ആണധികാര ഇടങ്ങളിൽ ചങ്കുറപ്പോടെ പോരാടിയ ധീര വ്യക്‌തിത്വം: കെ.ആർ ഗൗരിയമ്മയെ അനുസ്‌മരിച്ച്‌ കെ.കെ രമ 

കെ.ആർ ഗൗരിയമ്മയുടെ നിര്യാണത്തിൽ അനുശോചനം രേഖപ്പെടുത്തി ആർ.എം.പി നേതാവും വടകര നിയുക്ത എം.എൽ.എയുമായ കെ.കെ രമ. സമര സന്നദ്ധതയും ധീരതയും ഉന്നത വിദ്യാഭ്യാസവുമെല്ലാം കൈമുതലായുണ്ടായിരുന്ന ഗൗരിയമ്മ കേരളത്തിന്റെ മുഖ്യമന്ത്രിയാവുമെന്ന് പ്രതീക്ഷിക്കപ്പെട്ടെങ്കിലും അതുണ്ടായില്ല. ആണധികാര  ഇടങ്ങളിൽ ചങ്കുറപ്പോടെ പോരാടിയ ധീര വ്യക്‌തിത്വം, സ്വകുടുംബ ജീവിതം പോലും ഇല്ലാതാക്കി നിലപാടിനൊപ്പം നിന്ന ആ ധീരതയോ, പതിറ്റാണ്ടുകളുടെ അനുഭവ സമ്പത്തോ അത്തരമൊരു സന്ദർഭത്തിൽ പരിഗണിക്കപ്പെട്ടില്ല. അവരേറ്റു വാങ്ങിയ ഈ അവഗണനയിൽ  ഖേദത്തോടെയും കുറ്റബോധത്തോടെയുമല്ലാതെ രാഷ്ട്രീയ കേരളത്തിന് ഗൗരിയമ്മയെ ഓർക്കാനാവില്ല എന്ന് കെ.കെ രമ തന്റെ ഫേസ്ബുക്കിൽ കുറിച്ചു.

കെ.കെ രമയുടെ ഫേസ്ബുക്ക് കുറിപ്പ്:

കേരളത്തിൻറെ രാഷ്ട്രീയ ചരിത്രത്തിൽ സമാനതകളില്ലാത്ത ഒരു  സമരാധ്യായത്തിനാണ് സഖാവ് ഗൗരിയമ്മയുടെ  വിയോഗത്തിലൂടെ തിരശ്ശീല വീഴുന്നത്. വ്യക്തിഗത ലാഭനഷ്ടവിചാരങ്ങളെ പടിക്ക്  പുറത്തുനിർത്തിയ,  വിട്ടുവീഴ്ച്ചയില്ലാത്ത നിലപാടുകളാൽ കേരളത്തെ വിസ്മയിപ്പിച്ച പോരാട്ടജീവിതമാണ് സഖാവ് ഗൗരിയമ്മ.

പെൺകുട്ടികൾ ഉന്നത വിദ്യാഭ്യാസം നേടുന്നത് അപൂർവ്വമായിരുന്ന ഒരു കാലത്ത് നിയമ പഠനത്തിൽ ബിരുദം നേടുകയും വലിയ പ്രൊഫഷണൽ  സാദ്ധ്യതകളുണ്ടായിട്ടും  മുഴുവൻ സമയ കമ്യൂണിസ്റ്റ് രാഷ്ട്രീയ പ്രവർത്തനത്തിന് സന്നദ്ധയാവുകയും ചെയ്ത പോരാളിയാണവർ.

ഐക്യ കേരള രൂപീകരണത്തിനും മുൻപ് തിരുവിതാം കൂർ / തിരു-കൊച്ചി തെരഞ്ഞെടുപ്പുകളിൽ വലിയ ഭൂരിപക്ഷത്തിലാണവർ തെരെഞ്ഞെടുക്കപ്പെട്ടത്.

