“ശബരിമല ശാസ്താവിനെ മനസ്സില്‍ ഓർത്ത് വേണം വോട്ട് ചെ‌യ്യാൻ”; പിണറായി വിജയന്റെ ഇരട്ടചങ്കിൽ തന്നെ കുത്തണമെന്ന് എ.പി അബ്ദുള്ളക്കുട്ടി

തദ്ദേശ തിരഞ്ഞെടുപ്പിൽ ശബരിമല വിഷയം ഉയർത്തി കൊണ്ടുവരാൻ ബി.ജെ.പി തീരുമാനം.

ശബരിമല ശാസ്താവിനെ മനസ്സിലോർത്ത് വേണം തിരഞ്ഞെടുപ്പിൽ വോട്ട് ചെയ്യാനെന്ന് ബി.ജെ.പി ദേശീയ ഉപാദ്ധ്യക്ഷൻ എ.പി അബ്ദുള്ളക്കുട്ടി.

വണ്ടൂരിൽ നടന്ന എൻ.ഡി.എ സ്ഥാനാർത്ഥി സംഗമം ഉദ്ഘാടനം ചെയ്യുകയായിരുന്നു അബ്ദുള്ളക്കുട്ടി.

വോട്ട് ചെയ്യേണ്ട ദിവസം രാവിലെ പോളിംഗ് ബൂത്തിൽ ചെന്ന് വോട്ടിംഗ് മെഷീന്റെ മുമ്പിൽ നിന്ന് ശബരിമല ശാസ്താവിനെ മനസ്സിൽ ധ്യാനിച്ച് പിണറായി വിജയന്റെ ഇരട്ടചങ്കിൽ തന്നെ കുത്തുന്ന തിരഞ്ഞെടുപ്പ് ആക്കി മാറ്റണമെന്ന് അബ്ദുള്ളക്കുട്ടി പറഞ്ഞു.

ബി ജെ പി ന്യൂനപക്ഷ വിരുദ്ധമാണെന്ന് കോൺഗ്രസും കമ്മ്യൂണിസ്റ്റും നടത്തിയ നുണ പ്രചാരണങ്ങളുടെ കാലം കഴിഞ്ഞു എന്നതിന്റെ തെളിവാണ് കേരളത്തിൽ അങ്ങളോമിങ്ങോളം താമര ചിഹ്നത്തിൽ മത്സരിക്കുന്ന മുസ്ലിം മതവിശ്വാസികളുടെ എണ്ണം.

വണ്ടൂരിൽ ഉൾപ്പെടെ കേരളത്തിൽ മുസ്ലിം സമുദായത്തിൽപ്പെട്ട അറുപതോളം പേർ ബി ജെ പിയുടെ സ്ഥാനാർത്ഥികളായി മത്സരിക്കുന്നുണ്ടെന്ന് അബ്ദുള്ളക്കുട്ടി പറഞ്ഞു.