സഭയുടെ സ്ഥാനാര്‍ത്ഥിയെന്ന് പറഞ്ഞിട്ടില്ല, കോണ്‍ഗ്രസിന് സഹതാപത്തിന്റെ ആവശ്യമില്ലെന്ന് കെ. മുരളീധരന്‍

ഇടത്പക്ഷത്തിന്റേത് സഭയുടെ സ്ഥാനാര്‍ത്ഥിയെന്ന് കോണ്‍ഗ്രസ് പറഞ്ഞിട്ടില്ലെന്ന് കെ മുരളീധരന്‍ എംപി. തൃക്കാക്കരയില്‍ കോണ്‍ഗ്രസ് 20,000 വോട്ടിന്റെ ഭൂരിപക്ഷം നേടും. തങ്ങള്‍ക്ക് സഹതാപത്തിന്റെ ആവശ്യമില്ലെന്നും കെ മുരളീധരന്‍ പറഞ്ഞു.

സഭയുമായി എല്ലാ കാലത്തും നല്ല ബന്ധമാണ്. സഭയക്ക് തങ്ങളോട് വിരോധം തോന്നേണ്ട സാഹചര്യമില്ല. രാഷ്ട്രീയ കാര്യങ്ങളില്‍ സഭ ഇടപെടാറില്ല. സഭയിലെ അംഗങ്ങള്‍ ഭൂരിപക്ഷവും കോണ്‍ഗ്രസിനെ സഹായിച്ചിട്ടുള്ളവരാണെന്നും മുരളീധരന്‍ പറഞ്ഞു. സഭയോട് എങ്ങനെ പെരുമാറണമെന്ന് രാജീവ് തങ്ങളെ പഠിപ്പിക്കേണ്ടെന്നും മുരളീധരന്‍ വ്യക്തമാക്കി.

കഴിഞ്ഞ ഒരു വര്‍ഷത്തെ വട്ടപ്പൂജ്യമായിട്ടുള്ള പിണറായി സര്‍ക്കാരിന്റെ ജനവിരുദ്ധ നയങ്ങള്‍ ചൂണ്ടിക്കാണിച്ചാണ് പ്രചാരണ പരിപാടികളുമായി മുന്നോട്ട് പോകുന്നത്. വികസനം ചര്‍ച്ച ചെയ്യണം. കെ റെയിലില്‍ മാത്രം ഒതുക്കരുത്. യുഡിഎഫ് സര്‍ക്കാരിന്റെ കാലത്തും എല്‍ഡിഎഫിന്റെ കാലത്തും നടന്ന എല്ലാ വികസനവും ചര്‍ച്ച ചെയ്യണം.

വിഡി സതീശന്‍ എല്ലാവരുമായും കൂടിയാലോചിച്ചാണ് പ്രവര്‍ത്തിക്കുന്നത്. സ്വന്തം ജില്ലയായതിനാല്‍ അദ്ദേഹത്തിന് കൂടുതല്‍ ഉത്തരവാദിത്തമുണ്ടെന്നും മുരളീധരന്‍ പറഞ്ഞു.