പി. ജയരാജനെ നേരിടാന്‍ കെ.കെ രമ; സി.പി.എമ്മിന്റെ അക്രമരാഷ്ട്രീയം ഉയര്‍ത്തിക്കാട്ടുമെന്ന് ആര്‍.എം.പി; ചര്‍ച്ച ചെയ്യുമെന്നു ചെന്നിത്തല

ലോക്സഭാ തിരഞ്ഞെടുപ്പില്‍ നാലു മണ്ഡലങ്ങളില്‍ മത്സരിക്കുമെന്ന് ആര്‍.എം.പി. പാര്‍ട്ടിയുടെ ശക്തികേന്ദ്രമായ വടകരയില്‍ കെ.കെ രമ മത്സരിക്കും. ഇതിനു പുറമേ ആലത്തൂര്‍, കോഴിക്കോട്, തൃശൂര്‍ എന്നിവിടങ്ങളിലായിരിക്കും പാര്‍ട്ടി മത്സരിക്കുക. സിപിഎമ്മിന്റെ അക്രമരാഷ്ട്രീയം ഉയര്‍ത്തിക്കാട്ടുമെന്ന് ആര്‍.എം.പി വ്യക്തമാക്കി.

തിരഞ്ഞെടുപ്പ് സഹകരണം സംബന്ധിച്ച് കോണ്‍ഗ്രസുമായി ഇതുവരെ ചര്‍ച്ച നടത്തിയിട്ടില്ലെന്നും കോണ്‍ഗ്രസ് ചര്‍ച്ചയ്ക്ക് വന്നാല്‍ അക്കാര്യം പരിഗണിക്കുമെന്നും പറഞ്ഞ എന്‍.വേണു ആര്‍.എം.പിക്ക് കൂടി സ്വീകാര്യനായ സ്ഥാനാര്‍ത്ഥി വരുന്ന പക്ഷം പൊതുസ്ഥാനാര്‍ത്ഥിക്കായി ആര്‍.എം.പി സ്ഥാനാര്‍ത്ഥിയെ പിന്‍വലിക്കാന്‍ തയ്യാറാണെന്നും അദേഹം വ്യക്തമാക്കി.

വടകരയില്‍ ആര്‍എംപി ഉള്‍പ്പെടെയുള്ള മതേതര ജനാധിപത്യ ശക്തികളെ കൂടെച്ചേര്‍ത്തു കൊണ്ടുപോകുന്ന കാര്യം ചര്‍ച്ച ചെയ്യുമെന്നു പ്രതിപക്ഷ നേതാവ് രമേശ് ചെന്നിത്തല. പി.ജയരാജനെതിരെ മല്‍സരിക്കുന്ന കെ.കെ രമയ്ക്കു യുഡിഎഫ് പിന്തുണ കൊടുക്കുമോ എന്ന മാധ്യമപ്രവര്‍ത്തകരുടെ ചോദ്യത്തിനു മറുപടിയായാണു ചെന്നിത്തല ഇക്കാര്യം പറഞ്ഞത്. കെപിസിസി പ്രസിഡന്റ് ആണ് അവിടെ സിറ്റിംഗ് എംപി. അദ്ദേഹമടക്കമുള്ളവര്‍ ചര്‍ച്ച ചെയ്യണം.

സിപിഎമ്മിന്റെ അക്രരാഷ്ട്രീയത്തിനെതിരെയും ബിജെപിയുടെ വര്‍ഗീയ നിലപാടുകള്‍ക്കെതിരെയും എല്ലാ മതേതര, ജനാധിപത്യ ശക്തികളെയും ഒന്നിപ്പിച്ചു മുന്നോട്ടുപോകലാണു ലക്ഷ്യമെന്ന് അദ്ദേഹം പറഞ്ഞു.