കെ റെയില്‍; ഡിപിആര്‍ അന്തിമമല്ല, ആവശ്യമായ മാറ്റങ്ങള്‍ വരുത്തുമെന്ന് എം.വി ഗോവിന്ദന്‍

കെ റെയില്‍ പദ്ധതിയുടെ ഡി.പി.ആര്‍ അന്തിമമല്ലെന്ന് മന്ത്രി എം.വി ഗോവിന്ദന്‍. ഡിപിആര്‍ മുറുകെ പിടിക്കില്ലെന്നും ഇതില്‍ ആവശ്യമായ മാറ്റങ്ങള്‍ വരുത്തുമെന്നും മന്ത്രി അറിയിച്ചു. കെ റെയില്‍ വിഷയത്തില്‍ മലപ്പുറത്ത് നടന്ന് വിശദീകരണ യോഗത്തിലാണ് മന്ത്രി ഇക്കാര്യം വ്യക്തമാക്കിയത്.വിമര്‍ശനങ്ങളെ ഗൗരവമായി കാണുന്നു എന്നും അദ്ദേഹം പറഞ്ഞു.

കെ റെയിലിന്റെ ഡിപിആര്‍ കഴിഞ്ഞ ദിവസം സര്‍ക്കാര്‍ പുറത്തു വിട്ടിരുന്നു. ഇതേ തുടര്‍ന്നാണ് വിമര്‍ശനങ്ങള്‍ ഉയര്‍ന്നത്. പദ്ധതി വലിയ പാരിസ്ഥിതിക പ്രശ്നങ്ങള്‍ക്ക് കാരണമാകും എന്നതായിരുന്നു പ്രധാന വിമര്‍ശനം. ജനസൗഹൃദവും പരിസ്ഥിതി സൗഹൃദവുമായ മാറ്റങ്ങള്‍ വരുത്തിയാണ് പദ്ധതി നടപ്പാക്കുക. കെ. റെയില്‍ തന്നെ ഇക്കാര്യങ്ങള്‍ വ്യക്തമാക്കിയതാണ് എന്നും മന്ത്രി അറിയിച്ചു.

പദ്ധതിയുടെ നിര്‍മ്മാണ സമയത്ത് പാത കടന്നുപോകുന്ന സ്ഥലങ്ങളില്‍ സ്വാഭാവിക നീരൊഴുക്ക് തടസ്സപ്പെടാനും ഉരുള്‍പൊട്ടല്‍, വെള്ളപ്പൊക്കം തുടങ്ങിയ പ്രകൃതി ദുരന്തങ്ങളുണ്ടാകാനും സാധ്യതയുണ്ട്. നിര്‍മാണം പൂര്‍ത്തിയാകുന്നതോടെ ഇത് മാറും എന്നും റിപ്പോര്‍ട്ടില്‍ പറയുന്നു. പാരിസ് ആസ്ഥാനമായ ആഗോള എഞ്ചിനീയറിങ് കണ്‍സട്ടന്‍സി സിസ്ട്രയാണ് ഡി.പി.ആര്‍ തയാറാക്കിയത്.

പദ്ധതിക്ക് 1383 ഹെക്ടര്‍ ഭൂമി വേണം. ഇതില്‍ 185 ഹെക്ടര്‍ റെയില്‍വേ ഭൂമിയാണ്. 1198 ഹെക്ടര്‍ സ്വകാര്യഭൂമിയും. അടുത്ത 50 വര്‍ഷത്തെ ഗതാഗത ആവശ്യങ്ങള്‍ മുന്നില്‍ കാണുന്ന കെ റെയില്‍ പാത തിരുവനന്തപുരം മുതല്‍ കാസര്‍കോട് വരെയുള്ള യാത്ര സമയം നാല് മണിക്കൂറായി കുറയ്ക്കും. നിലവില്‍ 10-12 മണിക്കൂറാണ് യാത്രക്ക് വേണ്ടി വരുന്നത്. 529.540 കിലോമീറ്റര്‍ പാതയില്‍ മണിക്കൂറില്‍ 200 കിലോമീറ്ററായിരിക്കും ട്രെയിനിന്റെ വേഗം.