ശമ്പളം വേണം; ആവശ്യവുമായി കലാമണ്ഡലം ചാന്‍സലര്‍; കീഴ്‌വഴക്കം ഭയന്ന് സര്‍ക്കാര്‍, മല്ലികാ സാരഭായിയുടെ നിയമനത്തില്‍ വെട്ടില്‍

ഗവര്‍ണറെ ഒഴിവാക്കി കേരള കലാമണ്ഡലത്തില്‍ ചാന്‍സലറായി നിയമിച്ച നര്‍ത്തകി മല്ലികാ സാരാഭായ് ശമ്പളം ആവശ്യപ്പെട്ടതോടെ സര്‍ക്കാര്‍ വെട്ടില്‍. യാത്രച്ചെലവും മറ്റുസൗകര്യങ്ങളുമാണ് കലാമണ്ഡലം ഇപ്പോള്‍ മല്ലികയ്ക്ക് നല്‍കുന്നത്. എന്നാല്‍, ഇതു പോരെന്നും ശമ്പളം തന്നെ നല്‍കണമെന്നും ഇവര്‍ ഔദ്യോഗികമായി കത്തിലൂടെ ആവശ്യപ്പെട്ടു.

ചാന്‍സലറായതിനാല്‍ വൈസ് ചാന്‍സലറെക്കാള്‍ ഉയര്‍ന്ന ശമ്പളവും ആനുകൂല്യവും ആവശ്യപ്പെട്ടിട്ടുണ്ടെന്നാണ് പുറത്തുവരുന്ന റിപ്പോര്‍ട്ടുകള്‍ സൂചിപ്പിക്കുന്നത്. ഈ ആവശ്യം അംഗീകരിക്കേണ്ടി വന്നാല്‍ പ്രതിമാസം മൂന്ന് ലക്ഷത്തിലധികം രൂപ ശമ്പളമായി നല്‍കേണ്ടിവരും. ഇത് സാമ്പത്തിക പ്രതിസന്ധിയില്‍ വലയുന്ന കേരള കലാമണ്ഡലത്തിന് താങ്ങാവുന്നതിലും അധികമാണ്.

പുതിയ ചാന്‍സലര്‍മാരുടെ നിയമനം സാമ്പത്തികബാധ്യത വരുത്തില്ലെന്നായിരുന്നു സര്‍ക്കാര്‍ വ്യക്തമാക്കിയിരുന്നത്. മല്ലികയുടെ ആവശ്യം അംഗീകരിച്ചാല്‍ സര്‍ക്കാരിന് ദീര്‍ഘകാല അടിസ്ഥാനത്തില്‍ വന്‍ തിരിച്ചടിയായിരിക്കും ഉണ്ടാക്കുക.

Read more

ഗവര്‍ണറെ ചാന്‍സലര്‍സ്ഥാനത്തുനിന്ന് മാറ്റുന്ന ബില്ലിന് അംഗീകാരമാവുകയും പുതിയ ചാന്‍സലര്‍മാര്‍ നിയമിക്കപ്പെടുകയും ചെയ്താല്‍ കലാമണ്ഡലത്തിലെ തീരുമാനം മറ്റുസര്‍വകലാശാലകളിലും ബാധകമാക്കേണ്ടിവരും. ഇതോടെ വന്‍ സാമ്പത്തിക പ്രതിസന്ധിയാവും ഉടലെടുക്കുക.