്ള 1.18 കിലോമീറ്ററിന്റെ നിർമ്മാണ പ്രവർത്തനം അവസാനഘട്ടത്തിൽ എത്തി നിൽക്കുകയാണ്.സ്റ്റേഷനിലെ സിഗ്നലിന്റേയും, വയഡക്റ്റിന്റെയും നിർമ്മാണവും പൂർത്തികരിച്ചിട്ടുണ്ട്. ഒപ്പം സിഗ്നലിംഗ്, ടെലികോം, ട്രാക്ഷൻ ജോലികളും പൂർത്തിയാക്കിയിട്ടുണ്ട്.

2022 ലാണ് തൃപ്പൂണിത്തുറ സ്റ്റേഷന്റെ നിർമ്മാണത്തിന് തുടക്കമായത്. ആലുവ മുതൽ തൃപ്പൂണിത്തുറ സ്റ്റേഷൻ വരെ 25 സ്റ്റേഷനുകളുമായി 28.125 കിലോമീറ്റർ ദൈർഘ്യമാണ് കൊച്ചി മെട്രോയുടെ ഒന്നാം ഘട്ടത്തിൽ പിന്നിടുന്നത്.356 കോടിയാണ്‌ നിർമ്മാണ ചെലവ്.