ഉപതിരഞ്ഞെടുപ്പ് പ്ര​​ചാ​​ര​​ണ​​ത്തി​​ന്​ ഇ​​ന്ന്​ കൊ​​ട്ടി​​ക്ക​​ലാ​​ശം

സംസ്ഥാനത്തെ സംസ്ഥാനത്തെ അഞ്ചു നിയമസഭാ മണ്ഡലങ്ങളിലെ ഉപതിരഞ്ഞെടുപ്പിന്റെ പരസ്യ പ്രചാരണം ഇന്നവസാനിക്കും. ഞായറാഴ്ചനിശബ്ദ പ്രചാരണം കഴിഞ്ഞാല്‍ തിങ്കളാഴ്ച  ഉപതിരഞ്ഞെടുപ്പു വോട്ടെടുപ്പ്. 24-നാണു വോട്ടെണ്ണല്‍. വട്ടിയൂര്‍ക്കാവ്, അരൂര്‍, കോന്നി, എറണാകുളം, മഞ്ചേശ്വരം എന്നീ മണ്ഡലങ്ങളിലാണ് ഉപതിരഞ്ഞെടുപ്പ്. സിറ്റിങ് അംഗമായിരുന്ന പി.ബി. അബ്ദുള്‍ റസാഖിന്റെ നിര്യാണം മൂലമാണു മഞ്ചേശ്വരത്ത് ഒഴിവു വന്നത്. മറ്റു നാലിടത്തും സിറ്റിങ് എം.എല്‍.എമാര്‍ പൊതുതിരഞ്ഞെടുപ്പില്‍ വിജയിച്ച് ലോക്‌സഭയിലേക്കു പോയി.

പാലാ ഉപതെരഞ്ഞെടുപ്പിലെ അപ്രതീക്ഷിത വിജയം ഇടതുമുന്നണിക്ക് ആത്മവിശ്വാസം നല്‍കിയെങ്കിലും അവസാന ദിനങ്ങളിലെ മാര്‍ക്ക്ദാന വിവാദം ആശങ്ക സൃഷ്ടിച്ചു. കൂടത്തായി കേസിനു വലിയ പ്രാധാന്യം നല്‍കിയ മാധ്യമങ്ങളുടെ ശ്രദ്ധ ഉപതിരഞ്ഞെടുപ്പില്‍നിന്നു മാറിപ്പോകുകയും ചെയ്തു. അഞ്ചിടത്തും പ്രധാന ചര്‍ച്ചാവിഷയം ശബരിമലയായിരുന്നു. കഴിഞ്ഞ ലോക്‌സഭാ തെരഞ്ഞെടുപ്പിനെ നിര്‍ണായകമായി സ്വാധീനിച്ച ഇക്കാര്യം കൂടുതല്‍ സജീവമായി നിര്‍ത്താനാണു യു.ഡി.എഫും ബി.ജെ.പിയും ശ്രമിച്ചത്.

ശബരിമലയുടെ വികസനകാര്യങ്ങള്‍ വിശദീകരിച്ച് ചര്‍ച്ച വഴിതിരിച്ചുവിടാന്‍ സി.പി.എമ്മും മുഖ്യമന്ത്രിയും ശ്രമിച്ചെങ്കിലും കാര്യമായി ഏശിയില്ലെന്നാണു വിലയിരുത്തല്‍. ഇക്കാര്യത്തില്‍ എന്‍.എസ്.എസ്. പരസ്യനിലപാടെടുത്തതോടെ ചര്‍ച്ച വിവാദത്തിനു വഴിമാറി. ജാതിപറഞ്ഞ് വോട്ട് പിടിക്കുന്നുവെന്ന് സി.പി.എമ്മും സമസ്തകേരള നായര്‍സമാജവും തെരഞ്ഞെടുപ്പ് കമ്മിഷനു പരാതി നല്‍കി. മുഖ്യമന്ത്രി പിണറായി വിജയന്‍ തന്ത്രപൂര്‍വം സംയമനം പാലിച്ചു. അതോടെ എന്‍.എസ്.എസിനെ കടന്നാക്രമിക്കുന്ന ചുമതല കോടിയേരി ബാലകൃഷ്ണനും കാനം രാജേന്ദ്രനും ഏറ്റെടുത്തു. എന്‍.എസ്.എസിന്റെ “”ശരിദൂരം”” യു.ഡി.എഫിനു പ്രയോജനപ്പെട്ടപ്പോള്‍ ബി.ജെ.പിക്കു കനത്ത തിരിച്ചടിയായി.

എന്‍.എസ്.എസിനെ സമാധാനിപ്പിക്കാന്‍ അവരുടെ ശ്രമം തുടരുകയാണ്. ബി.ഡി.ജെ.എസിന്റെ മാനസിക അകല്‍ച്ചയും എന്‍.ഡി.എയെ ബാധിച്ചു. പ്രാദേശിക പ്രശ്‌നങ്ങളും സ്ഥാനാര്‍ഥികളുടെ ഗുണദോഷങ്ങളും സജീവ ചര്‍ച്ചയായി. കഴിയുന്നത്ര നേതാക്കളെ എല്ലാ മണ്ഡലങ്ങളിലും എത്തിച്ച് ശക്തമായ പ്രചാരണമാണ് യു.ഡി.എഫ്. നടത്തിയത്. പ്രതിപക്ഷനേതാവ് രമേശ് ചെന്നിത്തല, ഉമ്മന്‍ ചാണ്ടി, കെ.പി.സി.സി. പ്രസിഡന്റ് മുല്ലപ്പള്ളി രാമചന്ദ്രന്‍, വി.എം. സുധീരന്‍ തുടങ്ങിയവര്‍ എല്ലാ മണ്ഡലത്തിലുമെത്തി. അവസാനഘട്ടത്തില്‍ എ.കെ. ആന്റണിയുടെ വരവും യു.ഡി.എഫിന് ഉണര്‍വായി. പിണറായി, കോടിയേരി, കാനം എന്നിവരാണ് ഇടതുമുന്നണിയുടെ പ്രചാരണം നയിച്ചത്.

മുന്‍കാലങ്ങളില്‍ ഇടതുമുന്നണിയുടെ പ്രചാരണത്തിന്റെ കുന്തമുനയായിരുന്ന വി.എസ്. അച്യുതാനന്ദന്‍ ഇക്കുറി സജീവമായില്ല. വട്ടിയൂര്‍ക്കാവ് മണ്ഡലത്തില്‍ ഒരു യോഗത്തില്‍ മാത്രമേ അദ്ദേഹം എത്തിയുള്ളൂ. ബി.ജെ.പിയുടെ പ്രചാരണം കേന്ദ്ര മന്ത്രി വി. മുരളീധരനും പി.എസ്. ശ്രീധരന്‍പിള്ളയും കുമ്മനം രാജശേഖരനുമാണു നയിച്ചത്. മോഡി സര്‍ക്കാരിന്റെ നേട്ടങ്ങള്‍ ചൂണ്ടിക്കാട്ടിയായിരുന്നു പ്രധാന പ്രചാരണം.അവസാന ഘട്ടത്തിലെ ഒരാഴ്ച എം.ജി. സര്‍വകലാശാലയിലെ മാര്‍ക്ക് ദാനമാണു പ്രധാനമായും ചര്‍ച്ച ചെയ്യപ്പെട്ടത്. ഇടതുമുന്നണി പ്രതിരോധത്തിലാകുകയും ചെയ്തു.