കടം വര്‍ദ്ധിക്കുന്നതിനെക്കാള്‍ വരുമാനം വര്‍ദ്ധിക്കുന്നു; കേരളം കടക്കെണിയിലാണെന്ന പ്രചാരണം തെറ്റെന്ന് മുഖ്യമന്ത്രി പിണറായി

കടം വര്‍ധിക്കുന്നതിനെക്കാള്‍ ഉയര്‍ന്ന തോതില്‍ കേരളത്തിന്റെ വരുമാനം വര്‍ധിക്കുന്നുണ്ടെന്നും, സംസ്ഥാനത്തിനെതിരെ ചിലര്‍ വ്യാജപ്രചരണം അഴിച്ചുവിടുകയാണെന്നും മുഖ്യമന്ത്രി പിണറായി വിജയന്‍. വസ്തുതകള്‍ മറച്ചുവച്ച് കേരളം വലിയ കടക്കെണിയിലാണെന്നു ചിലര്‍ കുപ്രചാരണം നടത്തുണ്ട്. 20 വര്‍ഷംകൊണ്ടു കേരളത്തിന്റെ കടം 13 ഇരട്ടിയായെന്നാണു പ്രചാരണമെന്നു മുഖ്യമന്ത്രി ചൂണ്ടിക്കാട്ടി. എന്നാല്‍, 20 വര്‍ഷം മുന്‍പ് 63,000 കോടി രൂപയായിരുന്ന സംസ്ഥാന ആഭ്യന്തര വരുമാനം ഇന്നു 10 ലക്ഷം കോടി രൂപയിലധികമായി. വര്‍ധന 16 ഇരട്ടി.

20 വര്‍ഷം മുന്‍പ് 9,973 കോടി രൂപയായിരുന്നു റവന്യു വരുമാനം. ഇന്ന് അത് 1,35,000 കോടിയോളം രൂപയായി 14 ഇരട്ടി വര്‍ധന. 20 വര്‍ഷം മുന്‍പ് ആളോഹരി വരുമാനം 19,463 രൂപയായിരുന്നത് ഇപ്പോള്‍ 2,30,000 രൂപയോളം എത്തി നില്‍ക്കുന്നു 12 ഇരട്ടിയോളം വര്‍ധന. ഇതര സ്രോതസ്സുകളില്‍ നിന്നു കടമെടുക്കാനുള്ള കേരളത്തിന്റെ അവകാശത്തിന് ഇപ്പോള്‍ കേന്ദ്രം തടസ്സം നില്‍ക്കുകയാണ്. കേരളത്തെക്കുറിച്ചു ചില സ്ഥാപിത താല്‍പര്യക്കാര്‍ പ്രചരിപ്പിക്കുന്നതു കാര്യക്ഷമമായി നികുതി പിരിക്കാത്ത സംസ്ഥാനമെന്നാണ്. അതിന് ചില മാധ്യമങ്ങളും കൂട്ടുനില്‍ക്കുന്നുണ്ടെന്നും പിണറായി പറഞ്ഞു.

