തോക്കുമായി എത്തിയാലും സഭയ്‌ക്ക് പരമാധികാരമെന്ന് പറയാമോ?; നിയമസഭ കൈയാങ്കളി കേസിൽ സർക്കാരിനോട് സുപ്രീംകോടതി

നിയമസഭ കൈയാങ്കളി കേസിൽ കോടതിയുടെ രൂക്ഷപരിഹാസമേറ്റ് സർക്കാർ. സഭയിൽ അക്രമം നടത്തിയത് എന്തിനാണ് എന്ന് വിശദീകരിക്കണമെന്ന് കോടതി ആവശ്യപ്പെട്ടു. ജസ്റ്റിസ് ഡിവൈ ചന്ദ്രചൂഢ്, ജസ്റ്റിസ് എംആർ ഷാ എന്നിവർ അടങ്ങുന്ന ബഞ്ചാണ് സർക്കാരിന് എതിരെ വീണ്ടും വിമർശനം ഉന്നയിച്ചത്.

കോടതിയിലും രൂക്ഷമായ വാദപ്രതിവാദങ്ങള്‍ നടക്കാറുണ്ട്. എന്നാൽ  ഇവിടെയാരും ഒന്നും അടിച്ചു തകര്‍ക്കാറില്ലെന്ന് ജസ്റ്റിസ് ചന്ദ്രചൂഡ് ചൂണ്ടിക്കാട്ടി. എംഎല്‍എ സഭയ്ക്കകത്ത് തോക്കുപയോഗിച്ചാല്‍ നടപടിയെടുക്കേണ്ടത് നിയമസഭയാണോയെന്നും കോടതി ചോദിച്ചു.

“കോടതിയെ നോക്കൂ, ചിലപ്പോൾ ഇവിടെ രൂക്ഷമായ വാഗ്വാദങ്ങൾ നടക്കാറുണ്ട്. അത് കോടതിയുടെ സ്വത്ത് നശിപ്പിക്കുന്നതിന് ന്യായീകരണമാണോ? സഭയിൽ ആവിഷ്‌കാര സ്വാതന്ത്ര്യമുണ്ട്. സംശയമില്ല. ഒരു എംഎൽഎ റിവോൾവർ കൊണ്ട് നിറയൊഴിച്ചാൽ എന്തു ചെയ്യും. ഇക്കാര്യത്തിൽ സഭയ്ക്കാണ് പരമാധികാരം എന്നു പറയാൻ ആകുമോ?”- ജസ്റ്റിസ് ചന്ദ്രചൂഢ് ചോദിച്ചു. പ്രതികൾക്കായി സർക്കാർ അഭിഭാഷകൻ വാദിക്കരുതെന്നും കോടതി താക്കീത് ചെയ്തു.

അന്നത്തെ ധനമന്ത്രി കെ എം മാണിക്കെതിരായ നിലപാട് സർക്കാർ കോടതിയിൽ ഇന്ന് മാറ്റി. പ്രതിഷേധിച്ചത് സര്‍ക്കാരിനെതിരെയെന്നാണ് പുതിയ നിലപാട്. മന്ത്രി വി ശിവന്‍കുട്ടി ഉള്‍പ്പെടേയുള്ള പ്രതികള്‍ വിചാരണ നേരിടണമെന്ന് കോടതി നേരത്തെ വാക്കാല്‍ വ്യക്തമാക്കിയിരുന്നു. കേസിൽ വാദം തുടരുകയാണ്.