വന്‍ വിലയ്ക്ക് പി.പി.ഇ കിറ്റുകള്‍ വാങ്ങിയത് മുഖ്യമന്ത്രിയുടെ നിര്‍ദ്ദേശപ്രകാരം, അടിയന്തര സാഹചര്യത്തിലെ നടപടി എന്ന് കെ.കെ ശൈലജ

കോവിഡ് കാലത്ത് സര്‍ക്കാര്‍ കോടികള്‍ തട്ടിയെന്ന ആരോപണത്തിന് മറുപടിയുമായി മുന്‍ ആരോഗ്യമന്ത്രി കെകെ ശൈലജ. കോവിഡിന്റെ ആദ്യഘട്ടത്തില്‍ വന്‍ വില കൊടുത്ത് പിപിഇ കിറ്റുകള്‍ വാങ്ങിയത് മുഖ്യമന്ത്രി പിണറായി വിജയന്റെ നിര്‍ദ്ദേശപ്രകാരം ആയിരുന്നുവെന്ന് അവര്‍ വ്യക്തമാക്കി. മാര്‍ക്കറ്റില്‍ സുരക്ഷാഉപകരണങ്ങള്‍ക്ക് ക്ഷാമം നേരിട്ടിരുന്ന സമയം ആയിരുന്നുവെന്നും, അടിയന്തര സാഹചര്യത്തില്‍ സ്വീകരിച്ച നടപടിയാണെന്നും കെകെ ശൈലജ കൂട്ടിച്ചേര്‍ത്തു.

മൂന്ന് ഇരട്ടി വില നല്‍കിയായിരുന്നു പിപിഇ കിറ്റുകള്‍ വാങ്ങിയത്. 500 രൂപയ്ക്ക് കിട്ടുമായിരുന്ന കിറ്റുകള്‍ 1500 രൂപ കൊടുത്താണ് വാങ്ങിയത്. ഇതിന് പിന്നില്‍ വന്‍ അഴിമതി നടന്നിട്ടുണ്ടെന്ന ആരോപണം ശക്തമായിരുന്നു. കോവിഡ് അതിരൂക്ഷമായിരിക്കുന്ന സമയത്ത് മാര്‍ക്കറ്റില്‍ നിന്ന് സുരക്ഷാഉപകരണങ്ങളൊക്കെയും അപ്രത്യക്ഷമായി. രോഗികളെ ശുശ്രൂഷിക്കാന്‍ ആരോഗ്യപ്രവര്‍ത്തകര്‍ക്ക് പിപിഇ കിറ്റുകള്‍ ആവശ്യമാണ്. അന്വേഷിച്ചപ്പോള്‍ കിറ്റുകള്‍ ഒരു സെറ്റിന് 1500 എന്ന നിരക്കിലാണ് ലഭ്യമായിരുന്നതെന്ന് അവര്‍ പറഞ്ഞു.

എന്നാല്‍ വില നോക്കാതെ ഇവ വാങ്ങിച്ച് സംഭരിക്കാന്‍ മുഖ്യമന്ത്രി ആവശ്യപ്പെടുകയായിരുന്നു. മനുഷ്യന്റെ ജീവനാണ് വില എന്ന് മുഖ്യമന്ത്രി പറഞ്ഞു. ദുരന്തസമയത്ത് നടപടിക്രമങ്ങള്‍ പാലിക്കാതെയും സാധനങ്ങള്‍ വാങ്ങാനുള്ള അധികാരം സര്‍ക്കാരിനുണ്ടെന്ന് ശൈലജ പറഞ്ഞു. പിന്നീടാണ് 500 രൂപയ്ക്ക് പിപിഇ കിറ്റ് ലഭ്യമായി തുടങ്ങിയത്.

സര്‍ക്കാര്‍ ചെയ്ത നല്ല പ്രവര്‍ത്തനത്തെ കുറിച്ച് വ്യാജ പ്രചാരണം നടത്തി ജനങ്ങളെ തെറ്റിദ്ധരിപ്പിക്കാനുള്ള ശ്രമങ്ങള്‍ നടക്കുന്നുണ്ട്. അഴിമതി ആരോപണങ്ങള്‍ എല്ലാം അടിസ്ഥാനരഹിതമാണ്. സര്‍ക്കാരിനെതിരായ ആരോപണങ്ങള്‍ കമ്മ്യൂണിസ്റ്റുകാര്‍ ചെറുക്കണമെന്നും കെകെ ശൈലജ ആവശ്യപ്പെട്ടു.