കേരളത്തിന്റെ പ്രതിശീര്‍ഷ വരുമാനം ദേശീയ ശരാശരിയേക്കാള്‍ 77 ശതമാനം ഉയര്‍ന്നതാണ്. കടത്തെക്കുറിച്ചു പറയുന്നവര്‍ ഈ വരുമാന വര്‍ധനവിനെക്കുറിച്ചുകൂടി പറയണമെന്നു മുഖ്യമന്ത്രി പറഞ്ഞു. ജി.എസ്.ടി. നിലവില്‍വന്ന് ആറു വര്‍ഷമായിട്ടും സംസ്ഥാനങ്ങളുടെ ആശങ്കകള്‍ പൂര്‍ണമായി പരിഹരിക്കപ്പെട്ടിട്ടില്ല. കേന്ദ്ര ധനസഹായംകൊണ്ടാണു കേരളം പിടിച്ചുനില്‍ക്കുന്നതെന്ന കുപ്രചരണവും നടക്കുന്നുണ്ട്. ഇവിടെയും കണക്കുകള്‍ പരിശോധിച്ചാല്‍ പൊള്ളത്തരം വ്യക്തമാകും. രാജ്യത്തെ സംസ്ഥാനങ്ങളുടെ ശരാശരി റവന്യൂ വരുമാനത്തിന്റെ 45 ശതമാനം കേന്ദ്ര വിഹിതമാണ്. കേരളത്തിന്റെ റവന്യൂ വരുമാനത്തിന്റെ 36 ശതമാനം മാത്രമാണു കേന്ദ്ര വിഹിതം. ചില സംസ്ഥാനങ്ങള്‍ക്ക് ഇത് 75 ശതമാനംവരെ ലഭിക്കുന്നുണ്ട്. പത്താം ധനകമ്മിഷന്റെ സമയത്ത് കേരളത്തിന്റെ നികുതി വിഹിതം 3.88 ശതമാനമായിരുന്നു. അത് 15ാ0 ധനകമ്മിഷന്‍ 1.92 ശതമാനമായി കുറച്ചു. ഇതര സ്രോതസുകളില്‍നിന്നു കടമെടുക്കാനുള്ള കേരളത്തിന്റെ അവകാശം ഹനിക്കപ്പെടുകയും ചെയ്യുന്നു. കേരളത്തെക്കുറിച്ചു ചില സ്ഥാപിതതാത്പര്യക്കാര്‍ പ്രചരിപ്പിക്കുന്നതു കാര്യക്ഷമമായി നികുതി പിരിക്കാത്ത സംസ്ഥാനമാണെന്നതാണ്. അതിന് ചില മാധ്യമങ്ങളും കൂട്ടുനില്‍ക്കുന്നുണ്ട്. 1,34,097 കോടി രൂപ റവന്യൂ വരുമാനത്തില്‍ 85,867 കോടി രൂപയും സംസ്ഥാനത്തിന്റെ തനതു വരുമാനമാണ്. അതായത് ഏകദേശം 64 ശതമാനത്തോളമാണു നികുതി പിരിവിലൂടെ കേരളം കണ്ടെത്തുന്നത്. ദേശീയ ശരാശരി 55 ശതമാനമാണെന്നത് ഓര്‍ക്കണം. ഇത് സംസ്ഥാന ജിഡിപിയുടെ ഏഴു ശതമാനത്തോളമാണ്. ദേശീയ ശരാശരി 6.7 ശതമാനമാണ്. കേരളം കാര്യക്ഷമമായി നികുതി പിരിക്കാത്ത സംസ്ഥാനമാണെന്ന പ്രചാരണത്തില്‍ വസ്തുതയുടെ പിന്‍ബലമില്ലെന്ന് ഇതില്‍നിന്നുതന്നെ വ്യക്തമാണ്. നികുതി പിരിവ് കൂടുതല്‍ കാര്യക്ഷമമാക്കുക എന്ന ലക്ഷ്യത്തോടെയാണു ജി.എസ്.ടി. വകുപ്പിന്റെ പുനഃസംഘടന നടപ്പാക്കുന്നത്.

നികുതിദായകര്‍ക്കു മെച്ചപ്പെട്ട സേവനം ഉറപ്പാക്കുക, നികുതി പിരിവ് കാര്യക്ഷമമാക്കുക, നികുതി ചോര്‍ച്ച തടയുക തുടങ്ങിയ ലക്ഷ്യങ്ങളോടെയാണു ജി.എസ്.ടി. വകുപ്പിന്റെ പുനഃസംഘടന നടത്തുന്നത്. ടാക്‌സ് പെയേഴ്‌സ് സേവന വിഭാഗം, ഓഡിറ്റ് വിഭാഗം, എന്‍ഫോഴ്‌സ്‌മെന്റ് ആന്‍ഡ് ഇന്റലിജന്‍സ് വിഭാഗം എന്നിങ്ങനെ മൂന്നു വിഭാഗങ്ങളായി വകുപ്പിനെ തരംതിരിച്ചിട്ടുണ്ട്. ഉദ്യോഗസ്ഥരുടെ വൈദഗ്ധ്യം വര്‍ധിപ്പിക്കുക, അവര്‍ക്കു പ്രൊഫഷണല്‍ സമീപനം കൊണ്ടുവരിക തുടങ്ങിയ നടപടികള്‍ നികുതി പിരിവ് കാര്യക്ഷമമാക്കുന്നതിന്റെ ഭാഗമായി നടപ്പാക്കും. നികുതി വകുപ്പിനെ സാങ്കേതികവിദ്യാധിഷ്ഠിതമായി നവീകരിക്കുന്നതിനും സര്‍ക്കാര്‍ ശ്രമിക്കുന്നുണ്ട്. ജി.എസ്.ടിയുടെ വരവോടെ ചെക്‌പോസ്റ്റ് സംവിധാനം ഇല്ലാതായി. അതോടെ നിരവധി മാര്‍ഗങ്ങളിലൂടെ നികുതി വെട്ടിപ്പു നടത്തുന്നതു ശ്രദ്ധയില്‍പ്പെട്ടിട്ടുണ്ട്. അത് ഇല്ലാതാക്കുന്നതിനുള്ള പ്രവര്‍ത്തനങ്ങളും പുനഃസംഘടനയിലൂടെ ഏറ്റെടുക്കുമെന്ന് മുഖ്യമന്ത്രി പറഞ്ഞു.