കേരളത്തെ ഉപേക്ഷിച്ചു പോകുന്നതല്ല, തന്നെ ചവിട്ടിപ്പുറത്താക്കിയതാണ്; ഒരു മൃഗത്തെ പോലെ വേട്ടയാടിയെന്ന് സാബു ജേക്കബ്

താന്‍ കേരളത്തെ ഉപേക്ഷിച്ചു പോകുന്നതല്ല, തന്നെ ചവിട്ടിപ്പുറത്താക്കിയതാണെന്ന് കിറ്റെ‌ക്‌സ് ഗ്രൂപ്പ് എം ഡി സാബു എം ജേക്കബ്. വേദനയുണ്ട്, വിഷമമുണ്ട്. പക്ഷേ നിവൃത്തിയില്ലെന്നും സാബു ജേക്കബ് പറഞ്ഞു. തെലങ്കാനയിലേക്ക് പുറപ്പെടുംമുമ്പ് നെടുമ്പാശ്ശേരി വിമാനത്താവളത്തില്‍ മാധ്യമ പ്രവര്‍ത്തകരോട് സംസാരിക്കുകയായിരുന്നു അദ്ദേഹം.

ഒരു വ്യവസായിക്ക് വേണ്ടത് മന:സമാധാനമാണ്. എനിക്ക് കിട്ടാത്തതും അതാണ്. ഒരു മൃഗത്തെ പോലെ എന്നെ വേട്ടയാടി. 45 ദിവസം ഒരാളും തിരിഞ്ഞു നോക്കിയില്ലെന്ന് സാബു പറഞ്ഞു. താനൊരിക്കലും കേരളം വിട്ട് പോകും എന്ന് കരുതിയതല്ല, പിടിച്ച് നിൽക്കാൻ പരമാവധി ശ്രമിച്ചു. സംസ്ഥാന സർക്കാരിനെ സമ്മർദ്ദത്തിലാക്കാനല്ല ഈ യാത്രയെന്നും അദ്ദേഹം വ്യക്തമാക്കി.

കേരളത്തിൽ നിക്ഷേപം നടത്തുന്ന ചെറുപ്പക്കാരായ സംരംഭകരെ ഓർത്ത് വേദനയുണ്ട്. ഇങ്ങനെ പോയാൽ പുതിയ തലമുറയെ ഓർത്ത് നമ്മൾ ദു:ഖിക്കേണ്ടി വരും. ഇത് തന്‍റെ പ്രതിഷേധമല്ല, ഇഷ്‌ടമുണ്ടായിട്ടല്ല പോകുന്നത്. വ്യവസായ സൗഹൃദ സംസ്ഥാനങ്ങളിൽ ഒന്നാം സ്ഥാനത്ത് നിൽക്കുന്ന സംസ്ഥാനമാണ് തെലങ്കാന. അവർ സ്വകാര്യ ജെറ്റയച്ച് സർക്കാർ തലത്തിൽ ചർച്ചയ്ക്ക് ഇങ്ങോട്ട് ക്ഷണിച്ചു. അതുകൊണ്ടാണ് ആദ്യം അങ്ങോട്ട് പോകാൻ തീരുമാനിച്ചതെന്നും സാബു ജേക്കബ് വ്യക്തമാക്കി.

3,500 കോടി രൂപയുടെ നിക്ഷേപപദ്ധതി ഉപേക്ഷിച്ചുവെന്ന് താൻ പറഞ്ഞപ്പോൾ ഒരാൾ പോലും വിളിച്ചില്ല. മുഖ്യമന്ത്രി ഇക്കാര്യത്തിൽ യോഗം വിളിച്ചുവെന്ന് പറഞ്ഞു. യോഗശേഷം പുറത്തുവന്ന വ്യവസായമന്ത്രി ഉദ്യോഗസ്ഥർ ചെയ്‌തതെല്ലാം ശരിയാണെന്ന് പറഞ്ഞു. വേലി തന്നെ വിളവ് തിന്നുന്ന സ്ഥിതിയാണ്. ആരോട് പരാതി പറയാനാണെന്ന് ചോദിച്ച സാബു ജേക്കബ് എത്രയോ ദിവസമായി വേദനയോടെ ഇതെല്ലാം സഹിക്കുകയാണെന്നും മാദ്ധ്യമങ്ങളോട് പറഞ്ഞു. ഇനി ചർച്ചകളല്ല വേണ്ടതെന്നും റിസൽറ്റാണ് ഉണ്ടാകേണ്ടതെന്നും അദ്ദേഹം കൂട്ടിച്ചേർത്തു.

കിറ്റെക്‌സ് എം ഡി സാബു എം ജേക്കബിന്‍റെ നേതൃത്വത്തിലുള്ള ആറംഗ സംഘമാണ് തെലങ്കാന സർക്കാരുമായി ചർച്ച നടത്തുക. കൂടിക്കാഴ്‌ചയ്ക്കായി തെലങ്കാന സർക്കാർ അയച്ച സ്വകാര്യ ജെറ്റ് വിമാനത്തിലാണ് യാത്ര. വ്യവസായ മന്ത്രി കെ ടി രാമ റാവുവുമായും മറ്റ് ഉന്നത ഉദ്യോഗസ്ഥരുമായും സാബു ജേക്കബ് നേരത്തെ ടെലിഫോണിൽ സംസാരിച്ചിരുന്നു.