മഞ്ചേശ്വരം തിരഞ്ഞെടുപ്പ് കോഴ കേസ്; കെ. സുരേന്ദ്രനെ നാളെ ചോദ്യം ചെയ്യും, നോട്ടീസ് നൽകി

മഞ്ചേശ്വരം തിരഞ്ഞെടുപ്പ് കോഴക്കേസില്‍ കെ. സുരേന്ദ്രനെ നാളെ ചോദ്യം ചെയ്യും. ജില്ലാ ക്രൈംബ്രാഞ്ച് സുരേന്ദ്രന് നോട്ടീസ് നല്‍കി.  കാസർഗോഡ് ജില്ലാ ക്രൈംബ്രാഞ്ച് ഓഫീസിൽ രാവിലെ പത്തിനാണ് ഹാജരാകുക.

സ്ഥാനാര്‍ത്ഥിത്വം പിന്‍വലിക്കാന്‍ ബിഎസ്പി സ്ഥാനാര്‍ത്ഥിക്ക് കോഴ നല്‍കിയെന്നാണ് കേസ്. ഇടത് സ്ഥാനാർത്ഥിയായിരുന്ന വി.വി.രമേശാണ് പരാതിക്കാരന്‍. പ്രതിചേർത്ത് മൂന്നുമാസങ്ങൾക്കു ശേഷമാണ് കെ.സുരേന്ദ്രനെ ചോദ്യം ചെയ്യാൻ ജില്ലാ ക്രൈംബ്രാഞ്ച് സംഘം തീരുമാനിക്കുന്നത്.

തിരഞ്ഞെടുപ്പ് ആട്ടിമറിക്കാൻ കൈക്കൂലി നൽകിയതിനു  IPC 171 B, E വകുപ്പുകൾ പ്രകാരമാണ് കേസെടുത്തത്. സ്ഥാനാർത്ഥിത്വം പിൻവലിക്കാൻ കോഴ നൽകിയെന്നും ഭീഷണിപ്പെടുത്തിയെന്നും കെ.സുന്ദര മാധ്യമങ്ങളിലൂടെ വെളിപ്പെടുത്തിയിരുന്നു. 15 ലക്ഷവും മംഗളൂരുവിൽ വൈൻ പാർലറും ചോദിച്ചെന്നും രണ്ടരലക്ഷം രൂപയും 15,000 രൂപയുടെ മൊബൈൽ ഫോണും ലഭിച്ചെന്നുമാണ് സുന്ദരയുടെ മൊഴി.