മദ്യപാനത്തില്‍ ദേശീയ ശരാശരിയെ കടത്തി വെട്ടി കേരളം; ആലപ്പുഴയ്ക്ക് ഇഷ്ടം റം, കോട്ടയത്തിന് ഇഷ്ടം ബ്രാന്‍ഡി

മദ്യപാനത്തിന്റെ കാര്യത്തില്‍ ദേശിയ ശരാശരിയെക്കാളും മുന്നിലാണ് കേരളമെന്ന് റിപ്പോര്‍ട്ട്. ദേശീയ കുടുംബാരോഗ്യ സര്‍വേ പ്രകാരമാണ് കേരളത്തില്‍ മദ്യപിക്കുന്നവരുടെ എണ്ണം കൂടുതലാണെന്ന് കണ്ടെത്തിയിരിക്കുന്നത്.

കേരളത്തിലെ ഗ്രാമീണ മേഖലകളിലെ 18.7 ശതമാനം പുരുഷന്മാരും, നഗരമേഖലയിലെ 21 ശതമാനം പുരുഷന്മാരും മദ്യപിക്കുന്നവരാണ് എന്ന് സര്‍വേ പറയുന്നു. ആലപ്പുഴ ജില്ലയിലാണ് ഏറ്റവും കൂടുതല്‍ മദ്യപാനം. 29 ശതമാനം പുരുഷന്മാരും മദ്യപിക്കുന്നവരാണ്. 0.2 ശതമാനം മാത്രമാണ് സ്ത്രീകളുടെ മദ്യപാനം. ബിവറേജസ് കോര്‍പ്പറേഷന്റെ കണക്കുകള്‍ പ്രകാരം റം ആണ് ആലപ്പുഴക്കാര്‍ക്ക് ഏറെ പ്രിയം. ഇവിടെ കഴിഞ്ഞ മാസം 90,684 കെയ്സ് റം ആണ് വിറ്റത്. ഇത് കൂടാതെ 1.4 ലക്ഷം ബിയറും വിറ്റഴിക്കപ്പെട്ടു.

മദ്യപിക്കുന്നവരുടെ എണ്ണത്തില്‍ കോട്ടയമാണ് രണ്ടാം സ്ഥാനത്ത്. ഇവിടെ 27.4 ശതമാനം പുരുഷന്മാരും 0.6 ശതമാനം സ്ത്രീകളുമാണ് മദ്യപിക്കുന്നത്. ബ്രാന്‍ഡിയാണ് കോട്ടയത്തുള്ളവരുടെ ഇഷ്ട മദ്യം എന്ന് ബിവറേജസ് കോര്‍പ്പറേഷന്‍ കണക്കുകള്‍ സൂചിപ്പിക്കുന്നു. തൃശൂര്‍ ജില്ലയാണ് മൂന്നാം സ്ഥാനത്ത്. ഇവിടെ 26.2 ശതമാനം പുരുഷന്മാരും, 0.2 ശതമാനം സ്ത്രീകളും മദ്യപിക്കുന്നുണ്ടെന്ന് കുടുംബാരോഗ്യ സര്‍വേ പറയുന്നു.

മലപ്പുറത്താണ് ഏറ്റവും കുറച്ച് മദ്യപാനികള്‍ ഉള്ളത്. 7.7 ശതമാനം പുരുഷന്മാരാണ് മലപ്പുറത്ത് മദ്യം ഉപയോഗിക്കുന്നത്. ഏറ്റവും കൂടുതല്‍ സ്ത്രീകള്‍ മദ്യപിക്കുന്ന ജില്ല വായനാടാണ്. ഇവിടെ 1.2 ശതമാനം സ്ത്രീകളാണ് മദ്യപിക്കുന്നത്. തൃശൂര്‍, മലപ്പുറം, എറണാകുളം, ഇടുക്കി, കണ്ണൂര്‍, കാസർഗോഡ്, പാലക്കാട്, വയനാട് എന്നിവിടങ്ങളിലുള്ളവര്‍ക്കും ബ്രാന്‍ഡിയോടാണ് പ്രിയം. മറ്റു ജില്ലക്കാര്‍ക്ക് റമ്മിനോടാണ് താത്പര്യം കൂടുതല്‍.

ദേശീയ തലത്തില്‍ 15 വയസിന് മുകളില്‍ ഉള്ള മദ്യപിക്കുന്നവരുടെ ശരാശരി 18.8 ആണ്. പക്ഷേ കേരളത്തില്‍ ഇത് 19.9 ആണെന്നും സര്‍വേ സൂചിപ്പിക്കുന്നു.