സര്‍ക്കാരില്‍ വിശ്വാസം; കെ.ആര്‍ നാരായണന്‍ ഫിലിം ഇന്‍സ്റ്റിറ്റ്യൂട്ട് ഡയറക്ടറെ മാറ്റണം; ഞങ്ങള്‍ വിദ്യാര്‍ത്ഥികള്‍ക്ക് ഒപ്പം; നിലപാട് പറഞ്ഞ് ഡി.വൈ.എഫ്‌.ഐ

കെ ആര്‍ നാരായണന്‍ ഫിലിം ഇന്‍സ്റ്റിറ്റ്യൂട്ടിലെ ജാതി വിവേചനത്തില്‍ ഡയറക്ടറെ മാറ്റണമെന്ന് ഡിവൈഎഫ്ഐ. വിദ്യാര്‍ത്ഥികള്‍ക്കൊപ്പമാണ് തങ്ങളെന്ന് ഡിവൈഎഫ്ഐ സംസ്ഥാന പ്രസിഡന്റ് വി വസീഫ്, സെക്രട്ടറി വി കെ സനോജ് എന്നിവര്‍ പത്രസമ്മേളനത്തില്‍ പറഞ്ഞു.

വിദ്യാര്‍ഥികള്‍ ഉയര്‍ത്തിയ വിഷയത്തിനൊപ്പമാണ് ഡിവൈഎഫ്ഐ. സംസ്ഥാന സര്‍ക്കാര്‍ വിഷയത്തില്‍ ഇടപെട്ടിട്ടുണ്ട്. അന്വേഷിക്കാന്‍ കമ്മിറ്റിയെ വയ്ക്കുകയും കമ്മിറ്റി റിപ്പോര്‍ട്ട് സമര്‍പ്പിക്കുകയും ചെയ്തിട്ടുണ്ട്. ഉചിതമായ നടപടി എടുക്കുമെന്നാണ് പ്രതീക്ഷിക്കുന്നത്. സര്‍ക്കാരില്‍ വിശ്വാസമുണ്ടെന്നും ഭാരവാഹികള്‍ വ്യക്തമാക്കി.

അതേസമയം, കെ ആര്‍ നാരായണന്‍ ഫിലിം ഇന്‍സ്റ്റിറ്റ്യൂട്ട് ഡയറക്ടര്‍ക്കെതിരെ സ്റ്റുഡന്റ് കൗണ്‍സില്‍ നടത്തുന്ന സമരം ശക്തമായി. ജാതി വിവേചനം, പ്രവേശനത്തില്‍ സംവരണ അട്ടിമറി, വിദ്യാര്‍ഥികള്‍ക്ക് സൗകര്യങ്ങള്‍ നിഷേധിക്കല്‍ തുടങ്ങിയ ആരോപണങ്ങളെ തുടര്‍ന്ന് ഇന്‍സ്റ്റിറ്റ്യൂട്ട് ഡയറക്ടര്‍ രാജിവെയ്ക്കണമെന്ന് ആവശ്യപ്പെട്ടാണ് സമരം. സമരത്തിന് എസ്എഫ്ഐയും ഡിവൈഎഫ്ഐയും പിന്തുണ പ്രഖ്യാപിച്ചിട്ടുണ്ട്.

ഏറെ നാളായി ഇന്‍സ്റ്റിറ്റ്യൂട്ടിന്റെ പ്രവര്‍ത്തനം താറുമാറാണ്. ഡയറക്ടര്‍ ശങ്കര്‍ മോഹനെ പുറത്താക്കണമെന്നാണ് സ്റ്റുഡന്റ്സ് കൗണ്‍സിലിന്റെ ആവശ്യം. ഇന്‍സ്റ്റിറ്റ്യൂട്ടിലെ കോഴ്സുകളിലെ പ്രവേശനത്തിന് സംവരണ വിഭാഗങ്ങളുടെ എല്ലാ അവകാശങ്ങളും നിഷേധിക്കുകയാണ്. എഡിറ്റിങ് വിഭാഗത്തില്‍ സംവരണ സീറ്റിനു അര്‍ഹനായ വിദ്യാര്‍ത്ഥി ശരതിന് അവസരം നിഷേധിച്ചു. അനധികൃതമായി ഇന്‍സ്റ്റിറ്റ്യൂട്ട് നിര്‍ണയിച്ച കട്ട് ഓഫ് മാര്‍ക്കിന്റെ അടിസ്ഥാനത്തിലായിരുന്നിത്. ശരത് കോടതിയില്‍ നിയമപോരാട്ടം നടത്തിയാണ് അനുകൂല ഉത്തരവ് നേടിയത്. തിരുവനന്തപുരം എല്‍ബിഎസ് സെന്റര്‍ കോടതിയില്‍ സമര്‍പ്പിച്ച കത്തില്‍ ഇന്‍സ്റ്റിറ്റ്യൂട്ടിന്റെ സംവരണ അട്ടിമറി വ്യക്തമാക്കിയിട്ടുണ്ട്. ക്ലീനിങ് ജീവനക്കാരിയെക്കൊണ്ട് ഡയറക്ടര്‍ സ്വന്തം വീട്ടിലെ ശുചിമുറി വൃത്തിയാക്കിക്കാന്‍ ശ്രമിച്ചെന്ന ആരോപണവുമുണ്ട്. സമരം വിജയിക്കുന്നതുവരെ വിദ്യാര്‍ഥികള്‍ക്കൊപ്പം നില്‍ക്കുമെന്ന് എസ്എഫ്ഐ പ്രഖ്യാപിച്ചിട്ടുണ്ട്.

Read more

ഇന്‍സ്റ്റിറ്റ്യൂട്ടില്‍ തുടര്‍ച്ചയായുണ്ടാകുന്ന വിദ്യാര്‍ഥിവിരുദ്ധ സമീപനം പ്രതിഷേധാര്‍ഹമാണെന്ന് ഡിവൈഎഫ്ഐ പ്രസ്താവിച്ചു. ആവശ്യമായ ഭൗതിക സാഹചര്യവും അക്കാദമിക് അന്തരീക്ഷവും ഒരുക്കാന്‍ അധികൃതര്‍ തയ്യാറാകുന്നില്ല. മാസങ്ങള്‍ക്കുമുമ്പ് ഉദ്ഘാടനംചെയ്ത മിക്‌സിങ് സ്റ്റുഡിയോയില്‍ വിദ്യാര്‍ഥികളെ പ്രവേശിപ്പിക്കുന്നില്ല. സിലബസ് രൂപീകരണമടക്കമുള്ള കാര്യങ്ങളില്‍ സുതാര്യമായ സംവിധാനമില്ല. അക്കാദമിക് ഭരണസമിതികളില്‍ വിദ്യാര്‍ഥി പ്രാതിനിധ്യമോ ജനാധിപത്യ രാഷ്ട്രീയ പ്രസ്ഥാനങ്ങളില്‍ പ്രവര്‍ത്തിക്കുന്നവരുടെ പങ്കാളിത്തമോ ഇല്ല. ജാതിവെറിയന്മാരെ സ്ഥാനത്തുനിന്ന് നീക്കി ഇന്‍സ്റ്റിറ്റ്യൂട്ടിന്റെ അക്കാദമിക് നിലവാരം വീണ്ടെടുക്കണമെന്നും സംസ്ഥാന സെക്രട്ടറിയറ്റ് ആവശ്യപ്പെട്ടു.