തുടര്‍ ചികിത്സയ്ക്ക് പണമില്ല; കടുത്ത വേദന പോലും തിരിച്ചറിയാന്‍ കഴിയുന്നില്ല; കരുവന്നൂരിലെ നിക്ഷേപകന്‍ ദയാവധത്തിന് അനുമതി തേടി കോടതിയില്‍

ദയാവധത്തിന് അനുമതി തേടി കരുവന്നൂര്‍ സഹകരണ ബാങ്കിലെ നിക്ഷേപകന്റെ സങ്കട ഹര്‍ജി. ഹൈക്കോടതി ചീഫ് ജസ്റ്റിസിനാണ് നിക്ഷേപകന്‍ ഹര്‍ജി നല്‍കിയിരിക്കുന്നത്. തൃശൂര്‍ മാടായിക്കോണം വില്ലേജില്‍ മാപ്രാണം സ്വദേശി ജോഷിയാണ് സങ്കട ഹര്‍ജി ഫയല്‍ ചെയ്ത നിക്ഷേപകന്‍. നിക്ഷേപം തിരികെ ലഭിക്കാതെ വന്നതോടെയാണ് ജോഷി കോടതിയെ സമീപിച്ചത്.

നിരവധി തവണ ഇത് സംബന്ധിച്ച പരാതി നല്‍കിയിട്ടും ഫലം കാണാതെ വന്നതോടെയാണ് ജോഷി ദയാവധത്തിന് അനുമതി തേടിയത്. അഞ്ചു തവണ കരുവന്നൂര്‍ ബാങ്കിലും ജില്ലാ കളക്ടര്‍ക്കും നവകേരള സദസിലും പരാതി നല്‍കിയെങ്കിലും നടപടിയുണ്ടായില്ല. ഹൈക്കോടതിയിലും ഒന്നര വര്‍ഷം ഇത് സംബന്ധിച്ച് കേസ് നടത്തിയെങ്കിലും ഫലമുണ്ടായില്ല.

തനിക്ക് 20 വര്‍ഷത്തിനിടെ 21 ശസ്ത്രക്രിയകള്‍ നടത്തേണ്ടി വന്നിട്ടുണ്ടെന്നും തുടര്‍ ചികിത്സയും കുട്ടികളുടെ വിദ്യാഭ്യാസവും മുടങ്ങിയെന്നും ഹര്‍ജിയില്‍ പറയുന്നു. കടുത്ത വേദന പോലും തിരിച്ചറിയാന്‍ കഴിയാത്ത തരത്തില്‍ ആരോഗ്യം നഷ്ടപ്പെട്ടെന്നും മരണമല്ലാതെ മുന്നില്‍ മറ്റൊരു വഴിയുമില്ലെന്നും ജോഷി ഹര്‍ജിയില്‍ വ്യക്തമാക്കിയിട്ടുണ്ട്.

ഇനിയും യാചിച്ചിട്ട് കാര്യമില്ലാത്ത സാഹചര്യത്തില്‍ കോടതിയുടെ അറിവോടെ ജനുവരി 30ന് ജീവിതം അവസാനിപ്പിക്കാന്‍ തീരുമാനിച്ചിരിക്കുന്നു. ദയാവധ ഹര്‍ജിക്ക് അനുമതി നല്‍കണമെന്നും ജോഷി ചീഫ് ജസ്റ്റിസിന് നല്‍കിയ ഹര്‍ജിയില്‍ പറയുന്നു.