1957ൽ  ഇ.എം.എസ്. നമ്പൂതിരിപ്പാട് മുഖ്യമന്ത്രിയായി നിലവിൽ വന്ന കമ്മ്യൂണിസ്റ്റ് പാർട്ടി നേതൃത്വത്തിലുള്ള ആദ്യ കേരള മന്ത്രിസഭയിലെ റവന്യൂ, എക്സൈസ്, ദേവസ്വം വകുപ്പുകളുടെ ചുമതലയുള്ള മന്ത്രിയായിരുന്നു ഗൗരിയമ്മ. കുടിയൊഴിപ്പിക്കൽ നിരോധന നിയമം, 1957ലെ ഭൂപരിഷ്കരണ ബിൽ എന്നിവ ആവിഷ്കരിക്കുന്നതിൽ പ്രധാന പങ്കു വഹിച്ചു. റവന്യൂ വകുപ്പ് മന്ത്രിയായിരുന്ന ഗൗരിയമ്മയാണ് കാർഷിക ബന്ധ ബില്ലിന്റെയും മുഖ്യശില്പി.  ആദ്യ മന്ത്രിസഭയിൽ തന്നെ ഇത്രയും പ്രാധാന്യമുളള വകുപ്പുകളും ചുമതലകളും ഏറ്റെടുക്കാനുള്ള കഴിവും പ്രാപ്തിയുമുളള സംഘാടക മികവായിരുന്നു ഗൗരിയമ്മ.

അയ്യങ്കാളിയും ശ്രീനാരായണ ഗുരുവും വി.ടി. യുമെല്ലാം നടത്തിയ സാമൂഹ്യ നവോത്ഥാന മുന്നേറ്റങ്ങളുടെ തുടർച്ചയായി ഈ നിയമങ്ങളാണ് ഇക്കാണുന്ന വിധം പുരോഗമന സ്വഭാവിയായ കേരളത്തിന് അടിത്തറ പാകിയത്.

1991 ൽ വനിതാ കമ്മീഷൻ നിയമവും ഗൗരിയമ്മ നിയമസഭയിൽ അംഗീകരിച്ച് പ്രാബല്യത്തിൽ വരുത്തി.

ആദിവാസികളുടെ താല്പര്യങ്ങൾക്ക് വിരുദ്ധമായ ബില്ല് നിയമസഭയിൽ അവതരിപ്പിക്കപ്പെട്ട സന്ദർഭത്തിൽ അതിലെ ആദിവാസി വിരുദ്ധതയെ ചോദ്യം ചെയ്ത , ആ ബില്ലിന്റെ സാധുതയോട് വിയോജിച്ച ഏക ജനപ്രതിനിധിയായിരുന്നു ഗൗരിയമ്മ. പക്ഷമേതായിരിക്കുമ്പോഴും സന്ധിയില്ലാത്ത സത്യത്തിന്റെ  രാഷ്ട്രീയമായിരുന്നു ഗൗരിയമ്മയുടേത്.

സമര സന്നദ്ധതയും ധീരതയും ഉന്നത വിദ്യാഭ്യാസവുമെല്ലാം കൈമുതലായുണ്ടായിരുന്ന ഗൗരിയമ്മ കേരളത്തിന്റെ മുഖ്യമന്ത്രിയാവുമെന്ന് പ്രതീക്ഷിക്കപ്പെട്ടെങ്കിലും അതുണ്ടായില്ല.ആണധികാര  ഇടങ്ങളിൽ ചങ്കുറപ്പോടെ പോരാടിയ ധീര വ്യക്‌തിത്വം ,സ്വകുടുംബ ജീവിതം പോലും ഇല്ലാതാക്കി നിലപാടിനൊപ്പം നിന്ന ആ ധീരതയോ , പതിറ്റാണ്ടുകളുടെ അനുഭവ സമ്പത്തോ അത്തരമൊരു സന്ദർഭത്തിൽ പരിഗണിക്കപ്പെട്ടില്ല.

അവരേറ്റു വാങ്ങിയ ഈ അവഗണനയിൽ  ഖേദത്തോടെയും കുറ്റബോധത്തോടെയുമല്ലാതെ  രാഷ്ട്രീയ കേരളത്തിന് ഗൗരിയമ്മയെ ഓർക്കാനാവില്ല.

ചരിത്രമാവുന്ന ധീരജീവിതത്തിന്

ആദരവോടെ വിട.