'ഗവര്‍ണര്‍ പദവി ആവശ്യമില്ലാത്തത്'; ആരിഫ് മുഹമ്മദ് ഖാനെതിരെ തുറന്നടിച്ച് കാനം രാജേന്ദ്രന്‍

കേരള ഗവര്‍ണര്‍ ആരിഫ് മുഹമ്മദ് ഖാനെ രൂക്ഷമായി വിമര്‍ശിച്ച് സി.പി.ഐ സംസ്ഥാന സെക്രട്ടറി കാനം രാജേന്ദ്രന്‍.സര്‍ക്കാരിനോട് വിശദീകരണം ചോദിക്കാന്‍ ഗവര്‍ണര്‍ വാര്‍ത്താ സമ്മേളനം നടത്തേണ്ട ആവശ്യമില്ല. ഗവര്‍ണര്‍ എന്ന പദവി തന്നെ ആവശ്യമില്ലാത്തതാണെന്നാണ് സി.പി.ഐയുടെ അഭിപ്രായമെന്ന് കാനം രാജേന്ദ്രന്‍ പറഞ്ഞു.

അതേസമയം ഗവര്‍ണര്‍ ഇങ്ങനെ തരംതാഴരുതെന്നും ഗവര്‍ണര്‍ ഒരു ഭാഗത്തും കേരള ജനത മറുഭാഗത്തുമാണന്നും കാനം രാജേന്ദ്രന്‍ തുറന്നടിച്ചു. ഇവിടെ ഒരു ഭരണഘടനാ പ്രതിസന്ധിയുമില്ല. റൂള്‍സ് ഓഫ് ബിസിനസ് വായിച്ച് തെറ്റിദ്ധരിപ്പിക്കരുതെന്നും കാനം വ്യക്തമാക്കി.

അതേസമയം സംസ്ഥാന സര്‍ക്കാരിന് സുപ്രീംകോടതിയെ സമീപിക്കാന്‍ ഗവര്‍ണറുടെ അനുമതി ആവശ്യമില്ല ഭരണഘടന നല്‍കുന്ന അവകാശമാണത്. ഗവര്‍ണര്‍ വാര്‍ത്താ സമ്മേളനം നടത്തിയത് അനുചിതമായി പോയെന്നും കാനം പറഞ്ഞു.

ഗവര്‍ണര്‍ക്ക് ഭരണഘടന അറിയുമോ എന്ന കാര്യം താന്‍ ഇപ്പോള്‍ പറയുന്നില്ല. സര്‍ക്കാര്‍ ധിക്കാരം കാണിക്കുകയോ ഇല്ലാത്ത ഒരു കാര്യം ചെയ്യുകയോ ചെയ്തിട്ടില്ല. ഗവര്‍ണര്‍ സംസ്ഥാനത്തിന്റെ തലവനാണെന്ന കാര്യത്തില്‍ തര്‍ക്കമില്ല. ഒരു പ്യൂണിന്റെ അവധി ഉത്തരവ് പോലും ഗവര്‍ണറുടെ പേരിലാണ്. എന്നാല്‍ അതിന്റെ പേരില്‍ അധികാരം പ്രയോഗിക്കേണ്ട ആവശ്യമില്ലെന്നും കാനം തുറന്നടിച്ചു.

ഓര്‍ഡിനന്‍സില്‍ ഗവര്‍ണര്‍ ഒപ്പുവച്ചില്ലെങ്കില്‍ സഭയില്‍ നിയമനിര്‍മ്മാണം നടത്തും. അധികാരം ഗവര്‍ണര്‍ക്കാണെന്നാണെങ്കില്‍ ഒരു ഗാലപ്പ് പോള്‍ നടത്താം. ഗവര്‍ണറുടെ നടപടി കൊണ്ടൊന്നും ജനപിന്തുണയുള്ള സര്‍ക്കാരിനെ ഒന്നും ചെയ്യാനാകില്ല. ഗവര്‍ണര്‍ നയപ്രഖ്യാപനം നടത്തിയില്ലെങ്കില്‍ അപ്പോള്‍ കാണാം. മന്ത്രിസഭ അംഗീകരിക്കുന്ന പ്രസംഗമാണ് വായിക്കേണ്ടതെന്നും കാനം പറഞ്ഞു

പന്തീരാങ്കാവ് കേസില്‍ മാത്രമല്ല പല കാര്യങ്ങളിലും സിപിഐക്ക് സര്‍ക്കാരുമായി വ്യത്യസ്ത അഭിപ്രായമാണുള്ളത്. അത് ഉന്നയിക്കുകയും ചെയ്തിട്ടുണ്ട്. വ്യത്യസ്ത അഭിപ്രായമുള്ളവരെ ജയിലിലടയ്ക്കുകയല്ല വേണ്ടത്. ഇക്കാര്യത്തില്‍ സിപിഐ നേരത്തെയുള്ള നിലപാടില്‍ ഉറച്ചുനില്‍ക്കുന്നതായും കാനം രാജേന്ദ്രന്‍ പറഞ്ഞു.