കേരളത്തിന് പുറത്ത് പാറി പറക്കുന്ന ഗവര്‍ണര്‍, യാത്രാ ചെലവ് കൊടുത്തു മുടിഞ്ഞു സംസ്ഥാന സര്‍ക്കാര്‍; 34 ലക്ഷം കുടിശ്ശികയ്ക്കായി രാജ്യഭവന്റെ സമ്മര്‍ദ്ദം

ഗവര്‍ണര്‍ ആരിഫ് മുഹമ്മദ് ഖാന്റെ യാത്രാ ചെലവ് സാമ്പത്തിക പ്രതിസന്ധിയ്ക്കിടെ താങ്ങാനാവാതെ സംസ്ഥാന സര്‍ക്കാര്‍. ലക്ഷക്കണക്കിന് രൂപയുടെ കുടിശ്ശിക ചോദിച്ച് രാജ്യഭവന്‍ തുടര്‍ച്ചയായി കത്തയച്ചതോടെ കടുത്ത സമ്മര്‍ദ്ദത്തിലാണ് ധനവകുപ്പും സംസ്ഥാന സര്‍ക്കാരും. നടപ്പു സാമ്പത്തികവര്‍ഷം ഗവര്‍ണര്‍ ആരിഫ് മുഹമ്മദ് ഖാന്റെ യാത്രച്ചെലവ് ഇതുവരെ ഒരു കോടിയ്ക്ക് മേലെയാണ്. 1.18 കോടിരൂപയാണ് യാത്രയ്ക്കായി ചെലവായിരിക്കുന്നത്. ഇതില്‍ 34 ലക്ഷം രൂപ കുടിശ്ശികയായയതോടെ സര്‍ക്കാരിനോട് പണം ചോദിച്ച് ഗവര്‍ണറുടെ അഡീഷണല്‍ ചീഫ് സെക്രട്ടറി ദവേന്ദ്രകുമാര്‍ ധൊദാവത്ത് കത്തയച്ചു.

ഈ വര്‍ഷം ജനുവരി 31 വരെയുള്ള യാത്രക്കുടിശ്ശികയാണ് ഈ തുകയെന്നും ടൂര്‍ ടി എ ഇനത്തില്‍ ഒഡെപെക്കിന് 34 ലക്ഷം രൂപ നല്‍കാനുണ്ടെന്നു ചൂണ്ടിക്കാട്ടിയാണ് ഗവര്‍ണറുടെ അഡീഷണല്‍ ചീഫ് സെക്രട്ടറി ദവേന്ദ്രകുമാര്‍ ധൊദാവത്ത് ധനവകുപ്പിന് കത്തയച്ചത്. സര്‍ക്കാര്‍ ഏജന്‍സിയായ ഒഡെപെക് വഴിയാണ് വിമാന ടിക്കറ്റെടുക്കുന്നത്. ഇവര്‍ക്ക് പണം നല്‍കാനാണ് രാജ്ഭവന്‍ നിരന്തരം കത്തയയ്ക്കുന്നത്. എന്നാല്‍ രൂക്ഷമായ സാമ്പത്തിക പ്രതിസന്ധി നേരിടുന്ന സര്‍ക്കാര്‍ മുഴുവന്‍ തുക ഇപ്പോള്‍ നല്‍കാനാവില്ലെന്നും കുറച്ചു പണം അനുവദിക്കാമെന്നുമുള്ള നിലപാടിലാണ്. ആറരലക്ഷം രൂപ അനുവദിക്കാനാണ് സംസ്ഥാന സര്‍ക്കാര്‍ ഇപ്പോള്‍ തീരുമാനിച്ചിരിക്കുന്നത്.

