യൂട്യൂബ് ചാനല്‍ വഴി ഗുരുതര ആരോപണങ്ങള്‍; കെ എം ഷാജഹാനെതിരെ ഹൈക്കോടതി സ്വമേധയാ ക്രിമിനല്‍ കോടതിയലക്ഷ്യക്കേസ് എടുത്തു

യൂട്യൂബ് ചാനല്‍ വഴി കേരള ഹൈക്കോടതിയിലെ ജഡ്ജിക്കെതിരെ ഗുരുതര ആരോപണങ്ങള്‍ ഉന്നയിച്ച കെ എം ഷാജഹാനെതിരെ ഹൈക്കോടതി സ്വമേധയാ ക്രിമിനല്‍ കോടതിയലക്ഷ്യക്കേസ് എടുത്തു. മുന്‍മുഖ്യമന്ത്രി വി.എസ്. അച്യുതാനന്ദന്റെ അഡീഷനല്‍ പ്രൈവറ്റ് സെക്രട്ടറിയായിരുന്നു കെ.എം.ഷാജഹാന്‍.

അനുകൂലവിധി സമ്പാദിക്കാന്‍ ഹൈക്കോടതി ജഡ്ജിമാര്‍ക്ക് കൈക്കൂലി നല്‍കണമെന്ന് തെറ്റിദ്ധരിപ്പിച്ചു കക്ഷികളില്‍നിന്ന് അഭിഭാഷകന്‍ സൈബി ജോസ് കിടങ്ങൂര്‍ പണം വാങ്ങിയെന്ന ആരോപണവുമായി ബന്ധപ്പെട്ടാണ് കെ.എം.ഷാജഹാന്‍ തന്റെ യുട്യൂബ് ചാനലിലൂടെ ഗുരുതര ആരോപണങ്ങള്‍ ഉയര്‍ത്തിയത്. ഇതു ശ്രദ്ധയില്‍ പെട്ടതിനെത്തുടര്‍ന്ന് ഹൈക്കോടതി സ്വമേധയാ കോടതിയലക്ഷ്യ നടപടിയെടുക്കുകയായിരുന്നു.

കെ എം ഷാജഹാന് കോടതി നോട്ടീസ് അയച്ചിട്ടുണ്ട്. എന്നാല്‍, കെ.എം.ഷാജഹാനെതിരെ കേസ് പരിഗണിക്കുന്നതില്‍ നിന്നും ജസ്റ്റിസ് എ മുഹമ്മദ് മുഷ്താഖ്, ജസ്റ്റിസ് ശോഭ അന്നമ്മ ഈപ്പന്‍ എന്നിവരുള്‍പ്പെട്ട ഡിവിഷന്‍ ബെഞ്ച് പിന്മാറി. അടുത്ത മാസം 20ന് മറ്റൊരു ബെഞ്ച് കേസ് കേസ് പരിഗണിക്കും. കോടതിയുടെ വിശ്വാസ്യത തകര്‍ക്കാനാണ് കെ എം ഷാജഹാന്‍ ശ്രമിച്ചതെന്നാണ് ഹൈക്കോടതിയുടെ നിരീക്ഷണം. ജഡ്ജിമാര്‍ കൈക്കൂലിക്കാരാണെന്ന് വരുത്തി തീര്‍ക്കാനാണ് യുട്യൂബ് ചാനലിലൂടെ അദേഹം ശ്രമിച്ചതെന്നും അരിനാലാണ് സ്വമേധയാ ക്രിമിനല്‍ കോടതിയലക്ഷ്യക്കേസ് എടുത്തതെന്നുമാണ് നിയമകാര്യ മാധ്യമങ്ങള്‍ റിപ്പോര്‍ട്ട് ചെയ്യുന്നത്.