ലീഗ് വിട്ട് സി.പി.എമ്മില്‍ പോകുന്നവര്‍ മതത്തില്‍ നിന്ന് അകലുന്നു, ഭിന്നത ഉണ്ടാക്കാന്‍ സി.പി.എം ശ്രമമെന്ന് കെ.എം ഷാജി

മുസ്ലിം ലീഗ് വിട്ട് സിപിഎമ്മിലേക്ക് പോകുന്നവര്‍ മതത്തിന്‍ നിന്ന് അകലുകയാണെന്ന് മുസ്ലിം ലീഗ് സംസ്ഥാന സെക്രട്ടറി കെഎം ഷാജി. സീറ്റിന്റെ പേരിലോ പ്രാദേശിക പ്രശ്‌നങ്ങളുടെ പേരിലോ പാര്‍ട്ടി വിടുന്നവര്‍ ദീനുമായി അകലുകയാണ്. ഇതിന് ഉദാഹരണങ്ങളാണ് തലശ്ശേരിയിലും പൊന്നാനിയിലും കൊടുങ്ങല്ലൂരിലും കണ്ടത്. ഈ സാഹചര്യം അനുവദിക്കാനാകില്ലെന്ന് അദ്ദേഹം പറഞ്ഞു. കോഴിക്കോട് വഖഫ് സംരക്ഷണ റാലിയില്‍ സംസാരിക്കുകയായിരുന്നു കെഎം ഷാജി.

സിപിഎമ്മിലേക്ക് പോയ മുസ്ലിം കുട്ടികള്‍ മതത്തില്‍ നിന്നുമാണ് വിട്ട് പോയത്. സിപിഎമ്മുമായി സഹകരിക്കുന്നവര്‍ എല്ലാം നശിക്കുകയാണ്. തെക്കന്‍ ജില്ലകളില്‍ ഈഴവര്‍ മുന്നേറിയപ്പോള്‍ വടക്കന്‍ ജില്ലകളിള്‍ ഈഴവര്‍ ഇപ്പോഴും സിപിഎമ്മിന്റെ തല്ലുകൊള്ളികളാണ്. അധികാരത്തിലെത്തി കഴിഞ്ഞാല്‍ സിപിഎമ്മിന് മുസ്ലിം സമുദായത്തോട് ചൊറിച്ചിലാണെന്ന് ഷാജി കുറ്റപ്പെടുത്തി. ലീഗ് നടത്തിയ പോരാട്ടത്തിന് ഒടുവിലാണ് സ്പീക്കര്‍ എംബി രാജേഷിന്റെ ഭാര്യ നിനിതക്ക് ജോലി കിട്ടിയത്.

പിഎസ്‌സി നാട്ടിലെ ഏറ്റവും വലിയ തട്ടിപ്പുസംഘമാണ്. വഖഫ് സമുദായത്തിന്റെ മുഴുവന്‍ പ്രശ്‌നമാണെന്നും ഷാജി പറഞ്ഞു. സിപിഎം ശ്രമിക്കുന്നത് സമുദായത്തിനത്ത് ഭിന്നത വളര്‍ത്താനാണ്. വഖഫ് വിവാദമുണ്ടായത് ഗുണം ചെയ്തു. അതുകൊണ്ട് കമ്മ്യൂണിസവും മാര്‍ക്സിസവും ഇസ്ലാം വിരുദ്ധമാണ് എന്ന് മനസ്സിലാക്കാന്‍ കഴിഞ്ഞു. സമുദായത്തില്‍ ഭിന്നതയുണ്ടാക്കാനുള്ള ശ്രമങ്ങള്‍ നടക്കില്ല. ലീഗിന്റെ പതാകയ്ക്ക് കീഴില്‍ നിന്ന് മുജാഹിദിനെയും സുന്നിയെയും വേര്‍തിരിക്കാനാവില്ലെന്ന് അദ്ദേഹം കൂട്ടിച്ചേര്‍ത്തു. വഖഫ് വിഷയത്തില്‍ ഇനി ചര്‍ച്ചയല്ല, നിയമം പിന്‍വലിക്കണമെന്നതാണ് ആവശ്യമെന്ന് ഷാജി പറഞ്ഞു.

വഖഫ് നിയമനങ്ങള്‍ പിഎസ്‌സിക്ക് വിട്ടതിനെതിരെയാണ് കോഴിക്കോട് ബീച്ചില്‍ മുസ്ലിം ലീഗ് പ്രതിഷേധ യോഗം നടത്തിയത്. നിയമസഭയില്‍ നിയമം റദ്ദാക്കുന്നത് വരെ പ്രതിഷേധ പരിപാടികള്‍ തുടരും. കഴിഞ്ഞ മാസം ഒമ്പതിനാണ് വഖഫ് നിയമനങ്ങള്‍ പിഎസ്‌സിക്ക് വിടുന്നതായി സര്‍ക്കാര്‍ തീരുമാനിച്ചത്. അതേസമയം പ്രതിഷേധത്തില്‍ സമസ്ത പങ്കെടുക്കില്ലെന്ന് വ്യക്തമാക്കിയിരുന്നു.