സമരങ്ങളെ ചോരയിൽ മുക്കി കൊല്ലാനാണ് മുഖ്യമന്ത്രിയുടെ ശ്രമമെങ്കിൽ കേരളം കയ്യും കെട്ടി നോക്കി നിൽക്കില്ല: രമേശ് ചെന്നിത്തല

Advertisement

 

വി.ടി ബലറാം എംഎൽഎയെയും യൂത്ത് കോൺഗ്രസ് പ്രവർത്തകരെയും പൊലീസ് മർദ്ദിച്ച സംഭവത്തിൽ വിമ‍ർശനവുമായി പ്രതിപക്ഷ നേതാവ് രമേശ് ചെന്നിത്തല. എംഎൽഎയേയും കോൺഗ്രസ് പ്രവർത്തകരേയും അതിക്രൂരമായി മർദ്ദിച്ച സംഭവം പ്രാകൃതമാണെന്നും ഇതിനു പൊലീസ് മറുപടി പറയേണ്ടി വരുമെന്നും പ്രതിപക്ഷ നേതാവ് മുന്നറിയിപ്പ് നൽകി.

സംസ്ഥാന വ്യാപകമായി സമരo നടത്തുന്ന യൂത്ത് കോൺഗ്രസ്, കെ.എസ്.യു, യൂത്ത് ലീഗ്, മഹിള കോൺഗ്രസ് പ്രവർത്തകരുടെ തലയ്ക്ക് ലാത്തി കൊണ്ട് അടിക്കുന്ന പ്രാകൃത നടപടിയാണ് പൊലീസ് നടത്തുന്നത്. ഇതു കൊണ്ടൊന്നും പ്രതിഷേധത്തെ അടിച്ചമർത്താമെന്ന വ്യാമോഹം പൊലീസിനെ നിയന്ത്രിക്കുന്ന പിണറായിക്ക് വേണ്ട എന്നും രമേശ് ചെന്നിത്തല പറഞ്ഞു.

പൊലീസ് മർദ്ദനത്തിനെതിരെ ഫെയ്സ്ബുക്ക് കുറിപ്പിലൂടെയും രമേശ് ചെന്നിത്തല പ്രതികരിച്ചു. സമാധാനപരമായി പ്രതിഷേധ സമരങ്ങൾ നടത്താൻ സാധിക്കാത്ത മണ്ണായി കേരളത്തെ മാറ്റിത്തീർക്കാനാണ് പിണറായി വിജയനും പൊലീസുകാരും ശ്രമിക്കുന്നത് എന്ന് രമേശ് ചെന്നിത്തല കുറിച്ചു.

ധാർമ്മികമായും, ഭരണഘടനാപരമായും മന്ത്രിസ്ഥാനത്ത് തുടരാൻ അവകാശമില്ലാത്ത കെ ടി ജലീലിനോട് രാജി വെയ്ക്കാൻ അവശ്യപ്പെടുന്നതിന് പകരം കേരളത്തിലെ രാഷ്ട്രീയ യുവത്വത്തിന്റെ സമരവീര്യത്തെ തെരുവിൽ ലാത്തി കൊണ്ട് തോൽപ്പിക്കാം എന്ന് നിങ്ങൾ വ്യാമോഹിക്കരുത്. സമരങ്ങളെ ചോരയിൽ മുക്കി കൊല്ലാനാണ് പിണറായി വിജയൻറെ ശ്രമമെങ്കിൽ കേരളം കയ്യും കെട്ടി നോക്കി നിൽക്കില്ല എന്നും പ്രതിപക്ഷ നേതാവ് പറഞ്ഞു.