പ്രസാദിന്റേത് ആത്മഹത്യയല്ല, സര്‍ക്കാര്‍ സ്‌പോണ്‍സര്‍ ചെയ്ത കൊലപാതകം; വിമർശനവുമായി കെ കെ രമ

കുട്ടനാട്ടില്‍ കര്‍ഷകന്‍ ആത്മഹത്യ ചെയ്ത സംഭവത്തില്‍ സംസ്ഥാന സർക്കാരിനെതിരെ രൂക്ഷ വിമർശനവുമായി എംഎൽഎ കെ കെ രമ. പ്രസാദിന്റേത് ആത്മഹത്യയല്ല, സര്‍ക്കാര്‍ സ്‌പോണ്‍സര്‍ ചെയ്ത കൊലപാതകമാണെന്ന് കെ കെ രമ കുറിച്ചു.

ധൂര്‍ത്തും ആഘോഷങ്ങളും മാത്രമായി ഒരു സര്‍ക്കാര്‍ സംവിധാനം അധ:പ്പതിച്ചുകൊണ്ടിരിക്കുന്ന ദുരന്തകാലത്ത് വലിയ ജനകീയ പ്രക്ഷോഭങ്ങള്‍ ഉയര്‍ന്നുവരണം. സാധാരണക്കാരന്റെയും കര്‍ഷകന്റെയും കണ്ണീരില്‍ പണിയുന്ന പൊങ്ങച്ച ഗോപുരങ്ങള്‍ ഒരുനാള്‍ തകര്‍ന്നുവീഴുകതന്നെ ചെയ്യുമെന്ന് കെ കെ രമ ഫേസ്ബുക്കില്‍ കുറിച്ചു.

ഫെയ്സ്ബുക്ക് കുറിപ്പിന്റെ പൂർണരൂപം;

” തന്റെ തൊഴിലിടത്തിൽ വിജയിച്ചെങ്കിലും ജീവിതത്തിൽ താൻ പരാജയപ്പെട്ടുപോയി എന്ന് ഇടറുന്ന വാക്കുകളിലൂടെ പറഞ്ഞ് ഒരു കർഷകൻ കൂടെ ജീവിതം അവസാനിപ്പിച്ചിരിക്കുന്നു.
ആലപ്പുഴ ജില്ലയിലെ തകഴിയിലെ പ്രസാദിന്റേത് ആത്മഹത്യയല്ല, സർക്കാർ സ്പോൺസർ ചെയ്ത കൊലപാതകമാണ്. കേരളത്തിലെ കർഷകരോട് സർക്കാർ കാണിക്കുന്ന മാപ്പർഹിക്കാത്ത അവഗണനയുടെ അവസാനത്തെ ഇരയാണ് പ്രസാദ്. ഈ മരണത്തിന്റെ ഉത്തരവാദിത്തത്തിൽ നിന്നും തൊടുന്യായങ്ങൾ പറഞ്ഞു കൈകഴുകാൻ സർക്കാരിന് കഴിയില്ല. നെല്ലുസംഭരണത്തിലും കർഷകർക്ക് ആശ്വാസമാകുന്നതിലും സർക്കാർ സംവിധാനങ്ങൾ പരാജയപ്പെട്ടിരിക്കുന്നു. പലകോണുകളിൽ നിന്നും പലപ്പോഴായും ഇത്തരം പരാതികൾ ഉയർന്നപ്പോഴൊക്കെയും അത് കേൾക്കാൻ തയ്യാറാവാതെ, പരാതി ഉന്നയിച്ചവരെ പരിഹസിക്കാനും രാഷ്ട്രീയമായി ഒറ്റപ്പെടുത്താനുമാണ് സർക്കാർ ശ്രമിച്ചത്. ഇതിന്റെ പരിണിത ഫലമാണ് ഇപ്പോൾ ഒരു ജീവൻ നഷ്ടപ്പെടുന്ന സാഹചര്യം ഉണ്ടാക്കിയിരിക്കുന്നത്. നെല്ല് സംഭരണത്തിന് സർക്കാർ നൽകിയ വായ്പയുടെ ഇരയാണ് പ്രസാദ്.
മനുഷ്യൻ അനുഭവിക്കുന്ന ഇത്തരം ജീവൽ പ്രശ്നങ്ങളോട് മുഖം തിരിഞ്ഞു നിൽക്കുകയും, നവകേരള സദസും കേരളീയവും കൊണ്ടാടി വർണാഭമാണ് കേരളമെന്ന് പറയുന്നത് അപഹാസ്യമാണ്. ധൂർത്തും ആഘോഷങ്ങളും മാത്രമായി ഒരു സർക്കാർ സംവിധാനം അധ:പ്പതിച്ചുകൊണ്ടിരിക്കുന്ന ഈ ദുരന്തകാലത്തു വലിയ ജനകീയ പ്രക്ഷോഭങ്ങൾ ഉയർന്നുവരേണ്ടതുണ്ട്. സാധാരണക്കാരന്റെയും കർഷകന്റെയും കണ്ണീരിൽ പണിയുന്ന നിങ്ങളുടെ പൊങ്ങച്ച ഗോപുരങ്ങൾ ഒരുനാൾ തകർന്നുവീഴുകതന്നെ ചെയ്യും.
പ്രസാദിന്റെ ദാരുണമായ നിര്യാണത്തിൽ അദ്ദേഹത്തിന്റെ നാടിനും കുടുംബത്തിനുമുണ്ടായ തീരാവേദനയിൽ പങ്കുചേരുന്നു.
ആദരാഞ്ജലികൾ..
കെ.കെ.രമ ”

Read more

കുട്ടനാട്ടില്‍ തകഴി കുന്നുമ്മ അംബേദ്കര്‍ കോളനിയില്‍ താമസിക്കുന്ന കര്‍ഷകന്‍ കെ ജി പ്രസാദിനെയാണ് വിഷം കഴിച്ച് മരിച്ച നിലയില്‍ കണ്ടെത്തിയത്. ബിജെപി കര്‍ഷക സംഘടനയുടെ ഭാരവാഹി കൂടിയാണ് പ്രസാദ്. സര്‍ക്കാരിനെതിരെ ഗുരുതര ആരോപണങ്ങള്‍ ഉന്നയിക്കുന്ന കുറിപ്പ് എഴുതിവച്ച ശേഷമായിരുന്നു കര്‍ഷകന്റെ ആത്മഹത്യ.