കെ. സി വേണുഗോപാല്‍ പിന്മാറി; പി.സി വിഷ്ണുനാഥ്, എം. ലിജു, വി.എം സുധീരന്‍ തുടങ്ങിയവരുടെ പേരുകള്‍ ആലപ്പുഴയില്‍ പരിഗണനയില്‍

ആലപ്പുഴ നിയോജക മണ്ഡലത്തില്‍ ഇത്തവണ സിറ്റിംഗ് എം പി കെ.സി വേണുഗോപാല്‍ മത്സരിക്കില്ല. എ.ഐ.സി.സി. സംഘടനാ ചുമതലയോടെ മത്സരിക്കുന്നത് ആലപ്പുഴക്കാരോടുള്ള ദ്രോഹമാകും. ഹൃദയവേദനയോടെയാണ് ഈ തീരുമാനം എടുത്തതെന്നും കെ സി വേണുഗോപാല്‍ അറിയിച്ചു. ഇതോടെ ആലപ്പുഴയില്‍ ആരു മത്സരിക്കുമെന്ന് കാര്യത്തില്‍ കോണ്‍ഗ്രസില്‍ ചര്‍ച്ചകള്‍ക്ക് തുടക്കമായി.

ആദ്യഘട്ടം മുതലേ ഹാട്രിക് വിജയത്തിനായി കെ സി തന്നെ മത്സരിക്കുമെന്നാണ് കോണ്‍ഗ്രസ് കരുതിയിരുന്നത്. ഇതിനകം തന്നെ പ്രവര്‍ത്തകര്‍ പ്രചാരണവും തുടങ്ങിയിരുന്നു. അതിനിടെ അപ്രതീക്ഷതമായിട്ടാണ് കെ. സി വേണുഗോപാല്‍ പിന്മാറിയിരിക്കുന്നത്. സി.പി.എം. എ.എം ആരിഫിനെ ആലുപ്പഴയില്‍ നിര്‍ത്താന്‍ തീരുമാനിച്ചതും കെ. സി മത്സരിക്കുന്നത് മുന്നില്‍ കണ്ടാണ്.

മണ്ഡലത്തിലെ മുന്‍ എം പിയും മുതിര്‍ന്ന നേതാവുമായ വി.എം സുധീരന്‍ മത്സരിക്കണമെന്നാണ് പാര്‍ട്ടിയിലെ ഒരു വിഭാഗത്തിന്റെ ആഗ്രഹം. പക്ഷേ ഇതിനോട് പ്രതികൂലമായിട്ടാണ് സുധീരന്‍ പ്രതികരിച്ചിരിക്കുന്നത്. എ.ഐ.സി.സി സെക്രട്ടറി പി.സി വിഷ്ണുനാഥ്, ഡി.സി.സി പ്രസിഡന്റ് എം.ലിജു, മുന്‍ ഡി.സി.സി പ്രസിഡന്റ് എ.എ ഷുക്കൂര്‍, ഹരിപ്പാട് മുന്‍ എം.എല്‍.എ ബി. ബാബുപ്രസാദ്, ഷാനിമോള്‍ ഉസ്മാന്‍ തുടങ്ങിയവരുടെ പേരുകളും സജീവ പരിഗണനയിലുണ്ട്.

ഐ ഗ്രൂപ്പിന്റെ സീറ്റായതിനാല്‍ എം ലിജുവിന് നറുക്ക് വീഴാനാണ് സാധ്യത. പക്ഷേ ഈ സീറ്റില്‍ മത്സരിക്കുന്നതിന് എ ഗ്രൂപ്പിനും താത്പര്യമുണ്ട്. എ ഗ്രൂപ്പിന് സീറ്റ് നല്‍കാന്‍ തീരുമാനിച്ചാല്‍ പി സി വിഷ്ണുനാഥിനായിരിക്കും ആദ്യ പരിഗണനയെന്നും പാര്‍ട്ടിവൃത്തങ്ങള്‍ പറയുന്നു.