‘പുലയന്മാര്‍ സംസ്‌കൃതം പഠിക്കണ്ട, പുലയനും പറയനും വന്നതോടെ സംസ്‌കൃത വിഭാഗത്തിന്റെ മഹിമ നശിച്ചു’; കേരള സര്‍വ്വകലാശാലയില്‍ ജാതി അധിക്ഷേപം; സംസ്‌കൃതവിഭാഗം മേധാവിയ്‌ക്കെതിരെ പരാതിയുമായി വിദ്യാര്‍ത്ഥി
കേരള സര്‍വകലാശാലയിലെ സംസ്‌കൃതവിഭാഗം മേധാവി ഡോ. സി എന്‍ വിജയകുമാരി ജാതീയമായി അധിക്ഷേപിച്ചെന്ന ആക്ഷേപവുമായി വിദ്യാര്‍ത്ഥി. കേരള സര്‍വകലാശാലയിലെ സംസ്‌കൃതവിഭാഗം മേധാവി ഡോ. സി എന്‍ വിജയകുമാരിയ്‌ക്കെതിരെ ഗവേഷക വിദ്യാര്‍ഥി വിപിന്‍ വിജയന്‍ പൊലീസില്‍ പരാതി നല്‍കി. പുലയന്മാര്‍ സംസ്‌കൃതം പഠിക്കണ്ട എന്നും പുലയനും പറയനും വന്നതോടെ സംസ്‌കൃത വിഭാഗത്തിന്റെ മഹിമ നശിച്ചു എന്നും വിജയകുമാരി ടീച്ചര്‍ പറഞ്ഞതായാണ് ഗവേഷക വിദ്യാര്‍ത്ഥിയുടെ പരാതി.
കാര്യവട്ടം ക്യാംപസില്‍ എംഫില്‍ പഠിക്കുമ്പോള്‍ ഗൈഡ് ആയിരുന്ന വിജയകുമാരി അന്നു മുതല്‍ ജാതി പറഞ്ഞ് അധിക്ഷേപിച്ചിരുന്നുവെന്നു വിപിന്റെ പരാതിയില്‍ പറയുന്നു. സംസ്‌കൃതം അറിയാത്ത വിദ്യാര്‍ഥിക്ക് സംസ്‌കൃതത്തില്‍ പിഎച്ച്ഡി നല്‍കരുതെന്ന് ആവശ്യപ്പെട്ട് സംസ്‌കൃത വകുപ്പ് മേധാവി സി.എന്‍.വിജയകുമാരി കത്ത് നല്‍കിയ സംഭവത്തിലാണ് കടുത്ത ജാതി വിവേചനത്തിനാണ് താന്‍ ഇരയാക്കാപ്പെട്ടതെന്നു വിപിന്‍ വിജയന്‍ ആരോപിച്ചത്. ജാതി വിവേചനം നേരിട്ടെന്ന് വകുപ്പ് മേധാവിയുടെ കത്തിന് പിന്നാലെ തുറന്നുപറഞ്ഞ വിപിന്‍ വിജയന്‍ വൈസ് ചാന്‍സലര്‍ക്കും കഴക്കൂട്ടം എസ്പിക്കും പരാതി നല്‍കുകയായിരുന്നു.
പുലയന്മാര്‍ സംസ്‌കൃതം പഠിക്കണ്ട എന്നും പുലയനും പറയനും വന്നതോടെ സംസ്‌കൃത വിഭാഗത്തിന്റെ മഹിമ നശിച്ചു എന്നും ടീച്ചര്‍ പഠന കാലയളവില്‍ നിരന്തരം പറഞ്ഞിരുന്നുവെന്നും വിപിനെപ്പോലുള്ള നീച ജാതികള്‍ക്ക് എത്ര ശ്രമിച്ചാലും സംസ്‌കൃതം വഴങ്ങില്ല എന്നും പറഞ്ഞു അധിക്ഷേപിച്ചുവെന്നും പരാതിയില്‍ പറയുന്നുണ്ട്. തന്റെ പ്രബന്ധത്തിന് ഗവേഷണ ബിരുദത്തിന് വിസി നിയമിച്ച വിഷയവിദഗ്ധര്‍ ശുപാര്‍ശ ചെയ്തിട്ടും ഗവേഷണബിരുദം നല്‍കരുതെന്ന് വിജയകുമാരി നിയമവിരുദ്ധമായി ശുപാര്‍ശ ചെയ്യുകയായിരുന്നുവെന്നും സംസ്‌കൃത മേധാവിയുടെ കത്ത് സംബന്ധിച്ച വിഷയത്തില്‍ വിപിന്‍ പരാതിപ്പെട്ടു. വിജയകുമാരിക്കെതിരെ പട്ടികജാതി പട്ടികവര്‍ഗ അതിക്രമം തടയല്‍ നിയമപ്രകാരം കേസെടുക്കണമെന്നാണ് പരാതിയിലെ പ്രധാന ആവശ്യം.
കേരള സര്‍വകലാശാലയിലെ ജാതി അധിക്ഷേപം നിര്‍ഭാഗ്യകരമായ സംഭവമാണെന്നും അന്വേഷണം നടത്തുമെന്നും മന്ത്രി ആര്‍. ബിന്ദു പറഞ്ഞു. അധ്യാപകരുടെ ഭാഗത്തുനിന്ന് ഒരിക്കലും ഉണ്ടാകാന്‍ പാടില്ലാത്ത കാര്യമാണിതെന്നും ഒരു കുട്ടിയോടും അധ്യാപകര്‍ ഈ നിലയില്‍ പെരുമാറാന്‍ പാടില്ലെന്നും മന്ത്രി പറഞ്ഞു.
Read more
രണ്ടു ദിവസം മുന്‍പാണ് വിദ്യാര്‍ഥിയുടെ ഫെയ്‌സ്ബുക്ക് പോസ്റ്റ് ശ്രദ്ധയില്‍പ്പെട്ടത്. സംഭവത്തില്‍ അന്വേഷണം നടത്തും. സര്‍വകലാശാലയുടെ ഉന്നത സ്ഥാനങ്ങളില്‍ ഇരിക്കുന്നവര്‍ക്ക് പക്വതയും മാന്യതയും അന്തസും പുലര്‍ത്തേണ്ട ബാധ്യതയുണ്ട്. മുന്‍വിധിയോടെയുള്ള പെരുമാറ്റം ഉണ്ടാകാന്‍ പാടില്ലാത്തതായിരുന്നു.