സംസ്ഥാന സര്‍ക്കാരിന്റെ ധൂര്‍ത്തിനെ കുറിച്ച് വാചാലനാകുന്ന ഗവര്‍ണര്‍ ഏറ്റവും കൂടുതല്‍ വിമാന യാത്ര നടത്തിയ ഗവര്‍ണര്‍മാരുടെ പട്ടികയിലുമുണ്ട്. കേരള ഗവര്‍ണര്‍ മിക്ക ദിവസവും കേരളത്തിലില്ല എന്ന റിപ്പോര്‍ട്ട് കുറച്ചു നാളുകള്‍ക്ക് മുമ്പ് പുറത്തുവന്നിരുന്നു. 2021 ജൂലൈ 29 മുതല്‍ ജനുവരി മാസം 1 വരെയുള്ള കണക്കുകള്‍ പുറത്തുവന്നപ്പോള്‍ ആരിഫ് മുഹമ്മദ് ഖാന്‍ 1095 ദിവസങ്ങളില്‍ 328 ദിവസവും കേരളത്തിന് പുറത്തായിരുന്നു.

2019 സെപ്റ്റംബറില്‍ കേരളത്തിന്റെ ഗവര്‍ണറായി ചുമതലയേറ്റ ആരിഫ് മുഹമ്മദ് ഖാന്‍ ഗവര്‍ണറായി ചുമതലയേറ്റത്. നാല് വര്‍ഷത്തെ സേവനത്തിനിടയില്‍ ദിവസങ്ങളുടെ കണക്ക് വച്ചു നോക്കുമ്പോള്‍ ഒരു വര്‍ഷത്തിനടുത്ത് ഗവര്‍ണര്‍ സംസ്ഥാനത്ത് ഉണ്ടായിരുന്നില്ല എന്ന നിലയിലാണ് കണക്ക്. ഗവര്‍ണറുടെ പതിവായുള്ള യാത്രയെ തുടര്‍ന്ന് ബജറ്റില്‍ മാറ്റി വെച്ചതിന്റെ 20 ഇരട്ടി വരെ സര്‍ക്കാര്‍ നല്‍കേണ്ടി വരുന്നതിലും വിമര്‍ശനം ഉയര്‍ന്നിരുന്നു.

Read more

രാജ്ഭവന്റെ ചെലവുകള്‍ ബജറ്റ് വിഹിതവും കടന്നെന്ന് ധനവകുപ്പിന്റെ വിമര്‍ശനം ചെറുതായി കാണാനാവില്ല. രാജ്ഭവന്റെ ചെലവുകള്‍ക്കായി 12.52 കോടി രൂപയാണ് നടപ്പുവര്‍ഷത്തെ ബജറ്റ് വിഹിതം. ഇതിനു പുറമേ, 2.19 കോടിരൂപ അധികമായും ഇതുവരെ അനുവദിച്ചിട്ടുണ്ട്. യാത്രയ്ക്കു മാത്രമായി ഇതുവരെ 84 ലക്ഷം രൂപ അധികം നല്‍കേണ്ടിയും വന്നിട്ടുണ്ട് സംസ്ഥാന സര്‍ക്കാരിന്. ഗവര്‍ണറുടെ അതിഥി സത്കാരത്തിന് 20 ലക്ഷം വേറെയും സര്‍ക്കാര്‍ ചെലവാക്കിയിട്ടുണ്ട്. ജസ്റ്റിസ് പി. സദാശിവം കേരള ഗവര്‍ണറായിരുന്നപ്പോള്‍ അഞ്ചു വര്‍ഷത്തേക്ക് 31.5 കോടി രൂപയായിരുന്നു സംസ്ഥാനത്തിന്റെ ചെലവ്. ആരിഫ് മുഹമ്മദ് ഖാന്‍ ഗവര്‍ണറായി നാലുവര്‍ഷത്തിനുള്ളില്‍ തന്നെ 45 കോടിരൂപ അനുവദിച്ചു കഴിഞ്ഞു. എന്നാല്‍ യാത്രച്ചെലവിനുള്ള സര്‍ക്കാര്‍ വിഹിതം അപര്യാപ്തമാണെന്നാണ് ഗവര്‍ണറുടേയും രാജ്ഭവന്റെ നിലപാട്.