കെ കെ ശൈലജ ഇടപെട്ടു, 15 ദിവസം മാത്രം പ്രായമുള്ള കുഞ്ഞിനെ കൊച്ചി അമൃത ആശുപത്രിയിലെത്തിക്കും; ചികിത്സാ ചെലവ് സര്‍ക്കാര്‍ വഹിക്കും

15 ദിവസം മാത്രം പ്രായമുള്ള കുഞ്ഞിനെ ഹൃദയ ശസ്ത്രക്രിയക്ക് കൊച്ചി അമൃത ആശുപത്രിയില്‍ നടത്താന്‍ തീരുമാനം. ആരോഗ്യമന്ത്രി ഇടപെട്ടതിനെ തുടര്‍ന്നാണ് മംഗലാപുരത്ത് നിന്ന് തിരുവനന്തപുരത്തേക്ക് എത്തിക്കാനുള്ള തീരുമാനം മാറ്റിയത്. കുട്ടിയുടെ ചികിത്സാ ചെലവ് ഹൃദ്യം പദ്ധതിയില്‍ ഉള്‍പ്പെടുത്തും. ഇതോടെ ചെലവ് മുഴുവന്‍ സര്‍ക്കാര്‍ വഹിക്കുമെന്നും ആരോഗ്യ മന്ത്രി കെ കെ ശൈലജ അറിയിച്ചു.

കുട്ടിയെ അമൃത ആശുപത്രിയില്‍ ഡോക്ടര്‍മാരായ ബ്രിജേഷ്, കൃഷ്ണകുമാര്‍ തുടങ്ങിയവര്‍ പരിശോധിക്കും. മംഗലാപുരത്ത് നിന്ന് ഇന്ന് രാവിലെ 11.15 നാണ് കുട്ടിയുമായി ആംബുലന്‍സ് യാത്ര തിരിച്ചത്. കാസര്‍ഗോഡ് സ്വദേശികളായ സാനിയ മിത്താഹ് ദമ്പതികളുടെ കുട്ടിക്കാണ് അടിയന്തര ശസ്ത്രിക്രിയ ആവശ്യമായിരിക്കുന്നത്. KL-60 – J 7739 എന്ന നമ്പര്‍ ആംബലുന്‍സിലാണ് കുട്ടിയെ കൊണ്ടുവരുന്നത്.

എയര്‍ ലിഫ്റ്റിങ് നടത്താന്‍ ആദ്യം ആലോചിച്ചിരുന്നു. പക്ഷേ ആരോഗ്യനില അപകടരമായ സ്ഥിതിക്ക് ഇത് വേണ്ടെന്ന് ഡോക്ടര്‍മാര്‍ നിര്‍ദേശിക്കുകയായിരുന്നു. തുടര്‍ന്നാണ് റോഡ് മാര്‍ഗം കുട്ടിയെ തിരുവനന്തപുരത്തേക്ക് കൊണ്ടു പോകാന്‍ തീരുമാനിക്കുകയായിരുന്നു പക്ഷേ ആരോഗ്യമന്ത്രി കുഞ്ഞിന്റെ മാതാപിതാക്കളുമായി നേരിട്ട് സംസാരിച്ചതോടെ കുട്ടിയെ അമൃത ആശുപത്രിയിലേക്ക് മാറ്റാന്‍ ധാരണയായത്.

#