ജീവിതം വഴിമുട്ടി, വൃക്കയും കരളും വില്‍പ്പനയ്ക്ക് വെച്ച് ദമ്പതികള്‍; 'കേരളത്തിനു നാണക്കേട്', സോഷ്യല്‍ മീഡിയയില്‍ ആളിക്കത്തി; പിന്നാലെ നടപടിയുമായി പൊലീസ്

ജീവിതം വഴിമുട്ടിയതിനെ തുടര്‍ന്ന് വൃക്കയും കരളും വില്‍പ്പനയ്ക്ക് വെച്ച് ദമ്പതികള്‍. തിരുവനന്തപുരം കുര്യാത്തി സ്വദേശി സന്തോഷ് കുമാറും ഭാര്യയുമാണ് വാടകവീടിന് മുന്നില്‍ വൃക്കയും കരളും വില്‍പ്പനയ്ക്കായുള്ള ബോര്‍ഡ് വെച്ചത്. ‘കേരളത്തിനു നാണക്കേട്’ എന്ന പേരില്‍ ഈ ചിത്രങ്ങള്‍ സാമൂഹ്യമാധ്യമങ്ങളിലൂടെ പ്രചരിച്ചിരുന്നു.

ഉപജീവനമായിരുന്ന കടമുറിയെ ചൊല്ലി സഹോദരനുമായി തര്‍ക്കമായതോടെയാണ് ജീവിതം വഴിമുട്ടി ഇവര്‍ അവയവങ്ങള്‍ വില്‍പ്പനയ്ക്ക് വെച്ചത്. ആരോഗ്യപ്രശ്നങ്ങളാല്‍ ഭാരമുള്ള ജോലികള്‍ ചെയ്യാന്‍ കഴിയുന്നില്ലെന്നാണ് സന്തോഷ് കുമാര്‍ പറയുന്നത്.

കടമുറി വിട്ടുകിട്ടാന്‍ മുഖ്യമന്ത്രിയുടെ പരാതി പരിഹാര സെല്ലില്‍ സമീപിച്ചിട്ടും കാര്യമുണ്ടായില്ല. സാമ്പത്തിക ബുദ്ധിമുട്ട് മൂലം കോടതിയില്‍ കേസ് ഫയല്‍ ചെയ്യാനായില്ല. എന്നാല്‍ അമ്മ മരിച്ചതോടെ ഏഴ് മക്കള്‍ക്കും അവകാശമുള്ള കടമുറി എങ്ങനെ വിട്ടുകൊടുക്കുമെന്ന് സന്തോഷ് കുമാറിന്റെ സഹോദരന്‍ മണക്കാട് ചന്ദ്രന്‍കുട്ടി ചോദിക്കുന്നു.

ഇത് വിട്ടുകിക്കാത്തതിലുള്ള പ്രതിഷേധത്തിലാണ് സന്തോഷും ഭാര്യയും ബോര്‍ഡ് സ്ഥാപിച്ചത്. എന്നാല്‍, ഈ ബോര്‍ഡ് വെച്ചതിനെതിരെ പൊലീസ് അന്വേഷണം ആരംഭിച്ചിട്ടുണ്ട്. ഇത്തരം ബോര്‍ഡ് നിയമവിരുദ്ധമാണെന്നും അന്വേഷിച്ചു നടപടിയെടുക്കുമെന്നും ഫോര്‍ട്ട് പൊലീസ് അറിയിച്ചു. ബോര്‍ഡ് എടുത്തുമാറ്റണമെന്നും പൊലീസ് ആവശ്യപ്പെട്ടിട്ടുണ്ട്.