'തിരഞ്ഞെടുപ്പ് കമ്മീഷന്റെ നീക്കം സംശയത്തിന്റെ നിഴലിൽ'; എസ്ഐആറിനെതിരെ പ്രമേയം പാസാക്കി കേരള നിയമസഭ, പിന്തുണച്ച് പ്രതിപക്ഷം

കേന്ദ്ര തിരഞ്ഞെടുപ്പ് കമ്മീഷൻ്റെ തീവ്ര വോട്ടർ പട്ടിക പുനഃപരിശോധനയ്ക്കെതിരെ പ്രമേയം പാസാക്കി കേരള നിയമസഭ. മുഖ്യമന്ത്രി അവതരിപ്പിച്ച പ്രമേയത്തെ പ്രതിപക്ഷം പിന്തുണച്ചു. സുതാര്യമായി പുതുക്കുകയും പരിപാലിക്കുകയും ചെയ്യുന്ന കേരളത്തിൽ അതിർത്തി സംസ്ഥാനങ്ങളിൽ ഉള്ളതുപോലെയുള്ള അനധികൃത കുടിയേറ്റങ്ങൾക്ക് സാധ്യത ഇല്ലാത്തതിനാൽ സംസ്ഥാനത്ത് എസ്ഐആർ അപ്രസക്തമാണെന്ന് പ്രമേയത്തിൽ പറയുന്നു.

കേന്ദ്ര തിരഞ്ഞെടുപ്പ് കമ്മിഷൻ്റെ നീക്കം ദേശീയ പൗരത്വ രജിസ്റ്ററിൻറെ വളഞ്ഞ വഴിയിലൂടെയുള്ള നടപ്പാക്കലാണെന്ന ആശങ്ക വ്യാപകമാണെന്ന് മുഖ്യമന്ത്രി പിണറായി വിജയൻ പറഞ്ഞു. തിരഞ്ഞെടുപ്പ് കമ്മീഷൻ സംശയത്തിന്റെ നിഴലിലാണ്. തീവ്ര വോട്ടർ പട്ടിക പരിഷ്‌കരണം അത്ര നിഷ്കളങ്കമായി കാണാനാകില്ല എന്നുള്ളതാണ് പ്രമേയത്തിൻ്റെ അന്തഃസത്ത. തീവ്ര വോട്ടർ പട്ടിക പരിഷ്‌കരണവുമായി മുന്നോട്ടു പോകുന്നത് സംസ്ഥാനത്ത് നടക്കാനിരിക്കുന്ന തദ്ദേശ തിരഞ്ഞെടുപ്പിനെയും പിന്നാലെ നടക്കാനിരിക്കുന്ന നിയമസഭാ തിരഞ്ഞെടുപ്പിനെയും പ്രതികൂലമായി ബാധിക്കുമെന്നും പ്രമേയത്തിൽ പറയുന്നു.

Read more

എൻ ഷംസുദ്ദീൻ, പിസി വിഷ്ണുനാഥ്, ടി സിദ്ദീക്ക് അടക്കമുള്ളവർ ചില ഭേദഗതി നിർദ്ദേശങ്ങൾ മുന്നോട്ടു വെച്ചു. അതിൽ ചില നിർദ്ദേശങ്ങൾ കൂടി ഉൾപ്പെടുത്തിയാണ് സഭ ഏകകണ്ഠ‌മായി പ്രമേയം പാസാക്കിയിരിക്കുന്നത്. കഴിഞ്ഞ ദിവസം മുഖ്യ തിരഞ്ഞെടുപ്പ് ഓഫീസർ വിളിച്ചു ചേർത്ത യോഗത്തിൽ കോൺഗ്രസും സിപിഎമ്മും എസ്പെഐആറിനെതിരായ നിലപാട് വ്യക്തമാക്കിയിരുന്നു.