'കേരളത്തിന്റെ ആരോഗ്യരംഗം വെന്റിലേറ്ററിൽ, ചികിത്സ വേണ്ടത് ആരോഗ്യവകുപ്പിനാണ്'; വിഡി സതീശൻ

ഡോ. ഹാരിസ് ചിറയ്ക്കലിന്റെ വെളിപ്പെടുത്തൽ ഞെട്ടിക്കുന്നതാണെന്ന് പ്രതിപക്ഷ നേതാവ് വിഡി സതീശൻ. സംസ്ഥാനത്തെ എല്ലാ മെഡിക്കൽ കോളേജുകളിലും സമാന സാഹചര്യമാണ് ഉളളതെന്നും വിഡി സതീശൻ പറഞ്ഞു. മെഡിക്കൽ കോളേജുകളിൽ സർജിക്കൽ ഉപകരണങ്ങളില്ലെന്നും രോഗി തന്നെ ഉപകരണങ്ങൾ കൊണ്ടുവന്നാൽ മാത്രം ശസ്ത്രക്രിയ എന്ന സ്ഥിതിയാണുളളതെന്നും സതീശൻ കുറ്റപ്പെടുത്തി.

‘നിലമ്പൂർ ഉപതിരഞ്ഞെടുപ്പ് കാലത്തും പ്രതിപക്ഷം ആവർത്തിച്ച് പറഞ്ഞ കാര്യമാണിത്. ആരോഗ്യ പദ്ധതികളെല്ലാം നിലച്ചു. മെഡിക്കൽ സർവീസസ് കോർപ്പറേഷന് സർക്കാർ നൽകാനുളളത് കോടികളാണ്. വീണാ ജോർജ്ജ് പറഞ്ഞത് റിപ്പോർട്ട് തേടുമെന്നാണ്. നിരുത്തരവാദപരമായ മറുപടിയായിരുന്നു അത്. ആരോഗ്യമന്ത്രി ആയതിനുശേഷം അവർ റിപ്പോർട്ട് തേടിയ സംഭവങ്ങൾ പരിശോധിക്കണം. പിആർ വർക്കല്ല യഥാർത്ഥ ആരോഗ്യ കേരളം. ചികിത്സ വേണ്ടത് ആരോഗ്യവകുപ്പിനാണ്’- വിഡി സതീശൻ പറഞ്ഞു.

Read more

സംസ്ഥാനത്ത് പകർച്ച വ്യാധികൾ വർധിക്കുകയാണെന്നും അത് തടയാനുളള സംവിധാനങ്ങൾ സർക്കാരിനില്ലെന്നും അദ്ദേഹം കുറ്റപ്പെടുത്തി. കോവിഡിന് ശേഷം മരണനിരക്ക് വർധിച്ചു. സർക്കാരിന്റെ കയ്യിൽ ഇതുസംബന്ധിച്ച ഒരു ഡാറ്റയുമില്ല. മന്ത്രിയുടെ ഓഫീസ് ഭരിക്കുന്നത് മറ്റാരോ ആണ്. കേരളത്തിന്റെ ആരോഗ്യരംഗം വെന്റിലേറ്ററിലാണ്’- വിഡി സതീശൻ കൂട്ടിച്ചേർത്തു.