ജനങ്ങളുടെ നികുതി പണമെടുത്താണ് ഇവര്‍ക്ക് തീറ്റയ്ക്ക് കൊടുക്കുന്നത്; കെ.എസ്.​ആർ.ടി.സി മിന്നൽ പണിമുടക്ക്​ മര്യാദകേടെന്ന് കടകംപള്ളി

കെഎസ്ആര്‍ടിസി ജീവനക്കാര്‍ ഇന്നലെ തിരുവനന്തപുരത്ത് നടത്തിയ മിന്നല്‍ പണിമുടക്ക് ന്യായീകരിക്കാനാവില്ലെന്ന് മന്ത്രി കടകംപള്ളി സുരേന്ദ്രന്‍. സമരം ചെയ്തവര്‍ക്കെതിരെ കര്‍ശന നടപടി സ്വീകരിക്കും. മരിച്ച സുരേന്ദ്രന്റെ കുടുംബത്തെ സര്‍ക്കാര്‍ സഹായിക്കുമെന്ന് കടകംപള്ളി സുരേന്ദ്രന്‍ പറഞ്ഞു. സുരേന്ദ്രന്റെ വീട് സന്ദര്‍ശിച്ച ശേഷം മാധ്യമങ്ങളോട് സംസാരിക്കുകയായിരുന്നു മന്ത്രി.

ബസ്സുകള്‍ തലങ്ങും വിലങ്ങും ഇട്ട് പോയതിനാലാണ് ഒന്നും ചെയ്യാന്‍ പറ്റാതായത്. മരിച്ച സുരേന്ദ്രന്‍റെ കുടുംബത്തിന് സര്‍ക്കാര്‍ സഹായം നല്‍കും. മുഖ്യമന്ത്രിയും ഗതാഗത മന്ത്രിയുമായും ഇക്കാര്യത്തില്‍ ചര്‍ച്ച നടത്തും. സമരത്തിന്റെ പേരില്‍ ഇന്നലെ കെഎസ്ആര്‍ടിസി ജീവനക്കാര്‍ മര്യാദകേടാണ് നടത്തിയത്. സമരം ചെയ്യാനുള്ള അവകാശത്തെ ചോദ്യം ചെയ്യുന്നില്ല. സമരത്തിന്റെ പേരില്‍ കിഴക്കകോട്ട പോലെ ഒരു സ്ഥലത്ത് വാഹനങ്ങള്‍ തലങ്ങനെയും വിലങ്ങനെയും കൊണ്ടിട്ട് ഡ്രൈവര്‍മാര്‍ ക്യാബിനില്‍ നിന്ന് ഇറങ്ങിപ്പോയി ആളുകളോട് യുദ്ധം പ്രഖ്യാപിക്കുകയാണ് യഥാര്‍ത്ഥത്തില്‍ അവര്‍ ചെയ്തതെന്ന് കടകംപള്ളി പറഞ്ഞു.

കെഎസ്ആര്‍ടിസിയെ നിലനിര്‍ത്തുന്നതിന് ജനങ്ങളുടെ നികുതി പണമെടുത്ത് ഇവര്‍ക്ക് തീറ്റയ്ക്ക് കൊടുക്കുകയാണ് ചെയ്യുന്നത്. എന്ത് സാമൂഹിക പ്രതിബദ്ധതയാണ് ഇവര്‍ക്കുള്ളത്. ഇതിനെയാണ് അക്രമം എന്നുപറയുന്നത്. ഇത് ന്യായീകരിക്കാനാവില്ല. ഇന്നലെ അക്രമം നടത്തിയവര്‍ക്കെതിരെ കര്‍ശന നടപടി സ്വീകരിക്കും. പണിമുടക്കുന്നവര്‍ തൊഴില്‍ മുടക്കി പോകുകയാണ് വേണ്ടത്‌. അല്ലാതെ വാഹനം കൊണ്ടുവന്ന് റോഡിലിട്ട് ഗതാഗതം തടയുകയല്ല ചെയ്യേണ്ടത് കടകംപള്ളി സുരേന്ദ്രന്‍ പറഞ്ഞു.

റൂട്ടു മാറി ഓടിയ സ്വകാര്യബസ് തടഞ്ഞ കെഎസ്ആര്‍ടിസി ഉദ്യോഗസ്ഥരെ പൊലീസ് കസ്റ്റഡിയില്‍ എടുത്തിരുന്നു. ഇതില്‍ പ്രതിഷേധിച്ചാണ് കെഎസ്ആര്‍ടിസി ജീവനക്കാര്‍ മിന്നല്‍ പണിമുടക്ക് നടത്തിയത്. നൂറ് കണക്കിന് യാത്രക്കാരെ ബുദ്ധിമുട്ടിച്ച സമരത്തിനിടെ ഹൃദയാഘാതത്തെ തുടര്‍ന്ന് കടകംപള്ളി സ്വദേശി സുരേന്ദ്രന്‍ മരിച്ചിരുന്നു. ഇത് വലിയ പ്രതിഷേധത്തിന് ഇടയാക്കിയിരുന്നു.