ജൂനിയർ ഡോക്ടർമാർ നടത്തിവന്ന അനിശ്ചിതകാല സമരം ഒത്തുതീർപ്പായി

ഡോക്ടർമാരുടെ പെൻഷൻപ്രായം വർധിപ്പിക്കുന്നതിനെതിരേ സംസ്ഥാനത്തെ ജൂനിയർ ഡോക്ടർമാർ നടത്തിവന്ന അനിശ്ചിതകാല സമരം ഒത്തുതീർപ്പായി. ആരോഗ്യമന്ത്രി കെ.കെ ഷൈലജയുമായി നടത്തിയ ചർച്ചയിലാണ് ഡോക്ടർമാർ സമരം അവസാനിപ്പിക്കാൻ തീരുമാനിച്ചത്.

അത്യാഹിത വിഭാഗത്തിന്‍റേയും ലേബർ റൂമിന്‍റേയും ഐസിയുവിന്‍റേയും പ്രവർത്തനങ്ങളെ തടസപ്പെട്ടുത്താതെയായിരുന്നു ഡോക്ടർമാരുടെ സമരം. സർക്കാർ മെഡിക്കൽ കോളജുകളിലെ പിജി ഡോക്ടർമാരും ഹൗസ് സർജന്മാരും ഡെന്‍റൽ കോളജുകളിലെ വിദ്യാർഥികളുമാണ് സമരം നടത്തിയിരുന്നത്.

റിപ്പോർട്ട് ചെയ്യപ്പെടാത്ത തസ്തികകൾ കണ്ടെത്തി നിയമനം നടത്തുമെന്നും പിഎസ്‌സിയുമായി ചേർന്നു ഇതിനുവേണ്ട നടപടികൾ സ്വീകരിക്കുമെന്നും മന്ത്രി ഉറപ്പ് നൽകി. റാങ്ക് ലിസ്റ്റുണ്ടായിട്ടും നിയമനം നൽകിയില്ലെങ്കിൽ അടിയന്തര നടപടി സ്വീകരിക്കുമെന്നും സമരം നടത്തിയ ഡോക്ടർമാർക്കെതിരെ നടപടികൾ സ്വീകരിക്കില്ലെന്നും മന്ത്രി ഷൈലജ പറഞ്ഞു. ഡോക്ടർമാർക്കായി ആർദ്രം മിഷന്‍റെ ഭാഗമായി അടുത്ത വർഷം കൂടുതൽ തസ്തിക സൃഷ്ടിക്കുമെന്ന് ചർച്ചക്കുശേഷം ആരോഗ്യ മന്ത്രി പറഞ്ഞു.