കോണ്‍ഗ്രസിലെ കുഞ്ഞു സ്ഥാനാര്‍ത്ഥി അരിതയല്ല, താരം ഒന്നരമാസം ഇളപ്പമുള്ള അഭിജിത്ത്

സംസ്ഥാനത്തെ കോണ്‍ഗ്രസിന്റെ ഏറ്റവും പ്രായം കുറഞ്ഞ സ്ഥാനാര്‍ത്ഥിയെ കുറിച്ചാണ് ചര്‍ച്ച. കെപിസിസി പ്രസിഡണ്ട് മുല്ലപ്പള്ളി രാമചന്ദ്രന്‍ കായംകുളത്തെ സ്ഥാനാര്‍ത്ഥി പ്രഖ്യാപനം നടത്തിയത് ഏറ്റവും പ്രായം കുറഞ്ഞ സ്ഥാനാര്‍ത്ഥിയെന്ന വിശേഷണത്തോടെയാണ്. കായംകുളത്തെ സ്ഥാനാര്‍ത്ഥി അരിത ബാബുവിന് 26 വയസാണ്.  എന്നാല്‍ യഥാര്‍ത്ഥത്തില്‍ കോണ്‍ഗ്രസിലെ കുഞ്ഞ് സ്ഥാനാര്‍ത്ഥി താരം അരിതയല്ല, കോഴിക്കോട് നോര്‍ത്ത് മണ്ഡലത്തില്‍ നിന്നും ജനവിധി തേടുന്ന കെഎസ്‌യു സംസ്ഥാന പ്രസിഡണ്ട് കെ എം അഭിജിത്താണ്.

26 വയസും 8 മാസവുമാണ് അഭിജിതിന്റെ പ്രായം. അരിതയേക്കാള്‍ ഒന്നരമാസം ഇളയതാണ് അഭിജിത്. അഭിജിതിന്റെ ജന്മദിനം 1994 ജൂലൈ 19 ഉം അരിതയുടേത് 1994 ജൂണ്‍ 30 ആണ്.

2015 ല്‍ ജില്ലാ പഞ്ചായത്തില്‍ കൃഷ്ണപുരം ഡിവിഷനില്‍ നിന്നും മത്സരിക്കുമ്പോള്‍ അരിതക്ക് 21 വയസ് മാത്രമായിരുന്നു പ്രായം. ആദ്യ തിരഞ്ഞെടുപ്പില്‍ തന്നെ അരിത വിജയിച്ചു. കഴിഞ്ഞ തദ്ദേശ തിരഞ്ഞെടുപ്പില്‍ പുന്നപ്ര ഡിവിഷനില്‍ നിന്നും നാമനിര്‍ദേശ പത്രിക നല്‍കിയിരുന്നുവെങ്കിലും നേതൃത്വത്തിന്റെ നിര്‍ദേശ പ്രകാരം മത്സരത്തില്‍ നിന്നും മാറി നില്‍ക്കുകയായിരുന്നു. എന്നാല്‍ പത്രിക പിന്‍വലിക്കുന്നതിന്റെ അവസാന തിയതി എത്താന്‍ വൈകിയതിനാല്‍ സ്ഥാനാര്‍ത്ഥിയായി അരിതയുമുണ്ടായിരുന്നു. കെഎസ്‌യു കായംകുളം നിയോജക മണ്ഡലം സെക്രട്ടറി, യൂത്ത് കോണ്‍ഗ്രസ് നിയോജക മണ്ഡലം സെക്രട്ടറി സ്ഥാനങ്ങള്‍ വഹിച്ചിട്ടുണ്ട്.