സംസ്ഥാന സര്‍ക്കാരിന്റെ അഞ്ചാം ബജറ്റ് ഇന്ന്; ജനക്ഷേമ പ്രഖ്യാപനങ്ങള്‍ക്ക് സാദ്ധ്യത, ഭൂമിയുടെ ന്യായവില കൂടിയേക്കും

സംസ്ഥാന ബജറ്റ് ധനമന്ത്രി ടി എം തോമസ് ഐസക് വെള്ളിയാഴ്ച നിയമസഭയില്‍ അവതരിപ്പിക്കും. രാവിലെ ഒമ്പതിന് ബജറ്റ് പ്രസംഗം ആരംഭിക്കും. പിണറായിസര്‍ക്കാരിന്റെ അഞ്ചാമത്തെ ബജറ്റാണ്. ജനക്ഷേമപ്രഖ്യാപനങ്ങള്‍ പ്രതീക്ഷിക്കാവുന്ന ബജറ്റില്‍, സാമ്പത്തികപ്രതിസന്ധിക്ക് ആശ്വാസംകാണാന്‍ ആയിരം കോടിരൂപയുടെ അധിക വിഭവസമാഹരണവും പ്രഖ്യാപിച്ചേക്കും. കടുത്ത സാമ്പത്തിക പ്രതിസന്ധിയിലും വ്യാവസായിക മേഖലയിൽ വലിയ വളർച്ചയുണ്ടായെന്ന് ഇന്നലെ സഭയിൽ ധനമന്ത്രി അവതരിപ്പിച്ച സാമ്പത്തിക അവലോകന റിപ്പോർട്ട് വ്യക്തമാക്കിയിരുന്നു.7.5 ശതമാനമാണ് കഴിഞ്ഞ വർഷത്തെ വളർച്ചാ നിരക്ക്. ഇത് ബജറ്റിന് ദിശാബോധം നൽകുമെന്ന് ധനമന്ത്രി വ്യക്തമാക്കിയിട്ടുണ്ട്.

ഭൂമിയുടെ ന്യായവില കൂട്ടും. സര്‍ക്കാരിന്റെ വിവിധ സേവനങ്ങള്‍ക്കുള്ള ഫീസ് നേരിയതോതില്‍ വര്‍ദ്ധിപ്പിക്കും. ജിഎസ്ടി ഒഴികെയുള്ള മറ്റു നികുതികളും വര്‍ദ്ധിച്ചേക്കും. അവയില്‍ പലതും ഏകീകരിക്കാനും യുക്തിസഹജമായി പരിഷ്‌കരിക്കാനുമാണ് തീരുമാനം. ഇത്തരത്തില്‍ ആയിരം കോടിയോളം രൂപ കിട്ടുമെന്നാണു പ്രതീക്ഷ.  വരുമാനം ഉയര്‍ത്തുന്നതിനുള്ള കര്‍മ്മപദ്ധതി ബജറ്റില്‍ അവതരിപ്പിക്കും. മൂല്യവര്‍ധിതനികുതി അടക്കമുള്ള നികുതി കുടിശ്ശിക സമാഹരിക്കുന്നതിന് പുതിയ ഒറ്റത്തവണ തീര്‍പ്പാക്കല്‍ പദ്ധതി പ്രഖ്യാപിക്കും.

ക്ഷേമപെന്‍ഷന്‍ പതിവുപോലെ 100 രൂപ കൂട്ടും. പെന്‍ഷന്‍ പ്രായം കൂട്ടുകയോ വിരമിക്കല്‍ തിയതി ഏകീകരിക്കുകയോ ചെയ്യില്ല. ജീവനക്കാര്‍ക്ക് കുടിശ്ശികയുള്ള ക്ഷാമബത്തയില്‍ അഞ്ചുശതമാനം അനുവദിച്ചേക്കും.

സര്‍ക്കാരിന്റെ ചെലവു ചുരുക്കാനുള്ള നടപടികളുണ്ടാവും. എന്നാല്‍, കാര്യമായി വെട്ടിക്കുറയ്ക്കില്ല. മാന്ദ്യകാലത്ത് സര്‍ക്കാര്‍ പണംമുടക്കുന്നത് കുറയ്ക്കാനാവില്ലെന്ന തന്റെ പ്രഖ്യാപിത സമീപനമാവും തോമസ് ഐസക് സ്വീകരിക്കുക. പുതിയ പൊതുമേഖലാസ്ഥാപനങ്ങള്‍ ഉണ്ടാകില്ലെങ്കിലും ചേര്‍ത്തലയില്‍ അര്‍ബുദ മരുന്നുനിര്‍മ്മാണത്തിനുള്ള ഓങ്കോളജി പാര്‍ക്ക് പ്രഖ്യാപിക്കും. പുതുസംരംഭങ്ങളെ പ്രോത്സാഹിപ്പിക്കാന്‍ തീരുമാനങ്ങളുണ്ടാകും.

അതേസമയം തന്നെ സംസ്ഥാനത്തിന്‍റെ കാർഷികവളർച്ച താഴേക്കെന്നാണ് സാമ്പത്തിക അവലോകന റിപ്പോർട്ട് പറയുന്നത്.  സാമ്പത്തിക പ്രതിസന്ധിക്കിടയിലും വ്യാവസായിക മേഖല വൻകുതിച്ചുചാട്ടം നടത്തി. രാജ്യത്ത് തൊഴിലിലായ്മ ഏറ്റവും രൂക്ഷമായ സംസ്ഥാനം കേരളം ആണെന്നും ബജറ്റിന് മുന്നോടിയായി ധനമന്ത്രി നിയമസഭയിൽ വെച്ച റിപ്പോർട്ടിൽ വ്യക്തമാക്കുന്നു.

പ്രളയം, നാണ്യവിളകളുടെ തകർച്ച എന്നിവയാണ് കാർഷികമേഖലക്ക് തിരിച്ചടിയായത്. തെങ്ങ് കൃഷിയുടെ കാര്യത്തിൽ ആന്ധ്രക്കും തമിഴ്നാടിനും പശ്ചിമബംഗാളിനും കർണാടകത്തിനും താഴെയാണ് കേരളം. ഇതര സംസ്ഥാനങ്ങളിൽ നിന്നുള്ള അരിക്കും പച്ചക്കറിക്കും പഴവർഗങ്ങൾക്കും വില കൂടിയത് സംസ്ഥാനത്ത് വിലക്കയറ്റത്തിന് കാരണമായി.

അഭ്യസ്ഥവിദ്യർക്കിടയിലെ തൊഴിൽരഹിതരുടെ എണ്ണം രാജ്യത്ത് ഏറ്റവും കൂടുതൽ കേരളത്തിലാണ്. നൂറ് പേരിൽ 11 പേരാണ് സംസ്ഥാനത്തെ തൊഴിൽരഹിതർ. ദേശീയ ശരാശരി ഇത് ആറാണ്. യുവാക്കളും സ്ത്രീകളുമാണ് തൊഴിലില്ലാത്തവരിൽ കൂടുതൽ.

എന്നാൽ വ്യവസായ മേഖലയിൽ ഉണ്ടായ വളർച്ച മൂലം ആകെ വളർച്ചാനിരക്ക് 7.5 ശതമാനമായി കൂടി. ചെറുകിട വ്യവസായ മേഖലയിലും ഐടി മേഖലയിലും വൻമുന്നേറ്റമുണ്ടായതായും സാമ്പത്തിക അവലോകന റിപ്പോർട്ട് വിശദീകരിക്കുന്നു.