രാഷ്ട്രീയം നോക്കി ഉന്നത തസ്തികകളില്‍ ജൂനിയര്‍ ഉദ്യോഗസ്ഥര്‍ക്ക് 'ഇന്‍ ചാര്‍ജ്' നിയമനം, സമയത്ത് റിപ്പോര്‍ട്ടും നല്‍കിയില്ല; കേരള കാര്‍ഷിക സര്‍വകലാശാലക്ക് ഐ.സി.എ ആര്‍ അംഗീകാരം നഷ്ടപ്പെട്ടു 

കേരള കാര്‍ഷിക സര്‍വകലാശാലക്ക് ഐ സി എ ആര്‍ അക്രെഡിറ്റേഷന്‍ നഷ്ടപ്പെട്ടു. ഐ സി എ ആര്‍ (ഇന്ത്യന്‍ കൗണ്‍സില്‍ ഓഫ് അഗ്രികള്‍ച്ചറല്‍ റിസര്‍ച്ച്) അംഗീകാരമുള്ള സര്‍വകലാശാലകളുടെ പട്ടികയില്‍ നിന്നും കേരള കാര്‍ഷിക സര്‍വകലാശാല പുറത്തായി. കേരളത്തില്‍ നിന്നും വെറ്ററിനറി സര്‍വകലാശാല, ഫിഷറീസ് സര്‍വകലാശാല എന്നിവക്ക് അംഗീകാരമുണ്ട്.

2019മാര്‍ച്ച് 10നു മുമ്പായിരുന്നു അക്രെഡിറ്റേഷന്‍ ലഭിക്കുന്നത്തിന് കോഴ്സുകള്‍, അധ്യാപകര്‍, മറ്റു സൌകര്യങ്ങള്‍ അടക്കമുള്ള സര്‍വകലാശാലയുടെ വിശദ  റിപ്പോര്‍ട്ട് ഇന്ത്യന്‍ കാര്‍ഷിക ഗവേഷണ കൗണ്‍സിലിന് സമര്‍പ്പിക്കേണ്ടിയിരുന്നത്. എന്നാല്‍ വിശദമായ റിപ്പോര്‍ട്ട് സമര്‍പ്പിക്കാന്‍ ബന്ധപ്പെട്ട ഉദ്യോഗസ്ഥരോ സര്‍വകലാശാലയിലെ വി. സിയോ ശ്രമം നടത്തിയില്ല. ഉയര്‍ന്ന തസ്തികകളില്‍ രാഷ്ട്രീയം നോക്കി നടത്തുന്ന ജൂനിയര്‍ നിയമനം മൂലം സര്‍വകലാശാല ഭരണം താളം തെറ്റിയ അവസ്ഥയിലാണ്. യഥാസമയം റിപ്പോര്‍ട്ട് സമര്‍പ്പിക്കാനാവാത്തത് ഇതു മൂലമാണെന്നാണ് റിപ്പോര്‍ട്ടുകള്‍.

സര്‍വകലാശാലയിലെ ഡീന്‍, ഡയറക്ടര്‍, രജിസ്ട്രാര്‍ തുടങ്ങിയ ഉന്നത തസ്തികകളില്‍, രാഷ്ട്രീയ പരിഗണനയുടെ പേരില്‍ ജൂനിയര്‍ ഉദ്യോഗസ്ഥര്‍ക്കു ഇന്‍ ചാര്‍ജ് നിയമനം നല്‍കിയിരിക്കുകയാണ്. അക്രെഡിറ്റേഷന്‍ നഷ്ടപെടാനുള്ള  കാരണമായി ഐ സി എ ആര്‍ ഇതും പരിഗണിച്ചു.

ഗുണമേന്മ ഉയര്‍ത്താനുള്ള ഐ സി എ ആറിന്റെ നിര്‍ദ്ദേശങ്ങളും കാര്‍ഷിക സര്‍വകലാശാല നടപ്പാക്കിയില്ല. ഐ സി എ ആര്‍ അക്രെഡിറ്റേഷന്‍ നഷ്ടപ്പെട്ടാല്‍ കാര്‍ഷിക സര്‍വകലാശാലയുടെ ഡിഗ്രികള്‍ക്കുള്ള കേന്ദ്ര ഗവണ്മെന്റ് അംഗീകാരം നഷ്ടപ്പെടും. ഐസിഎ ആര്‍ അനുവദിച്ച ഗ്രേസ് പീരിയഡിനുള്ളില്‍ പുതിയ റിപ്പോര്‍ട്ട് തട്ടിക്കൂട്ടി നല്‍കി അക്രെഡിറ്റേഷന്‍ എങ്ങിനെയും നേടാനുള്ള ശ്രമത്തിലാണ് കാര്‍ഷിക സര്‍വകലാശാലയിലെ അധികാരികള്‍.