മഞ്ചേശ്വരം കേസിന് പരിസമാപ്തി; സുരേന്ദ്രന്റെ ആവശ്യം കോടതി അംഗീകരിച്ചു, ചെലവായ 42,000 രൂപ നല്‍കണം

മഞ്ചേശ്വരം ഉപതിരഞ്ഞെടുപ്പ് കേസ് ഹൈക്കോടതി അവസാനിപ്പിച്ചു. നിയമസഭാ മണ്ഡലത്തിലേയ്ക്കുള്ള തിരഞ്ഞെടുപ്പില്‍ ക്രമക്കേട് ആരോപിച്ചു നല്‍കിയ ഹര്‍ജി പിന്‍വലിക്കാന്‍ മണ്ഡലത്തിലെ എന്‍.ഡി.എ സ്ഥാനാര്‍ത്ഥിയായ കെ.സുരേന്ദ്രന്‍ നല്‍കിയ അപേക്ഷ ഹൈക്കോടതി അനുവദിച്ചു. ജസ്റ്റിസ് സുനില്‍ തോമസിന്റേതാണ് ഉത്തരവ്.

തിരഞ്ഞെടുപ്പ് ക്രമക്കേട് തെളിയിക്കാന്‍ പരമാവധി ശ്രമിച്ചെങ്കിലും തന്റെ ആരോപണം സാക്ഷി വിസ്താരത്തിലൂടെ തെളിയിക്കാന്‍ ഈ ഘട്ടത്തില്‍ ബുദ്ധിമുട്ടാണെന്നും അതിനാല്‍ തിരഞ്ഞെടുപ്പ് ഹര്‍ജി പിന്‍വലിക്കാന്‍ അനുവദിക്കണമെന്നുമായിരുന്നു സുരേന്ദ്രന്‍ ആവശ്യപ്പെട്ടത്. ഇത് കോടതി അംഗീകരിക്കുകയായിരുന്നു.

അതേസമയം, കേസിന്റെ ഭാഗമായി കൊണ്ടു വന്ന വോട്ടിംഗ് യന്ത്രങ്ങള്‍ കാക്കനാട്ട് നിന്ന് മഞ്ചേശ്വരത്തെക്ക് തിരികെ കൊണ്ടു പോവുന്നതിന്റെ ചെലവായ 42,000 രൂപ സുരേന്ദ്രന്‍ നല്‍കണമെന്ന് കോടതി നിര്‍ദേശിച്ചു.

മഞ്ചേശ്വരത്ത് മുസ്ലിം ലീഗ് സ്ഥാനാര്‍ത്ഥി പികെ അബ്ദുള്‍ റസാഖിന്റെ തിരഞ്ഞെടുപ്പ് വിജയം ചോദ്യം ചെയ്താണ് സുരേന്ദ്രന്‍ ഹര്‍ജി നല്‍കിയത്. അബ്ദുല്‍ റസാഖ് മരിച്ചതോടെയാണ് കേസ് അനശ്ചിതത്വത്തിലായത്. ഇതോടെയാണ് ഹര്‍ജി പിന്‍വലിക്കാന്‍ സുരേന്ദ്രന്‍ അനുമതി തേടിയത്. 89 വോട്ടുകള്‍ക്കാണ് മഞ്ചേശ്വരത്ത് സുരേന്ദ്രന്‍ പരാജയപ്പെട്ടത്.